മിഡ്‌സൈസ് സെഡാന്‍ സിയാസിന്റെ പരിഷ്‌കരിച്ച പുതിയ പതിപ്പ് മാരുതി സുസുക്കി പുറത്തിറക്കി. 8.19 ലക്ഷം രൂപ മുതല്‍ 10.97 ലക്ഷം രൂപ വരെയാണ് 2018 സിയാസിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. പെട്രോള്‍-ഡീസല്‍ എന്‍ജിനില്‍ നാല് വകഭേദങ്ങളുണ്ട് പുതിയ സിയാസിന് (സിഗ്മ, ഡെല്‍റ്റ, സീറ്റ, ആല്‍ഫ). ഹോണ്ട സിറ്റി, ഹ്യുണ്ടായി വെര്‍ണ, ടൊയോട്ട യാരിസ് എന്നിവയോട് എറ്റുമുട്ടാന്‍ രൂപത്തിലും ഫീച്ചേഴ്‌സിലും സിയാസില്‍ അല്‍പം മാറ്റമുണ്ട്. 

പുതിയ റേഡിയേറ്റര്‍ ഗ്രില്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റോടുകൂടിയ എല്‍ഇഡി ഹെഡ്‌ലാമ്പ്, പരിഷ്‌കരിച്ച ബംമ്പര്‍, പുതിയ ഡിസൈനിലുള്ള അലോയി വീല്‍, എല്‍ഇഡി റിയര്‍ കോംമ്പിനേഷന്‍ ലാമ്പ് എന്നിവയാണ് പുറംമോടിയിലെ പ്രധാന മാറ്റങ്ങള്‍. നെക്‌സ ബ്ലൂ, പേള്‍ സാഗ്രിയ റെഡ്, പോള്‍ മിഡ്‌നൈറ്റ് ബ്ലാക്ക്, മെറ്റാലിക് മാഗ്മ ഗ്രേ, മെറ്റാലിക് പ്രീമിയം സില്‍വര്‍, പേള്‍ മെറ്റാലിക് ഡിക്‌നിറ്റി ബ്രൗണ്‍, പേള്‍ സ്‌നോ വെറ്റ് എന്നീ ഏഴ് നിറങ്ങളില്‍ വാഹനം സ്വന്തമാക്കാം. 

ബീജ് നിറത്തില്‍ പൊതിഞ്ഞാണ് ഇന്റീരിയര്‍. 7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പില്‍ കാര്‍ പ്ലേ കണക്റ്റിവിറ്റിയുണ്ട്. നാവിഗേഷന്‍, ബ്ലൂടൂത്ത്, വോയ്സ് കമന്റ്‌സ് സൗകര്യവും സിസ്റ്റത്തില്‍ ലഭ്യമാണ്. മുന്‍മോഡിലിന് സമാനമായി 4490 എംഎം നീളവും 1730 എംഎം വീതിയും 1485 എംഎം ഉയരവും 2650 എംഎം വീല്‍ബേസുമാണ് വാഹനത്തിനുള്ളത്. 

പഴയ 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിന് പകരം കൂടുതല്‍ പവര്‍ നല്‍കുന്ന 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ K15B  എന്‍ജിനാണ് പെട്രോള്‍ പതിപ്പിലുള്ളത്. കൂടുതല്‍ ഇന്ധനക്ഷമത നല്‍കുന്ന SHVS മില്‍ഡ് ഹൈബ്രിഡ് സംവിധാനവും ഇതിലുണ്ട്. 103 ബിഎച്ച്പി പവറും 138 എന്‍എം ടോര്‍ക്കുമേകും പെട്രോള്‍ എന്‍ജിന്‍. 5 സ്പീഡ് മാനുവല്‍/4 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. ഡീസലില്‍ 1.3 ലിറ്റര്‍ SHVS എന്‍ജിന്‍ തുടരും. 89 ബിഎച്ച്പി പവറും 200 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 5 സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍.

Ciaz

പെട്രോള്‍ മാനുവല്‍ പതിപ്പില്‍ 21.56 കിലോമീറ്റര്‍ ഇന്ധനക്ഷമത കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. രാജ്യത്തെ ഏറ്റവും കൂടുതല്‍ മൈലേജുള്ള പെട്രോള്‍ സെഡാന്‍ എന്ന ഖ്യാതിയും ഇതോടെ സിയാസ് നിലനിര്‍ത്തി. പഴയ സിയാസ് 20.28 കിലോമീറ്റര്‍ (മാനുവല്‍), 19.12 കിലോമീറ്റര്‍ (ഓട്ടോമാറ്റിക്) മൈലേജാണ് വാഗ്ദാനം ചെയ്തിരുന്നത്. പുതിയ പെട്രോള്‍ ഓട്ടോമാറ്റിക്കില്‍ 20.28 കിലോമീറ്റര്‍ ഇന്ധനക്ഷമതയും ലഭിക്കും. സുരക്ഷയ്ക്കായി ടേപ് സ്‌പെക്കില്‍ ആറ് എയര്‍ബാഗാണുള്ളത്. മറ്റു വേരിയന്റുകളില്‍ സ്റ്റാന്റേര്‍ഡായി രണ്ട് എയര്‍ബാഗുണ്ട്. സ്പീഡ് അലേര്‍ട്ട്, സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍, എബിഎസ്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ എന്നിവയും സ്റ്റാന്റേഡായി ഉള്‍പ്പെടുത്തി. 

Ciaz

Content Highlights; 2018 Maruti Ciaz Facelift Launched In India