ന്ത്യന്‍ നിരത്തുകളിലേക്ക് കൂടുതല്‍ പ്രൗഢിയോടെ തിരിച്ചെത്തുകയാണ് ഐതിഹാസിക ബൈക്ക് നിര്‍മാതാക്കളായ യെസ്ഡി. അഡ്വഞ്ചര്‍, സ്‌ക്രാംബ്ലര്‍ എന്നീ ശ്രേണികളില്‍ രണ്ട് ബൈക്കുകളുമായി ജനുവരി 13-ന് യെസ്ഡി വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. രണ്ട് മോഡലുകളുടെയും വരവ് അറിയിച്ചുകൊണ്ടുള്ള വീഡിയോ ടീസറും നിര്‍മാതാക്കള്‍ പുറത്തുവിട്ടിട്ടുണ്ട്. 11 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ടീസറാണ് യെസ്ഡി പുറത്തുവിട്ടിരിക്കുന്നത്. 

ജാവ ബൈക്കുകള്‍ക്ക് ഇന്ത്യന്‍ നിരത്തുകളില്‍ മടങ്ങി വരവ് ഒരുക്കിയ മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിഡ് ലെജന്‍ഡ്‌സ് തന്നെയാണ് യെസ്ഡിക്കും തിരിച്ചുവരവ് ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ രാജ്യത്തുടനീളമുള്ള ജാവ ഡീലര്‍ഷിപ്പുകളിലൂടെയായിരിക്കും ഈ ബൈക്കുകള്‍ വില്‍പ്പനയ്ക്ക് എത്തുകയെന്നാണ് സൂചന. നിലവില്‍ ജാവയ്ക്ക് മൂന്ന് മോഡലുകളാണ് വില്‍പ്പനയ്ക്കുള്ളത്. ഇതിനൊപ്പമാണ് യെസ്ഡിയുടെ രണ്ട് മോഡലുകള്‍ കൂടി എത്തുന്നത്. 

സ്‌കാംബ്ലര്‍, അഡ്വഞ്ചര്‍ എന്നീ ശ്രേണികളിലായി രണ്ട് ബൈക്കുകളുമായായിരിക്കും യെസ്ഡിയുടെ രണ്ടാം വരവ് എന്നാണ് വിവരം. ഹോണ്ട സി.ബി.350 ആര്‍.എസ്, റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ എന്നീ ബൈക്കുകളുടെ വിപണിയാണ് ലക്ഷ്യമിടുന്നത്. സ്‌ക്രാംബ്ലളര്‍ ബൈക്കിന് റോഡ്കിങ്ങ് എന്ന പേരിലായിരിക്കും എത്തുകയെന്നും അഭ്യൂഹങ്ങളുണ്ട്. അതേസമയം, അഡ്വഞ്ചര്‍ ശ്രേണിയില്‍ എത്തുന്ന ബൈക്കിന്റെ പേര് സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടില്ല.

യെസ്ഡിയുടെ ഐതിഹാസിക രൂപം നിലനിര്‍ത്തി പുതുതലമുറ ഫീച്ചറുകളുമായായിരിക്കും റോഡ്കിങ്ങ് സ്‌ക്രാംബ്ലര്‍ എത്തുക. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പ്. ഡ്യുവല്‍ ചാനല്‍ എ.ബി.എസ്. തുടങ്ങിയവ പുതുതലമുറ യെസ്ഡിയെ കൂടുതല്‍ ആകര്‍ഷകമാക്കും. ജാവ ബൈക്കുകളില്‍ നല്‍കിയിട്ടുള്ള 293 സി.സി. ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനായിരിക്കും പുതിയ യെസ്ഡിക്കും കരുത്തേകുകയെന്നാണ് പ്രതീക്ഷിക്കുന്നത്. 

എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, ടയറിനോട് ചേര്‍ന്നും ഉയര്‍ത്തിയും നല്‍കിയിട്ടുള്ളഫെന്‍ഡഫറുകള്‍,വിന്‍ഡ് സ്‌ക്രീന്‍, നക്കിള്‍ ഗാര്‍ഡ്, പെട്രോള്‍ ടാങ്കിന്റെ വശങ്ങളില്‍ നല്‍കിയിട്ടുള്ള ക്യാനുകള്‍, ലഗേജ് ബോക്‌സ്, ഉയര്‍ന്ന എക്‌സ്‌ഹോസ്റ്റ് പൈപ്പ്, സ്പ്ലിറ്റ് സീറ്റുകള്‍ തുടങ്ങിയവ നല്‍കിയാണ് യെസ്ഡിയുടെ അഡ്വഞ്ചര്‍ ബൈക്ക് ഡിസൈന്‍ ചെയ്തിട്ടുള്ളത്. ജാവ പരേക്കില്‍ നല്‍കിയിട്ടുള്ള 30 ബി.എച്ച്.പി. പവറും 32 എന്‍.എം. ടോര്‍ക്കുമേകുന്ന 334 സി.സി. സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനായിരിക്കും ഇതില്‍ നല്‍കുക. ആറ് സ്പീഡായിരിക്കും ഇതിലെ ഗിയര്‍ബോക്‌സ്.

Content Highlights: Yezdi Bikes Debut On January 13, Teaser Video Released, Yezdi Roadking, Yezdi Adventure