കോവിഡ് മാഹാമാരിയുടെ രണ്ടാം തരംഗം ഇന്ത്യയില്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ രണ്ട് പ്ലാന്റുകളിലെ വാഹന നിര്‍മാണം താത്കാലികമായി നിര്‍ത്തി യമഹ മോട്ടോഴ്‌സ്. കമ്പനിയുടെ തമിഴ്‌നാട് കാഞ്ചിപുരത്തെ പ്ലാന്റിലേയും ഉത്തര്‍പ്രദേശിലെ സുരാജ്പൂരിലേയും നിര്‍മാണമാണ് താത്കാലികമായി നിര്‍ത്തി വയ്ക്കുന്നതെന്ന് യമഹ മോട്ടോഴ്‌സ് ഇന്ത്യ അറിയിച്ചു. 

മേയ് 15 മുതല്‍ മേയ് 30 വരെ ഈ രണ്ട് പ്ലാന്റിന്റെയും പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയാണെന്നാണ് യമഹ അറിയിച്ചിരിക്കുന്നത്. എന്നാല്‍, ജൂണ്‍ മാസത്തില്‍ ഉത്പാദനം പുനരാരംഭിക്കുന്നത് സംബന്ധിച്ച സൂചനകളും നല്‍കിയിട്ടില്ല. അപ്പോഴത്തെ സാഹചര്യം പരിശോധിച്ച ശേഷം പ്ലാന്റിന്റെ പ്രവര്‍ത്തനം വീണ്ടും ആരംഭിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. 

സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ ഉറപ്പാക്കുന്നതിനായാണ് ഇത്തരത്തില്‍ ഒരു നീക്കം നടത്തുന്നതെന്നും വൈറസ് വ്യാപനം തടയാന്‍ ഇത് അനിവാര്യമാണെന്നും യമഹ അറിയിച്ചു. ജീവനക്കാരുടെ സുരക്ഷയ്ക്ക കമ്പനി ഉയര്‍ന്ന പരിഗണനയാണ് നല്‍കുന്നത്. നിര്‍മാണം നിര്‍ത്തി വയ്ക്കുന്നുണ്ടെങ്കിലും ഡീലര്‍മാര്‍ക്ക് വാഹനമെത്തിക്കാന്‍ ശ്രമിക്കുമെന്നും യമഹ അറിയിച്ചു. 

അതേസമയം, യമഹയുടെ കോര്‍പറേറ്റ് ഓഫീസിലേയും മറ്റും ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനുള്ള അവസരം ഒരുക്കുന്നുണ്ട്. ഇതുവഴി കമ്പനിയുടെ ബിസിനസ് കാര്യക്ഷമമാക്കുമെന്നും ഉപയോക്താക്കള്‍ക്കും കമ്പനിയുടെ ബിസിനസ് പങ്കാളികള്‍ക്കും ലഭിക്കേണ്ട സേവനങ്ങള്‍ ഉറപ്പാക്കുമെന്നും യമഹ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.

കോവിഡിന്റെ രണ്ടാം തരംഗത്തില്‍ പ്രതിരോധം ഉറപ്പാക്കുന്നതിനായി നിരവധി സുരക്ഷ നടപടികള്‍ യമഹ സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യ പരിപാലനം, ജീവനക്കാര്‍ക്കുള്ള വാക്‌സിനേഷന്‍, ഫാക്ടറിയുടേയും പരിസരത്തിന്റെയും ശുചീകരണം ഉറപ്പാക്കുന്നതിനായി സാനിറ്റൈസേഷന്‍, കോവിഡ് ബാധിതരായ ജീവനക്കാര്‍ക്കുള്ള സേവനങ്ങള്‍ എന്നിവയെല്ലാം യമഹ ഉറപ്പാക്കുന്നുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

Content Highlights: Yamaha Plans To Close Down Its Two Vehicle Manufacturing Units Due To Covid