സ്‌യുവി, എംപിവ വാഹന ശ്രേണിയില്‍ ഇന്ത്യയില്‍ ഏറ്റവും ദുര്‍ബലമായിട്ടുള്ള കമ്പനി മാരുതിയാണ്. കോംപാക്ട് എസ്‌യുവി ബ്രെസയും എംപിവിയില്‍ എര്‍ട്ടിഗയുമാണ് ആകെയുള്ള ആശ്വാസം. ഇതില്‍ എര്‍ട്ടിഗ കൂടുതല്‍ സൗകര്യത്തോടെ എത്തുമെന്ന് അറിയിച്ചിട്ട് അത് നീണ്ടുപോകുകയാണ്.

കഴിഞ്ഞ ഓഗസ്റ്റില്‍ എത്തുമെന്ന് ആദ്യം അറിയിച്ചെങ്കിലും പിന്നീട് അത് ഉത്സാവ സീസണിലേക്ക് നീട്ടുകയായിരുന്നു. എന്നാല്‍, അത് വീണ്ടും നീട്ടി നവംബറില്‍ പുതിയ എര്‍ട്ടിഗ നിരത്തുകളില്‍ എത്തുമെന്നാണ് കമ്പനി ഏറ്റവും ഒടുവില്‍ അറിയിച്ചിരിക്കുന്നത്. 

മാരുതിയുടെ പ്രീമിയം ഔട്ട്‌ലെറ്റ് ആയ നെക്‌സയിലൂടെയാണ് പുതിയ എര്‍ട്ടിഗ നിരത്തിലേക്ക് എത്തുന്നത്. വാഹനത്തിലെ സൗകര്യത്തിന് പുറമെ നിര്‍മാണം പരിമിതപ്പെടുത്തുകയും ചെയ്തതിനാലാണ് പ്രീമിയത്തിലേക്ക് മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഹെര്‍ടെക്ട് പ്ലാറ്റ്ഫോമിലാണ് പുതിയ എര്‍ട്ടിഗ നിര്‍മിച്ചിരിക്കുന്നത്. അടുത്തിടെ പുറത്തിറക്കിയ പുതിയ സിയാസില്‍ നല്‍കിയിരിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് പുതിയ എര്‍ട്ടിഗിയിലെ മറ്റൊരു പുതുമ. ഇത് 104 എച്ച്പി പവറും 138 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും.  

ഡീസല്‍ എന്‍ജിനില്‍ മാറ്റം വരുത്തിയിട്ടില്ല. പെട്രോള്‍ മോഡല്‍ നാല് സ്പീഡ് ഓട്ടോമാറ്റിക്കിലും  അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിലും പുറത്തിറക്കുന്നുണ്ട്. മികച്ച ഇന്ധന ക്ഷമതയാണ് പുതിയ എര്‍ട്ടിഗയുടെ മറ്റൊരു പ്രത്യേകത.