രുകാലത്ത് യുവാക്കളുടെ ഹരമായിരുന്ന യെസ്ഡി ബൈക്കുകള്‍ അതേ പ്രൗഢിയോടെ ഇന്ത്യയിലേക്ക് വീണ്ടും തിരിച്ചെത്തുന്നു. ജാവ ബ്രാന്‍ഡിനെ കൈപ്പിടിയിലൊതുക്കിയ ഇന്ത്യയുടെ സ്വന്തം മഹീന്ദ്ര അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഐതിഹാസിക ജാവ ബൈക്കുകള്‍ ഇങ്ങോട്ടെത്തിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇതിന്റെ തുടര്‍ച്ചയായി അടുത്ത വര്‍ഷം തുടക്കത്തില്‍ ഗ്രേറ്റ് നോയിഡയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ 2018 യെസ്ഡി 350 കണ്‍സെപ്റ്റ് മോഡല്‍ പിറവിയെടുക്കാനുള്ള സാധ്യത തെളിയുകയാണ്. 

Read More: എന്‍ഫീല്‍ഡിന് എതിരാളിയായി ജാവ 350

ഇന്ത്യയില്‍ മുപ്പത്തിയാറ് വര്‍ഷം നീണ്ട ജാവ ജൈത്രയാത്ര തൊണ്ണൂറുകളുടെ അവസാനത്തോടെയാണ് നിറംമങ്ങിയത്. ജാപ്പനീസ് ബൈക്കുകളുടെ അധിപത്യം ജാവയുടെ പതനത്തിന് ആക്കംകൂട്ടി. ഈ പാഠങ്ങളെല്ലാം ഉള്‍ക്കൊണ്ട് ആധുനിക ഫീച്ചേര്‍സ് ഉള്‍പ്പെടുത്തി ജനപ്രിയമായ പഴയ മുഖം നിലനിര്‍ത്തിയാണ് യെസ്ഡി തിരിച്ചെത്തുക. മാസങ്ങള്‍ക്ക് മുമ്പ്‌ അവതരിച്ച ജാവ 350-യുടെ അടിസ്ഥാനത്തിലാണ് രണ്ടാം വരവില്‍ യെസ്ഡി 350-യുടെ നിര്‍മാണം. മഹീന്ദ്രയുടെ പിതംബൂര്‍ പ്ലാന്റിലാണ് നിര്‍മാണം പൂര്‍ത്തീകരിക്കുക.  

Yezdi Bikes

തിരിച്ചുവരവിന്റെ ഭാഗമായി യെസ്ഡിയുടെ വെബ്‌സൈറ്റും മഹീന്ദ്ര പുറത്തിറക്കി കഴിഞ്ഞു. 350 സിസി ഫോര്‍ സ്‌ട്രോക്ക് എഞ്ചിനാണ് യെസ്ഡി 350-യില്‍ ഉള്‍പ്പെടുത്തുക. 26 ബിഎച്ച്പി കരുത്തും 32 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എഞ്ചിന്‍. 5 സ്പീഡാണ് ഗിയര്‍ബോക്‌സ്. സുരക്ഷ ഉറപ്പാക്കാന്‍ ഓപ്ണഷലായി ആന്റി-ലോക്കിങ് ബ്രേക്കിങ് സിസ്റ്റം ഉള്‍പ്പെടുത്തും. ആഭ്യന്തര വില്‍പ്പനയ്‌ക്കൊപ്പം യെസ്ഡിയുടെ കയറ്റുമതിക്കും കമ്പനി പദ്ധതിയിടുന്നുണ്ട്. റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിനൊത്ത വില യെസ്ഡിക്ക് പ്രതീക്ഷിക്കാം. ഏകദേശം 1.2 ലക്ഷം മുതല്‍ 1.5 ലക്ഷം രൂപ വരെയാകും വിപണി വില.

yezdi