ള്‍ട്ടി പര്‍പ്പസ് വാഹന ഗണത്തില്‍ മാരുതിയുടെ പടയാളിയായ എര്‍ട്ടിഗയുടെ രണ്ടാം തലമുറ പതിപ്പ് നവംബര്‍ 21-ന് പുറത്തിറക്കുകയാണ്. ഇതിന് മുന്നോടിയായി 2018 എര്‍ട്ടിഗയുടെ അനൗദ്യോഗിക ബുക്കിങ് മാരുതി ഡീലര്‍ഷിപ്പുകള്‍ സ്വീകരിച്ചു തുടങ്ങി. എര്‍ട്ടിഗയ്ക്കും ഇന്നോവ ക്രിസ്റ്റയ്ക്കും ഇടയില്‍ അടുത്തിടെ പുറത്തിറങ്ങിയ മരാസോയാകും വിപണിയില്‍ പുതിയ എര്‍ട്ടിഗയുടെ പ്രധാന എതിരാളി. മുന്‍മോഡലില്‍ നിന്ന് നിരവധി മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടാണ് പുത്തന്‍ എര്‍ട്ടിഗ ഉപഭോക്താക്കളിലേക്കെത്തുന്നത്. 

മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്സയിലൂടെയാണ് പുതിയ എര്‍ട്ടിഗ നിരത്തിലെത്തുക. അതേസമയം, പഴയ എര്‍ട്ടിഗ ഉപേക്ഷിക്കാനൊന്നും ഉദ്ദേശ്യമില്ല. സാധാരണ മാരുതി സുസുക്കി ഡീലര്‍ഷിപ്പുകള്‍ വഴി അത് തുടരും. മുന്‍ മോഡലില്‍ നിന്ന് വലിപ്പം കൂടിയിട്ടുണ്ട് എന്നതാണ് എര്‍ട്ടിഗയ്ക്ക് സംഭവിച്ച പ്രധാന മാറ്റം. 4395 എംഎം നീളവും 1735 എംഎം വീതിയും 1690 എംഎം ഉയരവും നല്‍കിയിട്ടുണ്ടെങ്കിലും ഗ്രൗണ്ട് ക്ലീയറന്‍സ് 180 എംഎം ആയി കുറച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രോം ആവരണം നല്‍കിയിട്ടുള്ള ഹെക്സഗണല്‍ ഗ്രില്ലാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. ഇതിനൊപ്പം പ്രൊജക്ഷന്‍ ഹെഡ്ലാമ്പ്, രൂപമാറ്റം വരുത്തിയ ബമ്പര്‍, ക്ലാഡിങ്ങിന്റെ അകമ്പടി നല്‍കിയിട്ടുള്ള ഫോഗ്ലാമ്പ് എന്നിവയാണ് മുന്‍വശത്തെ ആകര്‍ഷകമാക്കുന്നത്. 

വശങ്ങള്‍ കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനായി ക്യാറക്ടര്‍ ലൈനുകള്‍ ക്രോം ഡോര്‍ ഹാന്‍ഡില്‍, ഇലക്ട്രിക് സൈഡ് മിറര്‍ എന്നിവയ്ക്കൊപ്പം കൂടുതല്‍ സ്‌റ്റൈലിഷായ മള്‍ട്ടി സ്പോക്ക് അലോയി വീലുകളും ഇതില്‍ നല്‍കിയിട്ടുണ്ട്. ഏറ്റവും വലിയ മാറ്റങ്ങള്‍ പ്രകടമാക്കുന്നത് പിന്‍വശത്താണ്. ആഡംബര വാഹനമായ വോള്‍വോയില്‍ നല്‍കിയിരിക്കുന്നതിന് സമാനമായ എല്‍ഇഡി ടെയില്‍ലാമ്പ് പുതുതായി ഡിസൈന്‍ ചെയ്ത ടെയില്‍ഗേറ്റ്, ബമ്പര്‍ എന്നിവയും എര്‍ട്ടിഗയെ കൂടുതല്‍ മനോഹരമാക്കുന്നു. 

സിയാസില്‍ കണ്ട 7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം പുതിയ എര്‍ട്ടിഗയിലേക്കും വരും. തുകലില്‍ പൊതിഞ്ഞ സ്റ്റിയറിങ് വീല്‍, പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് ഇന്റീരിയറില്‍ നല്‍കിയിരിക്കുന്ന പുതുമ. ഇരട്ട എയര്‍ബാഗുകള്‍, ഇലക്ട്രിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവ ആദ്യ സെഗ്മെന്റ് മോഡലുകളില്‍ വരെയുണ്ടാകും. 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനില്‍ മാറ്റം വരുത്തുന്നില്ല. എന്നാല്‍, 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും എര്‍ട്ടിഗയ്ക്കും മാരുതി സുസുക്കി നല്‍കുക. ഇത് 102 ബി. എച്ച്.പി. കരുത്തും 138 എന്‍.എം. ടോര്‍ക്കുമേകും. അഞ്ച് സ്പീഡ് മാനുവല്‍, ഒട്ടോമാറ്റിക് ഗിയര്‍ബോക്സും ഇതില്‍ നല്‍കും. 

Ertiga

Content Highlights; 2018 Maruti Ertiga Bookings Open At Dealership Level