മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി ശ്രേണിയില്‍ സ്‌കോര്‍പിയോ അഡ്വേഞ്ചര്‍ എഡിഷന്‍ പുതിയ രൂപത്തില്‍ പുറത്തിറക്കി. 4X2, 4X4 വകഭേദങ്ങളില്‍ 2017 ലിമിറ്റഡ് എഡിഷന്‍ സ്‌കോര്‍പിയോ ലഭ്യമാകും. 13.1 ലക്ഷം രൂപ മുതല്‍ 14.2 ലക്ഷം വരെയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. മുന്‍ മോഡലിനെ അപേക്ഷിച്ച് രൂപത്തിലും മറ്റും ചെറിയ മാറ്റങ്ങള്‍ മാത്രമാണ് പുതിയ അഡേഞ്ച്വര്‍ എഡിഷനുള്ളത്.
പുതിയ ഗണ്‍-മെറ്റല്‍ അലോയി വീലാണ് പുറം മോഡിയിലെ പ്രധാന മാറ്റം. പുതിയ ടെയില്‍ലാമ്പ് ഡിസൈനും ഇരുവശങ്ങളിലെ അഡേഞ്ച്വര്‍ ഗ്രാഫിക്‌സും ഇന്‍ഡിക്കേറ്റര്‍ ലൈറ്റ് ഉള്‍പ്പെട്ട മിററും ലെതര്‍ സീറ്റുകളും സ്‌പോര്‍ട്ടി ലുക്ക് നല്‍കും. മിസ്റ്റ് സില്‍വര്‍, വൈറ്റ് ഡ്യുവല്‍ ടോണ്‍ എക്‌സറ്റീരിയര്‍ നിറങ്ങളിലാണ് വാഹനം നിരത്തിലെത്തിയത്. ഉയര്‍ന്ന വകഭേദമായ S10 മോഡലിന്റെ അടിസ്ഥാനത്തിലാണ് ലിമിറ്റഡ് അഡ്വേഞ്ചര്‍ എഡിഷന്‍ പുറത്തിറങ്ങുന്നത്.
ഡാഷ്‌ബോര്‍ഡിലെ അഡ്വേഞ്ചര്‍ ബാഡ്ജിനൊപ്പം 6 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ AVN ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് അകത്തളത്തെ മുഖ്യ ആകര്‍ഷണം. സുരക്ഷ വര്‍ധിപ്പിക്കാന്‍ ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ് എന്നിവ ഉള്‍പ്പെടുത്തി. റിവേര്‍സ് ക്യാമറയും വാഹനത്തിലുണ്ട്. മെക്കാനിക്കല്‍ ഫീച്ചേര്‍സില്‍ മാറ്റമില്ല. ഇന്റലി-ഹൈബ്രിഡ് ടെക്‌നോളജിക്കൊപ്പം 2.2. ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ mHawk ഡീസല്‍ എഞ്ചിന്‍ 120 ബിഎച്ച്പി കരുത്തും 280 എന്‍എം ടോര്‍ക്കുമേകും.