യമഹ ആർ.എക്‌സ്.100 | Photo: Facebook/Trivandrum RX Riders
പെര്‍ഫോമെന്‍സ് ബൈക്കുകളും സൂപ്പര്‍ ബൈക്കുകളും നിരത്തുകള്‍ വാഴുന്ന 21-ാം നൂറ്റാണ്ടിലും മോഹവിലയ്ക്ക് ആളുകള്‍ സ്വന്തമാക്കുന്ന ബൈക്കുകളിലൊന്നാണ് യമഹയുടെ ആര്‍.എക്‌സ്100. മൂന്ന് തലമുറകളില്‍പെട്ട ആളുകളെ ആരാധകരാക്കി മാറ്റാന്‍ സാധിച്ച ഈ ബൈക്ക് നിരത്തുകളില്‍ തിരിച്ചെത്തിക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മാതാക്കളായ യമഹ എന്ന് റിപ്പോര്‍ട്ടുകള്‍. യമഹ ഇന്ത്യയുടെ മേധാവി ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇത് സംബന്ധിച്ച് സൂചന നല്‍കിയിരിക്കുന്നത്.
ആര്‍.എക്‌സ്.100 എന്ന ബൈക്കിലേക്ക് ആളുകളെ ആകര്‍ഷിച്ചിരുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് അതിന്റെ ശബ്ദമായിരുന്നു. ഇതിനൊപ്പം ഈ ബൈക്കിന്റെ രൂപവും ആ കാലഘട്ടത്തിലെ സൂപ്പര്‍ ഹിറ്റായിരുന്നു. എന്നാല്‍, അതേ ശബ്ദത്തില്‍ ആ ബൈക്ക് തിരിച്ചെത്തിക്കാന്‍ സാധിക്കില്ല. നിരത്തൊഴിഞ്ഞ മോഡലില്‍ നല്‍കിയിരുന്ന 100 സി.സി. ടൂ സ്‌ട്രോക്ക് എന്‍ജിന് പകരം കരുത്ത് കൂടിയ എന്‍ജിനിലായിരിക്കും പുതിയ ആര്‍.എക്‌സ്.100 എത്തുക. അതേസമയം, രൂപത്തില്‍ മുന്‍ മോഡലിനോട് ചേര്‍ന്ന് നില്‍ക്കുന്നതായിരിക്കും പുതിയ പതിപ്പ്.
ഇന്ത്യയിൽ 100 സി.സി. ബൈക്കുകള്‍ നിരത്തുകളില്‍ വാണിരുന്ന കാലത്ത് ഈ വാഹനത്തിന്റെ വിപണി തിരിച്ചറിഞ്ഞായിരുന്നു ഈ ശ്രേണിയിലേക്ക് എസ്‌കോര്‍ട്‌സ് യമഹ ആര്‍.എക്‌സ്.100 എന്ന വാഹനം പുറത്തിറക്കിയത്. നിര്‍മാതാക്കളെ പോലും ഞെട്ടിക്കുന്ന സ്വീകാര്യതയായിരുന്നു ഈ മോഡലിന് വിപണിയില്‍ നിന്ന് ലഭിച്ചത്. യമഹയുടെ ജന്മനാടായ ജപ്പാനില്‍ നിന്ന് ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ അസംബിള്‍ ചെയ്താണ് ആദ്യ ഘട്ടത്തില്‍ യമഹ ആര്‍.എക്‌സ്.100 മോഡല്‍ വിപണിയില്‍ എത്തിയത്.
എന്നാല്‍, യമഹ ആര്‍.എക്‌സ്. 100 എന്ന ബൈക്കിന്റെ കുതിപ്പിന് ഒരു പതിറ്റാണ്ടിന്റെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മലിനീകരണ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയതോടെ ടൂ സ്‌ട്രോക്ക് എന്‍ജിന് മോഡലുകള്‍ നിരത്തുകളില്‍ നിന്ന് പിന്‍വലിക്കേണ്ടി വന്നു. ഇത് പ്രഘാനമായി തിരിച്ചടിയായത് യമഹ ആര്‍.എക്‌സ്.100 ഉള്‍പ്പെടെ ജനപ്രിയമായ വാഹനങ്ങള്‍ക്കായിരുന്നു. ഇതോടെ 1985 ആരംഭിച്ച യമഹ ആര്‍.എക്‌സ്. 100 -ന്റെ നിര്‍മാണം 1996-ഓടെ കമ്പനി അവസാനിപ്പിക്കുകയായിരുന്നു.
26 വര്‍ഷങ്ങള്‍ക്ക് ആര്‍.എക്‌സ്.100 എന്ന നാമം നിരത്തുകളില്‍ മടങ്ങി വരവിനൊരുങ്ങുന്നത്. എന്നാല്‍, ഡിസൈന്‍, ശബ്ദം, വിശ്വാസ്യത എന്നിവയിലെല്ലാം ഐതിഹാസിക മോഡലിന് പകരം വെക്കാന്‍ സാധിക്കുന്ന തരത്തിലായിരിക്കണം പുതിയ മോഡല്‍ നിരത്തുകളില്‍ തിരിച്ചെത്തിക്കാന്‍. 98 സി.സി. ടൂ സ്‌ട്രോക്ക് സിംഗിള്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനായിരുന്നു ആര്‍.എക്‌സ്.100 മോഡലിന് കരുത്തേകിയിരുന്നത്. ഇത് 11 പി.എസ്. കരുത്തും 10.39 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിച്ചിരുന്നത്.
Source: Zigwheels
Content Highlights: Yamaha RX100 to make a comeback in India, Yamaha RX100, Yamaha Motorcycle
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..