ടാറ്റ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കളായ ലാന്‍ഡ് റോവര്‍ പുതിയ ഡിസ്‌കവറി സ്‌പോര്‍ട്ട് ഇന്ത്യയില്‍ പുറത്തിറക്കി. നാല് വകഭേദങ്ങളില്‍ അവതരിച്ച ഡിസ്‌കവറി സ്‌പോര്‍ട്ടിന് 42.48 ലക്ഷം രൂപയാണ് പ്രാരംഭ വില. രൂപത്തില്‍ കാര്യമായ മാറ്റങ്ങള്‍ക്കൊന്നും മുതിരാതെയാണ് പുതിയ അതിഥിയുടെ വരവ്. 

ബേസ് വേരിയന്റ് സ്‌പോര്‍ട്ട് 5 സീറ്ററാണ്. ബാക്കി മൂന്നും 7 സീറ്ററും (5+2). മുന്‍മോഡലിനെ അപേക്ഷിച്ച് പുതുതായി വൈ-ഫൈ ഹോട്ട് സ്‌പോട്ട്, പ്രോ സര്‍വീസസ് സംവിധാനം വാഹനത്തിലുണ്ട്. ഒരു സിം കാര്‍ഡ് ഉപയോഗിച്ചുള്ള 4G ഹോട്ട് സ്‌പോട്ട് 8 ഡിവൈസുകളില്‍ കണക്ട് ചെയ്യാം. കൃത്യമായ റൂട്ട് മനസിലാക്കാന്‍ സഹായിക്കുന്ന റൂട്ട് പ്ലാനര്‍ ആപ്പ് സഹിതം പ്രോ സര്‍വീസസ് വഴി ഇന്‍ഫോടെയ്ന്‍മെന്റില്‍ കൂടുതല്‍ സൗകര്യം ലഭിക്കും. 

ടെറൈന്‍ റസ്‌പോണ്‍സ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, റോള്‍ സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ഡൈനാമിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ട്രെയിലര്‍ സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവ സ്റ്റാന്റേര്‍ഡ് ഫീച്ചറായി വാഹനത്തിലുണ്ട്. ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റ്, റെയില്‍ സെന്‍സറിങ് വൈപ്പര്‍, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍, 2 സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ നൂതന സംവിധാനങ്ങളും പുതിയ സ്‌പോര്‍ട്ടിലുണ്ട്. 

2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനില്‍ മാത്രമാണ് വാഹനം ലഭ്യമാകുക. 4000 ആര്‍പിഎമ്മില്‍ 148 ബിഎച്ച്പി പവറും 1750-2250 ആര്‍പിഎമ്മില്‍ 382 എന്‍എം ടോര്‍ക്കുമേകും എന്‍ജിന്‍. ടേപ് വേരിയന്റായ HSE ലക്ഷ്വറിക്ക് കരുത്ത് അല്‍പം കൂടും. 4000 ആര്‍പിഎമ്മില്‍ 177 ബിഎച്ച്പി പവറും 1750-2500 ആര്‍പിഎമ്മില്‍ 430 എന്‍എം ടോര്‍ക്കും ഇതില്‍ ലഭിക്കും. 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് നാല് വീലിലേക്കും ഒരുപോലെ പവര്‍ എത്തിക്കുക. 

Content Higlights; 2018 Land Rover Discovery Sport launched In India