ന്ത്യന്‍ നിരത്തുകളില്‍ കരുത്ത് തെളിയിക്കാന്‍ ഫോര്‍ഡിന്റെ പുതിയ എന്‍ഡേവറും ഒരുങ്ങിക്കഴിഞ്ഞു. മുഖം മിനുക്കിയെത്തുന്ന എസ്‌യുവികളിലെ കരുത്തനായ എന്‍ഡേവര്‍ ഈമാസം അവസാനത്തോടെ നിരത്തുകളിലെത്തുമെന്നാണ് സൂചന.

ഇന്ത്യന്‍ നിരത്തിലെത്തുന്ന എല്ലാ പ്രീമിയം എസ്‌യുവികളുടെയും പ്രധാന എതിരാളികളിലൊന്നാണ് ഫോര്‍ഡിന്റെ എന്‍ഡേവര്‍. എതിരാളികളുടെ നിര ശക്തി പ്രാപിക്കുന്നത് കണക്കിലെടുത്താണ് എന്‍ഡേവറിലും മുഖം മിനുക്കല്‍ നടത്തിയിരിക്കുന്നത്. 

മെക്കാനിക്കലായി മാറ്റങ്ങളൊന്നും വരുത്താതെ പുറംമോടിയില്‍ നിറയെ മാറ്റങ്ങളുമായാണ് പുതിയ എന്‍ഡേവറിന്റെ പിറവി. എന്‍ഡേവറിന്റെ രണ്ടാംതലമുറ മോഡലാണ് നിലവില്‍ നിരത്തുകളിലുള്ളത്. 

പുതിയ ബമ്പര്‍, ക്രോം ആവരണമുള്ള ഗ്രില്ല്, പ്രൊജക്ഷന്‍ ഹെഡ്ലാമ്പ്, എല്‍ ഷേപ്പിലുള്ള ഡിആര്‍എല്‍, ഫോഗ് ലാമ്പിനെ കവര്‍ ചെയ്ത് സില്‍വര്‍ ഫിനീഷിങ്ങിലുള്ള സ്‌കേര്‍ട്ട് എന്നിവയാണ് മുന്‍ മോഡലില്‍ നിന്ന് പുതിയ വാഹനത്തില്‍ വരുത്തിയിട്ടുള്ള മാറ്റം.

ഇന്റീരിയറില്‍ കാര്യമായ മാറ്റം വരുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, നാവിഗേഷന്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ തുടങ്ങിയ സംവിധാനങ്ങളുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കീ ലെസ് എന്‍ട്രി, സ്റ്റാര്‍ട്ട് സ്റ്റോപ്പ് ബട്ടണ്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് എന്‍ഡേവര്‍ നിരത്തിലെത്തിയിരുന്നത്. 2.0 ലിറ്റര്‍, 3.2 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനുകളില്‍ തന്നെയാണ് ഈ രണ്ടാം വരവും. മലിനീകരണ നീയന്ത്രണത്തിനുള്ള ബിഎസ്-6 നിലവാരത്തിലാണ് എന്‍ജിന്‍ ഒരുക്കിയിട്ടുള്ളത്. 

ടൊയോട്ട ഫോര്‍ച്യൂണര്‍, ഇസുസു എംയു-എക്സ്, മഹീന്ദ്ര ഓള്‍ട്ടുറാസ് എന്നിവരോട് മത്സരിക്കുന്ന ഈ വാഹനത്തിന് 27 ലക്ഷം മുതല്‍ 34 ലക്ഷം രൂപ വരെയായിരിക്കും എക്‌സ്‌ഷോറും വിലയെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights: 2019 Ford Endeavour Will Launch End Of This Month