ഹീന്ദ്രയുടെ ഫ്‌ളാഗ്ഷിപ്പ് സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി മോഡലായ XUV 500-ന് പുതിയ W9 വേരിയന്റ് പുറത്തിറക്കി. ഡീസല്‍ എന്‍ജിനില്‍ മാനുവല്‍, ഓട്ടോമാറ്റിക് പതിപ്പില്‍ XUV 500 W9 ലഭ്യമാകും. 15.45 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില (മാനുവല്‍). ഇതിന്റെ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ പതിപ്പിന് 16.53 ലക്ഷം രൂപ നല്‍കണം. ടോപ് സ്‌പെക്ക് W10 വേരിയന്റിന് തൊട്ടുതാഴെയാണ് പുതിയ പതിപ്പിനുള്ള സ്ഥാനം. എസ്.യു.വി ശ്രേണിയില്‍ അടുത്തിടെ വിപണിയിലെത്തി മികച്ച വിജയം തുടരുന്ന ജീപ്പ് കോംമ്പസാണ് എക്‌സ്.യു.വിയുടെ മുഖ്യഎതിരാളി. 

ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇലക്ട്രിക് സണ്‍റൂഫ്, കീലെസ് എന്‍ട്രി എന്നിവയാണ് പുതിയ വേരിയന്റിലെ പ്രത്യേകതകള്‍. ടച്ച് സ്‌ക്രീനില്‍ എമര്‍ജന്‍സി കോളിനുള്ള സൗകര്യവുമുണ്ട്. ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്-ഇബിഡി, ഇഎസ്പി, റോള്‍ഓവര്‍ മിറ്റിഗേഷന്‍ എന്നിവ സുരക്ഷ ഉറപ്പാക്കും. 

ബോണറ്റിനടിയില്‍ 2179 സിസി എംഹൗക്ക് 140 ഡീസല്‍ എന്‍ജിനാണ്. 3750 ആര്‍പിഎമ്മില്‍ 140 ബിഎച്ച്പി പവറും 1600-2800 ആര്‍പിഎമ്മില്‍ 330 എന്‍എം ടോര്‍ക്കും എന്‍ജിന്‍ നല്‍കും. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍ ചുമതല നിര്‍വഹിക്കുക. ടോപ് വേരിയന്റിലുള്ള ഓപ്ഷണല്‍ ആള്‍ വീല്‍ ഡ്രൈവ് സംവിധാനം, ലോഗോ പ്രൊജക്ഷന്‍ ലാംമ്പ്, കണക്റ്റഡ് ആപ്പ്, ബ്രേക്ക് എന്‍ര്‍ജി റീജനറേഷന്‍ എന്നിവ w9-ല്‍ ഇല്ല.