ഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജന്‍ഡ്‌സ് എന്ന കമ്പനിയിലൂടെ ഒരു കാലത്ത് നിരത്തുകളില്‍ ലെജന്‍ഡ്‌സ് ആയിരുന്ന മോട്ടോര്‍ സൈക്കിളുകള്‍ തിരിച്ചെത്തുകയാണ്. ജാവ മോട്ടോര്‍സൈക്കിള്‍, ബി.എസ്.എ. എന്നിവയ്ക്ക് പിന്നാലെ ഐതിഹാസിക ബൈക്കായിരുന്ന യെസ്ഡിയാണ് വരവിനൊരുങ്ങിയിട്ടുള്ളത്. 2022 ജനുവരി 13-ന് യെസ്ഡിയുടെ ബൈക്കുകള്‍ നിരത്തുകളില്‍ പുനരവതരിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. 

അടുത്തിടെ പുറത്തുവിട്ട ടീസറിലൂടെയാണ് ഈ തീയതി സംബന്ധിച്ച സൂചന യെസ്ഡി പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍, ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം നിര്‍മാതാക്കള്‍ നല്‍കിയിട്ടില്ല. സ്‌കാംബ്ലര്‍, അഡ്വഞ്ചര്‍ എന്നീ ശ്രേണികളിലായി രണ്ട് ബൈക്കുകളുമായായിരിക്കും യെസ്ഡിയുടെ രണ്ടാം വരവ് എന്നാണ് വിവരം. ഹോണ്ട സി.ബി.350 ആര്‍.എസ്, റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ എന്നീ ബൈക്കുകളുടെ വിപണിയാണ് ലക്ഷ്യമിടുന്നത്. 

Yezdi
യെസ്ഡിയുടെ അഡ്വഞ്ചര്‍ ബൈക്ക് | Photo: MotorBeam

യെസ്ഡിയുടെ വരവിനൊരുങ്ങുന്ന രണ്ട് ബൈക്കുകളുടെയും പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങള്‍ സമൂഹിക മാധ്യമങ്ങളില്‍ പലപ്പോഴായി പ്രത്യക്ഷപ്പെട്ടിരുന്നു. യെസ്ഡിയുടെ ഐതിഹാസിക രൂപം നിലനിര്‍ത്തി പുതുതലമുറ ഫീച്ചറുകളുമായായിരിക്കും റോഡ്കിങ്ങ് സ്‌ക്രാംബ്ലര്‍ എത്തുക. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പ്. ഡ്യുവല്‍ ചാനല്‍ എ.ബി.എസ്. തുടങ്ങിയവ പുതുതലമുറ യെസ്ഡിയെ കൂടുതല്‍ ആകര്‍ഷകമാക്കും. 

ജാവ ബൈക്കുകളില്‍ നല്‍കിയിട്ടുള്ള 293 സി.സി. ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനായിരിക്കും പുതിയ യെസ്ഡിക്കും കരുത്തേകുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ എന്‍ജിന്‍ 26.1 ബി.എച്ച്.പി. പവറും 27 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡായിരിക്കും ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുക. പ്രധാനമായും റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് മോഡലുകളുമായായിരിക്കും പുതുതായി എത്തുന്ന യെസ്ഡി മത്സരിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹിമാലയനോട് സമാനതകളുള്ള രൂപത്തിലാണ് യെസ്ഡിയുടെ അഡ്വഞ്ചര്‍ ബൈക്ക് ഒരുങ്ങുന്നത്. എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, ടയറിനോട് ചേര്‍ന്നും ഉയര്‍ത്തിയും നല്‍കിയിട്ടുള്ള രണ്ട് ഫെന്‍ഡഫറുകള്‍, ഉയര്‍ന്ന വിന്‍ഡ് സ്‌ക്രീന്‍, നക്കിള്‍ ഗാര്‍ഡ്, പെട്രോള്‍ ടാങ്കിന്റെ വശങ്ങളില്‍ നല്‍കിയിട്ടുള്ള ക്യാനുകള്‍, ലഗേജ് ബോക്സ്, ഉയര്‍ന്ന എക്സ്ഹോസ്റ്റ് പൈപ്പ്, സ്പ്ലിറ്റ് സീറ്റുകള്‍ തുടങ്ങിയവ നല്‍കിയാണ് യെസ്ഡിയുടെ അഡ്വഞ്ചര്‍ ബൈക്ക് ഡിസൈന്‍ ചെയ്തിട്ടുള്ളത്.

അതേസമയം, അഡ്വഞ്ചര്‍ ബൈക്കിന്റെ മെക്കാനിക്കല്‍ ഫീച്ചറുകളില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല. ജാവ ബോബര്‍ ബൈക്കായ പരേക്കില്‍ നല്‍കിയിട്ടുള്ള 30 ബി.എച്ച്.പി. പവറും 32 എന്‍.എം. ടോര്‍ക്കുമേകുന്ന 334 സി.സി. സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനായിരിക്കും ഇതില്‍ നല്‍കുകയെന്നാണ് വിവരം. ആറ് സ്പീഡായിരിക്കും ഇതിലെ ഗിയര്‍ബോക്സ്. ഹിമാലയനോട് സമാനമായ ടയറുകള്‍ക്കൊപ്പം സുരക്ഷ ഒരുക്കുന്നതിനായി എ.ബി.എസും ഇതില്‍ നല്‍കിയേക്കും.

Content Highlights; Yezdi Bikes To Launch On 13 January 2022, Yezdi Adventure Bike, Yezdi Road king Scrambler