ഏറെനാള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അടുമുടി പുതിയ രൂപത്തില്‍ മുഖംമിനുക്കിയ സ്‌കോര്‍പിയോ മഹീന്ദ്ര പുറത്തിറക്കി. 9.97 ലക്ഷം രൂപയാണ് പുത്തന്‍ സ്‌കോര്‍പിയോയുടെ എക്‌സ്‌ഷോറൂം പ്രാരംഭ വില. S3, S5, S7, S11 എന്നീ നാല് വകഭേദങ്ങളിലാണ് വാഹനം അവതരിപ്പിച്ചത്. ഇതില്‍ ഏറ്റവും ഉയര്‍ന്ന ഫോര്‍വീല്‍ ഡ്രൈവ് S11 പതിപ്പിന്റെ വില 16.01 ലക്ഷം രൂപയിലെത്തും. രണ്ടു ഡീസല്‍ എന്‍ജിനുകളില്‍ മൂന്ന് വ്യത്യസ്ത എന്‍ജിന്‍ ട്യൂണില്‍ ഏഴ്, എട്ട്, ഒമ്പത് സീറ്റുകളില്‍ 2017 സ്‌കോര്‍പിയോ സ്വന്തമാക്കാം.
പേരിന് മാത്രമുള്ള പതിവ് മുഖംമിനുക്കിലിന് പകരം ഇത്തവണ ബോണറ്റിനടിയില്‍ കൂടുതല്‍ ശക്തിയുമായാണ് സ്‌കോര്‍പിയോയുടെ വരവ്. 20 ബിഎച്ച്പിയോളം അധിക കരുത്തേകും എന്‍ജിന്‍. പുതിയ 7 സ്ലേറ്റ് ഗ്രില്ലിനൊപ്പം ബമ്പറും ചെറുതായി മാറ്റിപ്പണിതു. ഗ്രില്ലിന്റെ രൂപം ഏകദേശം ജീപ്പിന്റെ ഗ്രില്ലിനെ അനുസ്മരിപ്പിക്കുന്ന വിധമാക്കിയിട്ടുണ്ട്. പുതിയ ഡിസൈനിലുള്ള 5 സ്പേക്ക് അലോയി വീല്‍, ഇന്റഗ്രേറ്റഡ് ടേണ്‍ ഇന്‍ഡികേറ്റര്‍, സൈഡ് പ്ലാസ്റ്റിക്ക് ക്ലാഡിങ്, റൂഫ് റെയില്‍സ്, പിന്നില്‍ പുതിയ ടെയില്‍ഗേറ്റ് എന്നിവയാണ് വാഹനത്തിലെ പ്രധാന മാറ്റങ്ങള്‍.
ബേസ് മോഡലായ S3-യില്‍ 2523 സിസി ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ 3200 ആര്‍പിഎമ്മില്‍ 75 ബിഎച്ച്പി പവറും 1400-2200 ആര്‍പിഎമ്മില്‍ 200 എന്‍എം ടോര്‍ക്കുമേകും. S5, S7 എന്നിവയില്‍ 2.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ 4000 ആര്‍പിഎമ്മില്‍ 120 ബിഎച്ച്പി പവറും 1800-2800 ആര്‍പിഎമ്മില്‍ 280 എന്‍എം ടോര്‍ക്കും നല്‍കും. 3750 ആര്‍പിഎമ്മില്‍ 140 ബിഎച്ച്പി പവറും 1500-2800 ആര്‍പിഎമ്മില്‍ 320 എന്‍എം ടോര്‍ക്കുമേകുന്ന 2.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് ടോപ് സ്‌പെക്ക് S 11-ന് കരുത്തേകുക. S3, S5, S7 (120 ബിഎച്ച്പി) എന്നിവയില്‍ 5 സ്പീഡ് മനുവലാണ് ഗിയര്‍ബോക്‌സ്. S7 (140 ബിഎച്ച്പി), S11 പതിപ്പുകളില്‍ പുതിയ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ ചുമതല നിര്‍വഹിക്കുക.
അകത്തളത്തില്‍ ഡാഷ്‌ബോഡും മറ്റും മുന്‍മോഡലുമായി ഏറെ സാമ്യം പുലര്‍ത്തും. 6 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് അകത്തെ പ്രധാന ആകര്‍ഷണം. ആന്റി ലോക്കിങ് ബ്രേക്കിങ് സിസ്റ്റം, ഡ്രൈവര്‍-പാസഞ്ചര്‍ സൈഡ് എയര്‍ബാഗ് എന്നിവ ഉയര്‍ന്ന 3 വകഭേദങ്ങളിലുണ്ടാകും. ക്രൂയിസ് കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിങ് ക്യാമറ, പാര്‍ക്കിങ് സെന്‍സര്‍, ടയര്‍ പ്രെഷര്‍ മോണിറ്ററിങ്, റെയിന്‍ ആന്‍ഡ് ലൈറ്റ് സെന്‍സര്‍, വോയിസ് അസിസ്റ്റ് എന്നീ നൂതന സംവിധാനങ്ങള്‍ പുതിയ സ്‌കോര്‍പിയോയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
Content Highlights: Mahindra Scorpio Facelift, New Scorpio, 2017 Scorpio, Mahindra Scorpio, Scorpio Facelift, Scorpio