മുഖംമിനുക്കി പുതിയ ഫോര്‍ഡ് ഫിഗോ പുറത്തിറങ്ങി. പെട്രോള്‍ പതിപ്പിന് 5.15 ലക്ഷം രൂപ മുതല്‍ 8.09 ലക്ഷം വരെയും ഡീസലിന്‌ 5.95 ലക്ഷം മുതല്‍ 7.74 ലക്ഷം വരെയുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. രൂപത്തിലും എന്‍ജിനിലും ചെറിയ ചില മാറ്റത്തോടെയാണ് പുതിയ ഫിഗോ എത്തിയത്. ആംബിയന്റ്, ടൈറ്റാനിയം, ടൈറ്റാനിയം ബ്ലു എന്നീ മൂന്ന് വേരിയന്റുകളില്‍ 2019 ഫിഗോ ലഭ്യമാകും. 

Ford Figo

നിലവിലുള്ള 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസലിനൊപ്പം പുതിയ 1.2 ലിറ്റര്‍ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എന്‍ജിനും പുതിയ ഫിഗോയിലുണ്ട്. 96 ബിഎച്ച്പി പവറും 120 എന്‍എം ടോര്‍ക്കമേകുന്നതാണ് പുതിയ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ 123 ബിഎച്ച്പി പവറും 150 എന്‍എം ടോര്‍ക്കും ലഭിക്കും. 100 ബിഎച്ച്പി പവറും 215 എന്‍എം ടോര്‍ക്കുമേകുന്നതാണ് 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍. 1.5 ലിറ്ററില്‍ മാത്രം 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ്, ബാക്കി രണ്ടിലും 5 സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍. 

Ford Figo

പുതുക്കിപ്പണിത ഗ്രില്‍, ഹെഡ്ലാമ്പ്, ഫോഗ് ലാമ്പിന് ചുറ്റുമുള്ള ക്രോം ട്രിം, പുതിയ ബംമ്പര്‍-റിയര്‍ ബംമ്പര്‍, ഏഴ് ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തോടെ പുതുക്കിപ്പണിത ഡാഷ്ബോര്‍ഡ്, ത്രീ സ്പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍ എന്നിവയാണ് 2019 ഫിഗോയുടെ പ്രത്യേകതകള്‍. ബ്ലാക്ക് ഗ്രില്‍, ഫോഗ് ലാമ്പിന് ചുറ്റും ബ്ലൂ ട്രിം, ഡ്യുവല്‍ ടോണ്‍ റൂഫ്, ബ്ലാക്ക് മിറര്‍, റിയര്‍ സ്‌പോയിലര്‍, 15 ഇഞ്ച് വീല്‍, ബ്ലൂ തീമിലുള്ള ഇന്റീരിയര്‍ എന്നിങ്ങനെ നീളും പുതുതായി ഉള്‍പ്പെടുത്തിയ ടൈറ്റാനിയം ബ്ലു വേരിയന്റിലെ പ്രത്യേകതകള്‍. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്ട്രിക് മിറര്‍, എന്‍ജിന്‍ സ്റ്റാര്‍ട്ട് സ്‌റ്റോപ്പ് ബട്ടണ്‍, റെയ്ന്‍ സെന്‍സിങ് വൈപ്പര്‍ എന്നിവയും ഉയര്‍ന്ന വേരിയന്റിലുണ്ട്‌. 

മികച്ച മൈലേജും പുതിയ ഫിഗോയില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 1.2 ലിറ്റര്‍ പെട്രോളില്‍ 20.4 കിലോമീറ്ററും 1.5 ലിറ്റര്‍ പെട്രോളില്‍ 16.3 കിലോമീറ്ററും ഡീസലില്‍ 25.5 കിലോമീറ്റര്‍ മൈലേജുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. പെട്രോളില്‍ 42 ലിറ്ററും ഡീസലില്‍ 40 ലിറ്ററുമാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി.

figo

3941 എംഎം നീളവും 1704 എംഎം വീതിയും 1525 എംഎം ഉയരവും 2490 എംഎം എംഎം വീല്‍ബേസുമാണ് വാഹനത്തിനുള്ളത്. എന്‍ജിനനുസരിച്ച് 1016-1078 കിലോഗ്രാം ഭാരവും ഫിഗോയ്ക്കുണ്ട്. സുരക്ഷയ്ക്കായി ഡ്രൈവര്‍ പാസഞ്ചര്‍ സൈഡ് എയര്‍ബാഗ്, എബിഎസ്, ഇബിഡി, പാര്‍ക്കിങ് സെന്‍സര്‍, റിയര്‍ വ്യൂ ക്യാമറ എന്നിവയും ഫിഗോയില്‍ നല്‍കിയിട്ടുണ്ട്‌. ഉയര്‍ന്ന വകഭേദത്തില്‍ സൈഡ്-കര്‍ട്ടണ്‍ എയര്‍ബാഗ് (ആകെ ആറ് എയര്‍ബാഗ്‌), ഇഎസ്പി, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ ലോഞ്ച് അസിസ്റ്റ് എന്നിങ്ങനെ നീളും സുരക്ഷാസംവിധാനം..

figo

Content Highlights; 2019 Ford Figo facelift launched in India