ജാവ എന്ന ഐതിഹാസിക ബൈക്ക് നിരത്തുകളില്‍ എത്തിച്ച് ഞെട്ടിച്ച ക്ലാസിക് ലെജന്‍ഡ്‌സ് മറ്റൊരു താരത്തെ കൂടി തിരിച്ചെത്തിക്കുന്നു. ഒരു കാലഘട്ടത്തിന്റെ തുടിപ്പായിരുന്ന യെസ്ഡി ബൈക്കുകളാണ് പഴയ പ്രതാപത്തോടെ നിരത്തുകളില്‍ മടങ്ങിയ വരവിനൊരുങ്ങുന്നത്. ഈ വര്‍ഷത്തെ ഉത്സവ സീസണിന്റെ ഭാഗമായി ഈ ബൈക്ക് വിപണിയില്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

യെസ്ഡിയുടെ പൂര്‍വകാല രൂപം നിലനിര്‍ത്തുമെങ്കിലും ന്യൂജനറേഷന്‍ ഫീച്ചറുകളുടെ അകമ്പടിയിലായിരിക്കും പുതിയ പതിപ്പ് എത്തുകയെന്നാണ് സൂചന. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പ്. ഡ്യുവല്‍ ചാനല്‍ എ.ബി.എസ്. തുടങ്ങിയവ പൂതുതലമുറ യെസ്ഡിയെ കൂടുതല്‍ ആകര്‍ഷകമാക്കും. ഈ വാഹനം പരീക്ഷണയോട്ടം തുടങ്ങിയതായും സൂചനയുണ്ട്.

ജാവ ബൈക്കുകളില്‍ നല്‍കിയിട്ടുള്ള 293 സി.സി. ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനിലായിരിക്കും പുതിയ യെസ്ഡിയും ഒരുങ്ങുക. ഇത് 26.1 ബി.എച്ച്.പി. പവറും 27 എന്‍.എം.ടോര്‍ക്കുമേകും. ആറ് സ്പീഡായിരിക്കും ഗിയര്‍ബോക്‌സ്. പ്രധാനമായും റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് മോഡലുകളുമായായിരിക്കും പുതുതായി എത്തുന്ന യെസ്ഡി മത്സരിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജന്‍ഡ്‌സ് എന്ന കമ്പനിയാണ് ജാവ മോട്ടോര്‍സൈക്കിളിന് ഇന്ത്യയില്‍ പുനര്‍ജന്മം നല്‍കിയത്. ഇതിന്റെ ഭാഗമായി 2018 നവംബറില്‍ ജാവ, ജാവ ഫോര്‍ട്ടിടൂ, ജാവ പരേക് എന്നീ മൂന്ന് വാഹനങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ജാവ, ഫോര്‍ട്ടിടൂ മോഡലുകള്‍ ഉടന്‍ തന്നെ വിപണിയില്‍ എത്തിയെങ്കിലും പരേക് കഴിഞ്ഞ വര്‍ഷമാണ് എത്തി തുടങ്ങിയത്.

Source: ET Auto

Content Highlights: Yezdi Motorcycle To Be Launched In India