ലാന്‍ഡ് റോവറിന്റെ പുതിയ റേഞ്ച്‌റോവര്‍, സ്‌പോര്‍ട്ട് എന്നിവ ഇന്ത്യയിലേക്ക് വരികയാണ്. 1.74 കോടി രൂപ മുതലാണ് 2018 റേഞ്ച്‌റോവറിന്റെ എക്‌സ് ഷോറൂം വില. 99.48 ലക്ഷം രൂപ മുതലാണ് റേഞ്ച് റോവര്‍ സ്‌പോര്‍ട്ടിന്റെ വില. ബുക്കിങ് ആരംഭിച്ചതായി കമ്പനി അറിയിച്ചിട്ടുണ്ട്.
ഫെയ്‌സ് ലിഫ്റ്റില്‍ പ്രധാനമാറ്റം പുറം മോഡിയിലും അകത്തളത്തിലുമാണ്. പിക്‌സല്‍ ലേസര്‍ എല്‍.ഇ.ഡി. ഹെഡ്ലാമ്പുകള്‍ പുതിയ അറ്റ്ലസ് മെഷ് ഗ്രില്‍ ഡിസൈന്‍ എന്നിവയാണ് പ്രധാന മാറ്റങ്ങള്‍. മസാജ് ചെയ്യുന്ന സീറ്റുകള്‍, അതാണ് ഈ ആഡംബര എസ്.യു.വി.യുടെ മറ്റൊരു പ്രത്യേക.
ഹീറ്റഡ് സീറ്റുകളില്‍ മസാജ് പാര്‍ലറുകളില്‍ ലഭിക്കുന്ന ഹോട്ട് സ്റ്റോണ്‍ മസാജ് ഫങ്ഷനുണ്ട്. പിന്നിലെ സീറ്റുകള്‍ എക്‌സിക്യുട്ടീവ് ക്ലാസിലെ ഇരിപ്പാണ് പ്രദാനം ചെയ്യുക. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, 4 ജി വൈഫൈ ഹോട്ട് സ്‌പോട്ട് കണക്ടിവിറ്റി എന്നിങ്ങനെ സൗകര്യങ്ങള്‍ നീളുന്നു.
വെലാറില്‍ കണ്ട ടച്ച് പ്രോ ഡ്യുവോ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ഇവയിലേക്കും കമ്പനി കൊണ്ടുവന്നിട്ടുണ്ട്. സ്‌പോര്‍ട്ടിയായ ഗ്രില്‍, പുതുക്കിയ ബോണറ്റ് വെന്റുകള്‍, മാറിയ അലോയ് വീല്‍ എന്നിവ റേഞ്ച് റോവര്‍ സ്‌പോര്‍ട്ടിന്റെ ഡിസൈന്‍ വിശേഷങ്ങളില്‍ ഉള്‍പ്പെടും. പെട്രോള്‍, ഡീസല്‍ വകഭേദങ്ങളില്‍ വി 6, വി 8 എന്‍ജിന്‍ പതിപ്പുകള്‍ കമ്പനി ലഭ്യമാക്കുന്നുണ്ട്.
റേഞ്ച്‌റോവറിന്റെ ഡീസല്‍ മോഡലുകളില്‍ 255 ബി. എച്ച്.പി. കരുത്ത് നല്‍കുന്ന 3.0 ലിറ്റര്‍ വി 6 ടര്‍ബോ ചാര്‍ജ്ഡ് എന്‍ജിനും 355 ബി. എച്ച്.പി. കരുത്ത് പകരുന്ന 4.4 ലിറ്റര്‍ വി 8 ടര്‍ബ്ബോ ചാര്‍ജ്ഡ് എന്‍ജിനുമാണുണ്ടാവുക.
പെട്രോള്‍ പതിപ്പുകളില്‍ 3.0 ലിറ്റര്‍ വി 6, 5.0 ലിറ്റര്‍ വി 8 സൂപ്പര്‍ചാര്‍ജ്ഡ് എന്‍ജിനുകളായിരിക്കും. എട്ടു സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഇരു മോഡലുകളിലും. ഇന്ത്യയില്‍ ഔഡി ക്യു 7, ബി.എം.ഡബ്ല്യു. എക്‌സ് 5, ബെന്റ്ലി ബെന്റേഗ്, പോര്‍ഷ കയെന്‍ എന്നിവരാണ് പ്രധാന എതിരാളികള്‍.
Content Highlights; 2018 Range Rover And Range Rover Sport Coming Soon