ഹോണ്ട വാഹനങ്ങളുടെ വലിയൊരു നിരയാണ് ഇന്ത്യയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഏറ്റവുമൊടുവിലെത്തിയ സിവികിന് പിന്നാലെ ലക്ഷ്വറി സെഡാന്‍ അക്കോര്‍ഡിന്റെ പത്താം തലമുറ മോഡലിനെ ഇന്ത്യന്‍ നിരത്തിലെത്തിക്കാനുള്ള നീക്കത്തിലാണ് ഹോണ്ട.

2018 മുതല്‍ വിദേശ നിരത്തുകളില്‍ സജീവ സാന്നിധ്യമാണ് അക്കോര്‍ഡിന്റെ ഈ പതിപ്പ്. ഇന്ത്യന്‍ വിപണിയില്‍ ഹോണ്ട കാറുകളുടെ നിര വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഹോണ്ടയുടെ ആഡംബര വാഹനമായ അക്കോര്‍ഡിനെയും ഇങ്ങോട്ടെത്തിക്കുന്നത്. 

ഇപ്പോള്‍ ഇന്ത്യയിലുള്ള അക്കോര്‍ഡിനെക്കാളും വലിപ്പത്തിലാണ് പുതിയ മോഡല്‍ എത്തുന്നത്. വീതിയുള്ള ക്രോമിയം ഫിനീഷ് ഗ്രില്‍, ഫുല്‍ എല്‍ഇഡി ഹെഡ്ലൈറ്റ് എന്നിവയാണ് മുന്‍ഭാഗത്തെ മാറ്റം. ഊര്‍ന്നിറങ്ങിയ പിന്‍ഭാഗം ചെറിയ കൂപ്പെ സ്‌റ്റൈല്‍ രൂപം വാഹനത്തിന് നല്‍കുന്നുണ്ട്. 

Honda Accord

അക്കോര്‍ഡിന് ആഡംബര വാഹനം എന്ന ഖ്യാതി നല്‍കിയത് ഇതിലെ ഇന്റീരിയറാണ്. ഒമ്പതാം തലമുറ മോഡലിലെ ഫീച്ചറുകള്‍ക്കൊപ്പം എട്ടിഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്മെന്റ് സിസ്റ്റം അകത്തളത്ത് സ്ഥാനം പിടിച്ചു. വീല്‍ ബേസ് വര്‍ധിച്ചതോടെ പിന്‍ സീറ്റ് യാത്രക്കാര്‍ക്കുള്ള ലെഗ്റൂമും കൂടിയിട്ടുണ്ട്.

1.5 ലിറ്റര്‍, 2.0 ലിറ്റര്‍ എന്നീ രണ്ട് പെട്രോള്‍ എന്‍ജിനുകളിലാണ് അക്കോര്‍ഡ് എത്തുന്നത്. 1.5 ലിറ്റര്‍ എന്‍ജിന്‍ 190 പിഎസ് പവറും 243 എന്‍എം ടോര്‍ക്കും, 2.0 ലിറ്റര്‍ എന്‍ജിന്‍ 215 പിഎസ് കരുത്തുമാണ് ഉത്പാദിപ്പിക്കുന്നത്. 2.0 ലിറ്റര്‍ എന്‍ജിനിലാണ് ഹൈബ്രിഡ് സാങ്കേതികവിദ്യ ഒരുക്കുന്നത്. സിവിടി, 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സില്‍ വാഹനം ലഭ്യമാകും. 

HondaAccord

യാത്രികര്‍ക്ക് അധിക സുരക്ഷ ഉറപ്പാക്കാന്‍ കൊളിഷന്‍ മിറ്റിഗേഷന്‍ ബ്രേക്കിങ്, ലാന്‍ ആന്‍ഡ് റോഡ് ഡിപാര്‍ച്ച്വര്‍ വാര്‍ണിങ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ബ്ലൈന്റ് സ്പോര്‍ട്ട് ഇന്‍ഫര്‍മേഷന്‍, പാര്‍ക്കിങ് സെന്‍സേര്‍സ്, ക്രോസ് ട്രാഫിക് മോണിറ്റര്‍ എന്നിവ പത്താം തലമുറയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

2020-ഓടെ മാത്രം ഇന്ത്യന്‍ നിരത്തുകളില്‍ എത്തുന്ന ഈ വാഹനത്തിന് 45 ലക്ഷം രൂപയോളം വിലയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടൊയോട്ട കാംറിയാണ് അക്കോര്‍ഡിന്റെ മുഖ്യഎതിരാളി.

Content Highlights: 10th Generation Honda Accord Coming To India