എസ്.എക്‌സ്. ഫോര്‍ എന്ന സെഡാന്‍ മാരുതി സുസുക്കിയുടെ തുറുപ്പ്ശീട്ടായിരുന്നു. കരുത്തും സൗന്ദര്യവും തികഞ്ഞ സെഡാന്‍ എന്നായിരുന്നു എസ്. എക്‌സ്. ഫോറിനെക്കുറിച്ച് മാരുതി പറഞ്ഞിരുന്നത്. അവര്‍ പറയുന്നതു പോലെയായിരുന്നു അവസ്ഥയും. എന്നാല്‍ വിപണിയില്‍ തിളങ്ങാന്‍ കഴിഞ്ഞില്ല. തുടര്‍ന്നായിരുന്നു സിയാസ് വരുന്നത്. 2014 ലാണ് സിയാസ് പുറത്തിറങ്ങുന്നത്. തുടര്‍ന്ന് ഇതില്‍ വന്‍ അഴിച്ചു പണിക്കൊന്നും മാരുതി മുതിര്‍ന്നിട്ടില്ല. അതിന് പരിഹാരമായാണ് വന്‍ മാറ്റങ്ങളുമായി പുതിയ സിയാസ് വരുന്നത്. ഓഗസ്റ്റോടെ പുതിയ സിയാസ് എത്തുമെന്നാണ് അനൗദ്യോഗിക വിവരം. ഹോണ്ട സിറ്റി, ഹ്യുണ്ടായ് വെര്‍ണ, ഇപ്പോള്‍ ഇറങ്ങിയ ടൊയോട്ട യാരിസ് എന്നിവരാണ് സിയാസിന്റെ എതിരാളികള്‍.

New Maruti Suzuki Ciaz

ചെറിയ മിനുക്കുപണികളില്‍ മാത്രമായി ഒതുങ്ങില്ല സിയാസിന്റെ മാറ്റമെന്നാണ് അറിയുന്നത്. കരുത്തുറ്റ പുതിയ പെട്രോള്‍ എന്‍ജിന്‍ സിയാസ് ഫേസ്‌ലിഫ്റ്റിലുണ്ടെന്നാണ് വിവരം. മാരുതി സുസൂക്കി വികസിപ്പിച്ച ഏറ്റവും പുതിയ കെ.15 ബി. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും പുതിയ സിയാസിലുണ്ടാവുക. 103 ബി.എച്ച്.പി. കരുത്തും പരമാവധി 138 എന്‍.എം. ടോര്‍ക്കും സൃഷ്ടിക്കാനിതിന് കഴിയും. ഇന്ത്യയില്‍ വരാനിരിക്കുന്ന പുതുതലമുറ എര്‍ട്ടിഗയിലും ഇതേ എന്‍ജിനായിരിക്കും മാരുതി പരീക്ഷിക്കുക. ഇപ്പോള്‍ ഇവ രണ്ടിലും 1.4 ലിറ്റര്‍ എന്‍ജിനാണുള്ളത്. 

New Maruti Suzuki Ciaz

കമ്പനി പരീക്ഷിച്ച് വിജയിച്ച 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഇതിലും തുടരും. ഫിയറ്റിന്റെ ഈ എന്‍ജിന്‍ 89 ബി.എച്ച്.പി. കരുത്തും 200 എന്‍. എം. ടോര്‍ക്കുമാണ് നല്‍കുക. പുറംമോടിയിലും അകത്തും ഒട്ടേറെ മാറ്റങ്ങളുണ്ടാവും. ബമ്പറും ഗ്രില്ലും പരിഷ്‌കരിച്ചിട്ടുണ്ടെന്നാണ് ചിത്രങ്ങളില്‍ കാണുന്നത്. പുത്തന്‍ ഡിസൈനിലുള്ള 16 ഇഞ്ച് അലോയ് വീലുകളാവും. സിയാസിന്റെ ഉയര്‍ന്ന വകഭേദങ്ങളില്‍ സണ്‍റൂഫും കണ്ടേക്കാം. ഇപ്പോള്‍ എട്ടു ലക്ഷം രൂപ മുതല്‍ 12 ലക്ഷം രൂപ വരെയാണ് സിയാസിന്റെ എക്‌സ്ഷോറൂം വില. പുതിയ മോഡലിന് വിലയേറുമെന്നാണ് കരുതുന്നത്. 

New Maruti Suzuki Ciaz

Content Highlights; 2018 Maruti Ciaz Facelift Coming Soon