Photo : Twitter / @yezdiforever
മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജൻഡ്സ് എന്ന ജനപ്രീതി നേടിയ യെസ്ഡി ബ്രാൻഡിനെ പുനരവതരിപ്പിച്ചു. റോഡ്സ്റ്റർ, സ്ക്രാമ്പ്ളർ, അഡ്വഞ്ചർ എന്നിങ്ങനെ മൂന്ന് മോഡലുകളാണ് കമ്പനി ഇന്ന് ഔദ്യോഗികമായി വിപണിയിലവതരിപ്പിച്ചത്. റോഡ്സ്റ്ററിന് 1.98 ലക്ഷം മുതൽ 2.06 ലക്ഷം രൂപ വരെയും, സ്ക്രാംബ്ലറിന് 2.05 ലക്ഷം മുതൽ 2.11 ലക്ഷം രൂപ വരെയും അഡ്വഞ്ചറിന് 2.10 ലക്ഷം മുതൽ 2.19 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില.
ജാവയുടെ പരാക് എന്ന ബൈക്കിൽ ഉപയോഗിച്ചിട്ടുള്ള 334 സിസി, സിംഗിൾ-സിലിണ്ടർ, ഡിഒഎച്ച്സി, ലിക്വിഡ്-കൂൾഡ് എഞ്ചിൻ എഞ്ചിനാണ് മൂന്ന് മോഡലുകളിലും നൽകിയിരിക്കുന്നത്. എന്നാൽ പവറിലും ടോർക്കിലും മോഡലുകൾക്കനുസരിച്ചു വ്യത്യാസമുണ്ട്. അതുപോലെ തന്നെ, ഓരോ മോഡലുകൾക്കും മറ്റ് വ്യത്യാസങ്ങളോടൊപ്പം വ്യത്യസ്തമായ സസ്പെൻഷനും വീൽ സൈസുകളും, ചേസിസും നൽകിയിരിക്കുന്നു.
അഡ്വഞ്ചർ മോഡലിന് (മുൻവശത്ത് 200 മില്ലീമീറ്ററും പിന്നിൽ 180 മില്ലീമീറ്ററും) ലോങ്ങ് ട്രാവൽ സസ്പെൻഷനാണ് കമ്പനി നൽകിയിരിക്കുന്നത്. കൂട്ടത്തിൽ മോണോ ഷോക്ക് സസ്പെൻഷൻ ഉൾപ്പെടുന്ന ഏക മോഡലാണിത്. റോയൽ എൻഫീൽഡ് ഹിമാലയനുമായി സാദൃശ്യം തോന്നിക്കുന്ന രീതിയിലുള്ള അളവുകളാണ് ഈ ബൈക്കിനുമുള്ളത്. 220 എംഎം ഗ്രൗണ്ട് ക്ലിയറൻസ്, 21-ഇഞ്ച്/17-ഇഞ്ച് വയർ-സ്പോക്ക് വീൽ സംവിധാനവും അതിന് ഉദാഹരണമാണ്.

റോഡ്, മഴ, ഓഫ് റോഡ് എന്നിങ്ങനെ മൂന്ന് മോഡുകളോട് കൂടിയ ഡ്യുവൽ-ചാനൽ എബിഎസാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതിൽ തന്നെ ഓഫ് റോഡ് മോഡിൽ പിൻഭാഗത്തെ വീലിലെ എബിഎസ് വിഛേദിക്കാൻ സാധിക്കുമെന്ന് കരുതുന്നു. ഏത് റൈഡിങ് പൊസിഷനും ഇണങ്ങുന്ന രീതിയിൽ പ്രവർത്തിപ്പിക്കാനാകുന്ന തരത്തിൽ സജ്ജീകരിച്ചിരിക്കുന്ന എൽസിഡി ഡിസ്പ്ലേയിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ടേൺ-ബൈ-ടേൺ നാവിഗേഷനും ഉൾപ്പെടുത്തിയിരിക്കുന്നു.
എൽഇഡി ഹെഡ്ലൈറ്റും ടെയിൽ ലാമ്പുകളുമാണ് മൂന്ന് മോഡലുകൾക്കും നൽകിയിട്ടുള്ളത്. പക്ഷെ മൂന്ന് എബിഎസ് മോഡുകൾ, എൽഇഡി ഇൻഡിക്കേറ്ററുകൾ, ഹാൻഡിൽ ബാറിൽ ഘടിപ്പിക്കുന്ന യുഎസ്ബി ചാർജർ എന്നിവ സ്ക്രാമ്പ്ളറിലും അഡ്വഞ്ചറിലും മാത്രം ഉൾപ്പെടുത്തിയിരിക്കുന്ന ഫീച്ചറുകളാണ്.

ഇരട്ട ഗ്യാസ് ചാർജ്ഡ് ഷോക്ക് അബ്സോർബറുകൾ, മുൻവശത്ത് 150 എംഎം ന്റെയും പിൻവശത്ത് 130 എംഎം വരുന്ന സസ്പെൻഷൻ, 200 എംഎംന്റെ താഴ്ന്ന ഗ്രൗണ്ട് ക്ലിയറൻസ് ചെറിയ 19 ഇഞ്ച് ഫ്രണ്ട് വീൽ എന്നിവയാണ് സ്ക്രാംബ്ലറിനെ അഡ്വഞ്ചറിൽ നിന്നും വ്യത്യസ്തമാക്കുന്നത്.
18 ഇഞ്ച്/17 ഇഞ്ച് അലോയ് വീലുകൾ അവതരിപ്പിച്ചിരിക്കുന്ന കൂട്ടത്തിലെ ഏക ബൈക്കാണ് റോഡ്സ്റ്റർ. അൽപ്പം വിചിത്രമായി തോന്നുമെങ്കിലും, പഴയ യെസ്ഡി മോഡലുകളെ ഓർമ്മപ്പെടുത്തുന്ന ഫ്രണ്ട് ഫോർക്കാണ് റോഡ്സ്റ്ററിൽ ഉപയോഗിച്ചിരിക്കുന്നത്. സ്ക്രാംബ്ലറിനും റോഡ്സ്റ്ററിനും ബ്ലൂടൂത്ത് കണക്റ്റിവിറ്റി നൽകിയിട്ടില്ലെങ്കിലും, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ ഉൾപ്പെടുന്ന പൂർണ്ണമായ ഒരു ഡിജിറ്റൽ എൽസിഡി ഇൻസ്ട്രമെന്റ് ക്ലസ്റ്റർ തന്നെയാണ് സജ്ജീകരിച്ചിരിക്കുന്നത്.
കേരളത്തിൽ യെസ്ഡിയുടെ തൃശ്ശൂർ, കൊച്ചി ഷോറൂമുകളിലാണ് വാഹനങ്ങൾ ഇപ്പോൾ വിൽപ്പനക്കെത്തിയിരിക്കുന്നത്.
Content Highlights: Yezdi Roadster, Scrambler, Adventure launched, priced from Rs 1.98 lakh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..