രു നൂറ്റാണ്ട് മുമ്പെ, 1920-ല്‍, ഇംഗ്ലണ്ടിലെ എസ്സെക്‌സിന്റെ ഗ്രാമാന്തരീക്ഷത്തിലാണ് ഹരോള്‍ഡ് ബാഗട്ട് പിറന്നുവീണത്. നമ്മുടെ നാടന്‍ഭാഷയില്‍ പറഞ്ഞാല്‍ പത്താം വയസ്സിലാണ് ബാഗട്ട് വളയത്തില്‍ കൈവെക്കുന്നത്. പാല്‍വില്‍പ്പനക്കാരന്‍ കൂടിയായ അച്ഛന്റെ പാല്‍വണ്ടി ഫോര്‍ഡ് മോട്ടോര്‍ കമ്പനിയുടെ ഒരു മോഡല്‍ ടി ആയിരുന്നു. പത്തുവയസ്സുള്ളപ്പോള്‍ ആ വണ്ടി ഹരോള്‍ഡ് സ്വന്തം പറമ്പിലൂടെ ഓടിച്ചാണ് ഡ്രൈവിങ്ങ് പഠിച്ചത്. 1936-ല്‍, വാഹനമോടിക്കാന്‍ ഡ്രൈവിങ്ങ് ലൈസന്‍സ് വേണമെന്ന നിയമം വന്ന ഉടന്‍ തന്നെ അദ്ദേഹം പോയി ഒരു ലൈസന്‍സ് സമ്പാദിച്ചു, പിന്നാലെ അടുത്ത വര്‍ഷം 100 പൗണ്ട് മുടക്കി അന്നത്തെ ജനപ്രിയ മോഡലായ ഫോര്‍ഡ് 8 പോപുലറും വാങ്ങി. 

ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അടുത്ത വണ്ടി ഫോര്‍ഡിന്റെ തന്നെ പുതിയ മോഡലായ ആംഗ്ലിയയാക്കി. അങ്ങനെ തുടര്‍ന്നുള്ള ഏഴ് പതിറ്റാണ്ടുകളില്‍ ബാഗട്ടിന്റെ കുടുംബത്തില്‍ 20 ഫോര്‍ഡിന്റെ വ്യത്യസ്തമോഡലുകള്‍ എത്തിപ്പെട്ടു. ക്ഷീരകര്‍ഷകന്റെ മകനായി പിറന്ന ബാഗട്ട് ഇക്കാലത്തിനിടയില്‍ സ്വന്തമായി ട്രാന്‍സ്‌പോര്‍ട്ട് കമ്പനി നടത്തുന്ന മനുഷ്യനായും മാറിക്കഴിഞ്ഞിരുന്നു. കമ്പനി ആവശ്യത്തിനായി കോച്ചുകളും ബസ്സുകളും നിര്‍മിക്കാന്‍ വാങ്ങിയ ഫോര്‍ഡ് ട്രക്കുകളുടെ ഇരുന്നൂറോളം ഷാസികള്‍ ഇതിന് പുറമെയാണ്.

Ford Model-T
ഹരോള്‍ഡ് ബാഗട്ട് ഫോര്‍ഡ് മോഡല്‍-ടിയില്‍ | Photo: Ford

ഇതിനിടയില്‍ എത്രയോ കാലം പെട്രോള്‍ എഞ്ചിനുള്ള കാറുകള്‍ മാത്രം നിര്‍മിച്ചിരുന്ന ഫോര്‍ഡ്, വൈദ്യുതവാഹനങ്ങളിലേക്ക് തിരിഞ്ഞിരുന്നു. 2019-ന്റെ അന്ത്യത്തില്‍ ഫോര്‍ഡിന്റെ ആദ്യ വൈദ്യുതകാര്‍ മസ്റ്റാങ്ങ് മാക്ക്‌-ഇ വിപണിയിലെത്തി. മാക്ക്‌-ഇ അമേരിക്കയില്‍ വന്‍വിജയമായതിന് പിന്നാലെ ആ മോഡല്‍ യൂറോപ്പിലും ഫോര്‍ഡ് എത്തിച്ചു (ചൈനയിലെ ആഭ്യന്തരവിപണിക്ക് വേണ്ടി ഈ വര്‍ഷം അവിടെയും ഉത്പാദനം ആരംഭിക്കും).

ഈ ഘട്ടത്തിലാണ് ബ്രിട്ടനിലെ മാക്ക്‌-ഇ വിപണനത്തിന് മൈലേജ് കിട്ടാന്‍ വേണ്ടി അവര്‍ ഹരോള്‍ഡ് ബാഗട്ടിനെ. ഏറ്റെടുത്തത്. അതിസമ്പന്നര്‍ക്ക് മാത്രം താങ്ങാവുന്ന വിലയുണ്ടായിരുന്ന മോട്ടോര്‍ കാറുകളെ അസംബ്ലി ലൈന്‍ നിര്‍മാണരീതിയിലൂടെ വന്‍തോതില്‍ നിര്‍മിച്ച് ജനകീയമാക്കിയത് ഫോര്‍ഡ് മോട്ടോര്‍ കമ്പനിയാണ്.  അവരുടെ ആദ്യമോഡലായ മോഡല്‍ ടി. മോഡല്‍ ടിയിലൂടെ ഡ്രൈവിങ്ങ് പഠിച്ച മനുഷ്യന്‍ ഏറ്റവും പുതിയ ഇലക്ട്രിക് കാര്‍ ഓടിച്ച് അഭിപ്രായം പറയുന്നു! ഇതിനായി മിഷിഗണിലെ ഡിയര്‍ബോണിലുള്ള അവരുടെ ഹെറിറ്റേജ് കലക്ഷനിലുള്ള 1915 മോഡല്‍ ടിയും ഏറ്റവും പുതിയ മസ്റ്റാങ്ങ് മാക്ക്‌-ഇയുമായി ഫോര്‍ഡ് ഇംഗ്ലണ്ടില്‍ ഹാംഷെയറിലുള്ള ബാഗട്ടിന്റെ വസതിയിലെത്തി.

Ford
ഹരോള്‍ഡ് ബാഗട്ട് ഫോര്‍ഡ് മോഡല്‍-ടിയുടെയും മസ്താങ്ങ് മാക്ക്‌-ഇയുടെ സമീപം | Photo: Ford

അവിടെ വെച്ച് അദ്ദേഹം താന്‍ ഡ്രൈവിങ്ങ് പഠിക്കാന്‍ ഉപയോഗിച്ച തരം 20 എച്ച്.പി കരുത്തും പരമാവധി 70 കിലോമീറ്റര്‍ വേഗവുമുള്ള മോഡല്‍-ടി ഒരിക്കല്‍ക്കൂടി ഓടിച്ചു. പിന്നെ 265 എച്ച്പി കരുത്തും പരമാവധി 180 കിലോമീറ്റര്‍ വേഗവുമുള്ള മാക്ക്‌-ഇയും ഏതാനും കിലോമീറ്റര്‍ ഓടിച്ചു. ഡ്രൈവിങ്ങിനിടയില്‍ പേരക്കുട്ടിയുടെ രണ്ട് മക്കള്‍, 15 വയസ്സുള്ള ഫിലിക്‌സും 12-കാരനായ ചാര്‍ളിയും, വലിയപ്പൂപ്പനെ അനുഗമിച്ചു. 'ഇവര്‍ക്ക് പ്രായപൂര്‍ത്തിയാവുമ്പോള്‍ മിക്കവാറും ഇവര്‍ ഓടിക്കാന്‍ പോകുന്നത് ഈ കാറായിരിക്കും', സവാരി കഴിഞ്ഞപ്പോള്‍ ബാഗട്ട് അഭിപ്രായപ്പെട്ടു.

Content Highlights: 101-Year-Old Drives Ford Mustang Mach-E – 90 Years After First Learning to Drive in A Model T