നാളുകള്‍ നീണ്ട പഠനങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കും ഒടുവില്‍ ഇന്ത്യന്‍ നിരത്തുകളില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ എത്തിക്കാന്‍ ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ യമഹ തീരുമാനിച്ചു. ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ ഇലക്ട്രിക് ടൂ വീലറുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയും സര്‍ക്കാരിന്റെ ഇലക്ട്രിക് വാഹന നയങ്ങളും വിലയിരുത്തിയ ശേഷമാണ് ഈ മേഖലയില്‍ സാന്നിധ്യം അറിയിക്കാന്‍ യമഹ തീരുമാനിച്ചതെന്നാണ് ഓട്ടോമൊബൈല്‍ പോര്‍ട്ടലായ കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഇരുചക്ര വാഹനങ്ങളില്‍ ഇലക്ട്രിക് സാങ്കേതികവിദ്യ സ്വീകരിക്കുന്നതിനുള്ള വിശദമായ പദ്ധതികള്‍ യമഹ ആവിഷ്‌കരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇലക്ട്രിക് സാങ്കേതികവിദ്യയിലുള്ള വാഹനങ്ങള്‍ എത്തിക്കുന്നതിന്റെ ആദ്യ ചുവടുവയ്പ്പായി ഹൈബ്രിഡ് വാഹനങ്ങള്‍ എത്തിക്കാനാണ് യമഹ പദ്ധതി ഒരുക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി യമഹ ഫസിനോ എഫ്.ഐ. ഹൈബ്രിഡ്, റെയ് ഇസഡ്.ആര്‍ ഹൈബ്രിഡ് തുടങ്ങിയ വാഹനങ്ങളാണ് നിരത്തുകളില്‍ എത്തിക്കാനൊരുങ്ങുന്നത്. 

ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള യമഹയുടെ ആദ്യ ചുവടുവയ്പ്പാണ് ഫസിനോ ഹൈബ്രിഡ് എന്നാണ് യമഹ മോട്ടോഴ്‌സ് മേധാവി അഭിപ്രായപ്പെടുന്നത്. ഇലക്ട്രിക് പവര്‍ അസിസ്റ്റ് സംവിധാനമുള്ള ഫസിനോ ഇലക്ട്രിക് വാഹന രംഗത്ത് യമഹ കൈവരിച്ചിട്ടുള്ള നേട്ടങ്ങളില്‍ ഒന്ന് മാത്രമാണ്. ഇന്ത്യയിലും വിദേശ നിരത്തുകളിലും ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കുന്നതിന് യമഹയുടെ ഒരു വിഭാഗം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. തായ്‌വാനില്‍ രണ്ട് വര്‍ഷം മുമ്പ് യമഹ ഇലക്ട്രിക് വാഹനം എത്തിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തുകളില്‍ എത്തിക്കുന്നതിന് നിരവധി വെല്ലുവിളികളാണുള്ളത്. ചാര്‍ജിങ്ങ് സൗകര്യം, ബാറ്ററി ഉത്പാദനം, ബാറ്ററി സ്വാപ്പിങ്ങ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയാണ് ഇതില്‍ പ്രധാനം. വാഹനങ്ങളുടെ വിലയും പ്രകടനവും തുല്യ പ്രധാന്യമുള്ളവയാണ്. ഈ വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ടില്ലെങ്കില്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ സാധിക്കില്ല. സര്‍ക്കാരിന്റെ ഇലക്ട്രിക് പോളിസി വിലയിരുത്തിയ ശേഷം യമഹയുടെ ഇ.വി. എത്തുമെന്നും രവീന്ദര്‍ സിങ്ങ് അറിയിച്ചു.

വാഹന മേഖലയുടെ ഭാവി ഇലക്ട്രിക്കിനെ അടിസ്ഥാനമാക്കിയാണ്. ഇത് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ടോക്കിയോ മോട്ടോര്‍ ഷോയില്‍ യമഹയുടെ ഇ01 എന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ കണ്‍സെപ്റ്റ് പ്രദര്‍ശനത്തിനെച്ചിട്ടുള്ളത്. ഇതിനുപുറമെ, തായ്‌വാനിലെ ഗോഗോറോയുമായി സഹകരിച്ച് യമഹ ഇ.സി.05 എന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ എത്തിച്ചിട്ടുള്ളത്. മാറ്റി വയ്ക്കാവുന്ന ബാറ്ററിയാണ് ഈ സ്‌കൂട്ടറിന്റെ പ്രത്യേക. 90 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള ഈ സ്‌കൂട്ടര്‍ 100 കിലോമീറ്റര്‍ റേഞ്ചും നല്‍കുന്നുണ്ട്.

Source: Car and Bike 

Content Highlights: Yamaha Motors Decided To Launch Electric Two Wheeler In India