ലോകത്തുടനീളം സ്‌കൂട്ടറുകളുടെ സാധ്യത വര്‍ധിച്ചതോടെ മികച്ച സ്‌റ്റൈലിലും കൂടുതല്‍ ഫീച്ചറുകളുടെ അകമ്പടിയോടെയും മോഡലുകള്‍ അവതരിപ്പിക്കാനുള്ള മത്സരമാണ് ലോകത്തുടനീളമുളള ഇരുചക്ര വാഹന നിര്‍മാതാക്കള്‍ നടത്തുന്നത്. ഈ മത്സരത്തിന്റെ ഫലമാണ് ഓഫ് റോഡ് സ്‌കൂട്ടറുകള്‍. ഈ നിരയില്‍ ശക്തനാകാനുറച്ച് എത്തുകയാണ് യമഹയുടെ സൂമ 125 എന്ന് ഓഫ്-റോഡ് സ്‌കൂട്ടര്‍.

ഓഫ് റോഡ് വാഹനങ്ങളുടെ ഡിസൈനിനോട് നീതി പുലര്‍ത്തിയാണ് യമഹയുടെ സൂമ 125-ന്റെ 2022 പതിപ്പ് വിപണിയില്‍ എത്തുന്നത്. ബ്ലാക്ക് പ്ലാസ്റ്റിക്ക് ക്ലാഡിങ്ങാണ് ഈ സ്‌കൂട്ടറില്‍ കൂടുതലും ഉപയോഗിച്ചിരിക്കുന്നത്. ഇത് സൂമ 125-ന് റഫ് ലുക്ക് നല്‍കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഓഫ് റോഡുകളെ ലക്ഷ്യമാക്കി എത്തുന്നതിനാല്‍ തന്നെ മറ്റ് സ്‌കൂട്ടറുകളെക്കാള്‍ വലിപ്പക്കാരനാണ് സൂമ 125.

ഉയര്‍ന്നിരിക്കുന്ന മഡ്ഗാര്‍ഡ്, സ്‌പോര്‍ട്ടി ഭാവമുള്ള അലോയി വീല്‍, മറ്റ് വാഹനങ്ങളില്‍ കണ്ടിട്ടില്ലാത്ത ഡ്യുവല്‍ ഹെഡ്‌ലാമ്പ്, ബ്ലാക്ക് പ്ലാസ്റ്റിക്കില്‍ ഒരുങ്ങിയിട്ടുള്ള ഫ്രണ്ട് ഏപ്രണ്‍, ബൈക്കിന് സമാനമായ ഹാന്‍ഡില്‍ ബാര്‍, പ്ലാസ്റ്റില്‍ തന്നെ ഒരുങ്ങിയിരിക്കുന്ന അണ്ടര്‍ ബോഡിയും ഫുട്ട് ബോര്‍ഡും, കുടുതല്‍ ഉയര്‍ത്തി നല്‍കിയിട്ടുള്ള എക്‌സ്‌ഹോസ്റ്റ് എന്നിവ ഈ വാഹനത്തിന് ഓഫ് റോഡ് ശേഷി നല്‍കുന്നുണ്ട്. 

പ്ലാസ്റ്റിക് അവരണത്തില്‍ നല്‍കിയിട്ടുള്ള ഡിജിറ്റല്‍ എല്‍.സി.ഡി. ഡിസ്‌പ്ലേ, യു.എസ്.ബി. ചാര്‍ജര്‍, ഹെഡ്‌ലൈറ്റ് അഡ്ജസ്റ്റ് ചെയ്യാനുള്ള സംവിധാനം, ഫുള്‍ സൈസ് ഹെല്‍മറ്റ് സൂക്ഷിക്കാന്‍ കഴിയുന്ന സ്‌റ്റോറേജ് എന്നിവയും ഈ സ്‌കൂട്ടറില്‍ നല്‍കിയിട്ടുണ്ട്. മുന്നില്‍ 33 ഫോര്‍ക്കും പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബേഴ്‌സുമാണ് ഈ സ്‌കൂട്ടറിലെ സസ്‌പെന്‍ഷന്‍ നിര്‍വഹിക്കുന്നതെന്നാണ് വിവരം.

125 സി.സി. സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്‌ട്രോക്ക് എന്‍ജിനായിരിക്കും സൂമ 125-ന് കരുത്തേകുന്നത്. ഇത് 9 ബി.എച്ച്.പി. പവറും 9 എന്‍.എം. ടോര്‍ക്കുമേകും. സി.വി.ടിയാണ് ഇതിലെ ട്രാന്‍സ്മിഷന്‍. മികച്ച പ്രകടനം ഉറപ്പാക്കാന്‍ യമഹയുടെ വേരിബിള്‍ വാല്‍വ് അക്‌ച്ച്വേഷന്‍ ടെക്‌നോളജിയും ഇതില്‍ നല്‍കും. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കാണ് സുരക്ഷ ഒരുക്കുന്നത്. 128 കിലോയാണ് സൂമ 125-ന്റെ ഭാരം.

Source: Car And Bike

Content Highlights: Yamaha Unveiled 2022 Model Zuma 125 Scooter