സാധാരണ സ്‌കൂട്ടറുകളില്‍ നിന്ന് ഏറെ വ്യത്യസ്തനാണ് മാക്‌സി സ്‌കൂട്ടറുകള്‍. എന്നാല്‍ രൂപത്തില്‍ വേരിട്ട മാക്‌സി സ്‌കൂട്ടര്‍ നമ്മുടെ നാട്ടില്‍ അത്ര പരിചിതനല്ല. അതേസമയം യൂറോപ്യന്‍ വിപണികളില്‍ ഇവ ചില്ലറക്കാരല്ല. ആവശ്യക്കാര്‍ ഏറെയുണ്ട്. മാക്‌സി സ്‌കൂട്ടറുകളില്‍ മികച്ച അടിത്തറയുള്ള കൂട്ടരാണ് യമഹ. വിവിധി എന്‍ജിന്‍ കരുത്തുകളില്‍ മാക്‌സി സ്‌കൂട്ടറുകള്‍ യമഹ പുറത്തിറക്കിയിട്ടുണ്ട്. ഇക്കൂട്ടത്തിലെ എന്‍ട്രി ലെവര്‍ മോഡലാണ് എക്‌സ്- മാക്‌സ് 125. യൂറോപ്യന്‍ വിപണിക്കായുള്ള പുതുതലമുറ 125 സിസി എക്‌സ്-മാക്‌സ് 2018 യമഹ അവതരിപ്പിച്ചു കഴിഞ്ഞു. രൂപത്തില്‍ മിടുമിടുക്കനായാണ് പുതിയ എക്‌സ്-മാക്‌സിന്റെ വരവ്. 

X Max

വലുപ്പത്തില്‍ പുതിയ അതിഥി ആളൊരു വമ്പനാണ്. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളായ എക്‌സ്-മാക്‌സ് 300, എക്‌സ്-മാക്‌സ് 500 സ്‌കൂട്ടറുകള്‍ക്ക് സമാനമായ വലുപ്പം എക്‌സ്-മാക്‌സ് 125 കൈവരിച്ചിട്ടുണ്ട്. 124 സിസി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 8750 ആര്‍പിഎമ്മില്‍ 14 ബിഎച്ച്പി പവറും 6500 ആര്‍പിഎമ്മില്‍ 12 എന്‍എം ടോര്‍ക്കും എന്‍ജിന്‍ നല്‍കും. യമഹയുടെ കരുത്തുറ്റ മോഡലുകളില്‍ നല്‍കിയിട്ടുള്ള ട്രാക്ഷന്‍ കണ്‍ട്രോള്‍ സംവിധാനം ഇതിലുണ്ട്. സുരക്ഷ ഉറപ്പാക്കാന്‍ ഡ്യുവല്‍ ചാനല്‍ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും സ്റ്റാന്റേര്‍ഡായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

X Max

സീറ്റിനടിയിലെ സ്റ്റേറേജ് സ്‌പേസ് വര്‍ധിപ്പിച്ചു. രണ്ട് ഹെല്‍മറ്റുകള്‍ സൂക്ഷിക്കാന്‍ മാത്രം സ്ഥലം സീറ്റിനടിയിലുണ്ട്. അഡ്ജസ്റ്റ് ചെയ്യാവുന്ന വിന്‍ഡ് സ്‌ക്രീന്‍, ഹാന്‍ഡില്‍ ബാര്‍, സെന്‍ട്രെല്‍ എല്‍സിഡി ഡിസ്‌പ്ലേ, ഡ്യുവല്‍ എല്‍ഇഡി ഹെഡ്‌ലൈറ്റ്, ടെയില്‍ ലൈറ്റ് എന്നിവയാണ് മറ്റു പ്രത്യേകതകള്‍. 15 ഇഞ്ചാണ് ടയര്‍. 175 കിലോഗ്രാമാണ് ഭാരം. സോണിക് ഗ്രേ, ഫാന്റം ബ്ലൂ, റാഡിക്കല്‍ റെഡ് എന്നീ നിറങ്ങളില്‍ വാഹനം ലഭ്യമാകും. 2016-ല്‍ വിപണിയിലെത്തിയ എക്‌സ്-മാക്‌സ് 125-ന്റെ 1.4 ലക്ഷം യൂണിറ്റുകള്‍ ഇതുവരെ കമ്പനി വിറ്റഴിച്ചിട്ടുണ്ട്. നിലവില്‍ ഇന്ത്യന്‍ വിപണിയിലേക്ക് ഈ മാക്‌സി സ്‌കൂട്ടര്‍ പരീക്ഷിക്കാനുള്ള യാതൊരു പദ്ധതിയും യമഹയ്ക്കില്ല.

X Max