മൂന്ന് തലമുറകള്‍ പിന്നിട്ട പാരമ്പര്യത്തിന്റെ പകിട്ടോടെ നാലാം തലമുറ സുസുക്കി ജിംനി ജന്മനാടായ ജപ്പാനിലെത്തിക്കഴിഞ്ഞു. മാരുതിയെ കൂട്ടുപിടിച്ച് സുസുക്കിക്ക് ഏറെ സ്വാധീനമുള്ള ഇന്ത്യയാണ് ജിംനിയുടെ അടുത്ത ലക്ഷ്യം. ജിപ്സി എന്ന പേരില്‍ ഇന്ത്യന്‍ നിരത്തില്‍ വിലസിയ രണ്ടാം തലമുറ ജിംനിയുടെ പ്രതാപകാലം തിരിച്ചുപിടിക്കാന്‍ പുതിയ ജിംനി അധികം വൈകാതെ ഇവിടെക്കെത്തുമെന്നാണ് സൂചന. ജിംനി സ്റ്റാന്റേര്‍ഡ്, ജിംനി സിയേറ എന്നീ രണ്ട് വകഭേദങ്ങളുണ്ട് 2018 ജിംനിക്ക്. ജിംനി സ്റ്റാന്റേര്‍ഡിന് 1,458,000 ജാപ്പനീസ് യെന്നും (9,02,189 രൂപ) ജിംനി സിയേറയ്ക്ക് 1,857,6000 ജാപ്പനീസ് യെന്നുമാണ് (11,49,456 രൂപ) വിപണി വില.
സ്റ്റാന്റേര്ഡിനെക്കാള് അല്പം വലിപ്പവും ഫീച്ചേഴ്സും കൂടിയ മോഡലാണ് ജിംനി സിയേറ. ഇവ രണ്ടും XG, XL, XC എന്നീ മൂന്ന് വകഭേദങ്ങളില്‍ ലഭ്യമാകും. നിലവില്‍ ജപ്പാനിലെ കോസൈ നിര്‍മാണ കേന്ദ്രത്തില്‍ നിന്നും വര്‍ഷംതോറും 15,000 യൂണിറ്റ് ജിംനി സ്റ്റാന്റേര്‍ഡും 12,000 യൂണിറ്റ് ജിംനി സിയേറയും സുസുക്കി പുറത്തിറക്കും. ഇവ രണ്ടും ഇന്ത്യയിലെത്തുമോയെന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല.
നാല്പത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് പിറവിയെടുത്ത ജിംനിയുടെ നാലാം തലമുറയില്‍ നിരവധി മാറ്റങ്ങളുണ്ട്. പെര്‍ഫോമെന്‍സ് എസ്.യു.വികളില്‍ തലതൊട്ടപ്പന്മാരായ മെഴ്സിഡീസ് ബെന്‍സ് ജി വാഗണ്‍, ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ എന്നിവയുടെ ഡിസൈന്‍ ജിംനിയുടെ പല ഭാഗങ്ങളിലും ദൃശ്യമാകും. ബോക്സി സ്റ്റെലിലാണ് രൂപകല്പന. പരമ്പരാഗത രൂപം കാത്തുസൂക്ഷിച്ച് ത്രീ ഡോറിലാണ് പുതിയ ജിംനിയും. ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് എക്സ്റ്റീരിയര്‍. 5 സ്ലാറ്റ് ഗ്രില്‍, റൗണ്ട് ഹെഡ്ലൈറ്റ്, റൗണ്ട് ഇന്‍ഡികേറ്റര്‍ എന്നിവ അതുപോലെ നിലനിര്‍ത്തി. ഷോര്‍ട്ട് ബോണറ്റ് ഡിഫന്‍ഡറിന് സമാനമാണ്. 16 ഇഞ്ച് 5 സ്പോക്കാണ് അലോയി വീല്‍. പിന്‍ഭാഗത്ത് നല്കിയ സ്പെയര്‍ ടയര്‍, ബംമ്പറിലെ ടെയില്‍ ലൈറ്റ് എന്നിവ ജി വാഗണിനെ ഓര്‍മ്മപ്പെടുത്തും. അകത്തളം കൂടുതല്‍ പ്രീമിയം ലുക്ക് കൈവരിച്ചു. ത്രീ സ്പോക്കാണ് സ്റ്റിയറിങ് വീല്‍. ട്വിന്‍ ഡയര്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഏഴ് ഇഞ്ച് സെന്‍ട്രല്‍ ഇന്‍ഫോടെയ്മെന്റ് സിസ്റ്റം എന്നിവയും വാഹനത്തിലുണ്ട്.
3395 എംഎം നീളവും 1475 എംഎം വീതിയും 1725 എംഎം ഉയരവും 2250 എംഎം വീല്‍ബേസും 205 എംഎം ഗ്രൗണ്ട് ക്ലിയറന്‍സുമാണ് സ്റ്റാന്റേര്‍ഡ് ജിംനിക്കുള്ളത്. അതേസമയം ജിംനി സിയേറയ്ക്ക് 3550 എംഎം നീളവും 1645 എംഎം വീതിയും 1730 എംഎം ഉയരവും 2250 എംഎം വീല്‍ബേസും 210 എംഎം ഗ്രൗണ്ട് ക്ലിയറന്‍സുമുണ്ട്. 102 പിസ് പവറും 130 എന്‍എം ടോര്‍ക്കുമേകുന്ന പുതിയ K15B 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് പുതിയ ജിംനിക്ക് കരുത്തേകുക. 5 സ്പീഡ് മാനുവലും 4 സ്പീഡ് ഓട്ടോമാറ്റിക്കുമാണ് ട്രാന്സ്മിഷന്. ജംഗിള്‍ ഗ്രീന്‍, മീഡിയം ഗ്രേ, ബ്ലൂ ബ്ലാക്ക് പേള്‍, സില്‍ക്കി സില്‍വര്‍ മെറ്റാലിക്, വൈറ്റ്, പ്യുവര്‍ വൈറ്റ് പേള്‍, കൈനെറ്റിക് യെല്ലോ, ഷിഫോണ്‍ ഐവറി, ബ്ലൂ മെറ്റാലിക് എന്നീ നിറങ്ങളില്‍ 2018 ജിംനി സ്വന്തമാക്കാം. ഇന്ത്യയിലെത്തുമ്പോള്‍ ജിംനിയുടെ നിര്‍മാണവും ഇവിടെ തന്നെയായിരിക്കും.
Content Highlights; 2018 Suzuki Jimny launched in Japan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..