ന്ത്യയിലെ യുവാക്കളുടെ പള്‍സ് അറിഞ്ഞ് വാഹനങ്ങള്‍ എത്തിക്കുന്നതില്‍ മുന്‍പന്തിയിലുള്ള ഇരുചക്ര വാഹന നിര്‍മാതാക്കളാണ് യമഹ. ആര്‍.എക്‌സ്.100 എന്ന സൂപ്പര്‍ ഹിറ്റ് ബൈക്ക് മുതല്‍ ഇപ്പോള്‍ നിരത്തുകളിലെ താരമായി വിലസുന്ന R15 വരെ ഇതിന് ഉദാഹരണങ്ങളാണ്. നിരത്തുകള്‍ വാഴുന്ന യമഹയുടെ ന്യൂജനറേഷന്‍ ബൈക്കുകള്‍ക്കൊപ്പം പുതിയ ഒരു മോഡല്‍ കൂടി വരവിനൊരുങ്ങുകയാണ്.

നിലവില്‍ നിരത്തുകളിലുള്ള യമഹ FZ-FI ബൈക്കിന് അടിസ്ഥാനമാക്കി റെട്രോ ഡിസൈനിലാണ് ഈ പുതിയ ബൈക്ക് ഡിസൈന്‍ ചെയ്തിരിക്കുന്നത്. യമഹ FZ-X എന്ന് പേര് നല്‍കിയിട്ടുള്ള ഈ ബൈക്ക് ജൂണ്‍ 18-ന് വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. പുതിയ ബൈക്കിന്റെ വരവ് അറിയിച്ചുള്ള ടീസര്‍ ചിത്രവും യമഹ പുറത്തുവിട്ടിട്ടുണ്ട്. ബൈക്കിന്റെ ചിത്രം ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല.

ഇന്ത്യയിലെ നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ ബൈക്കുകളിലെ മുന്‍നിര മോഡലായ FZ-FI ബൈക്കിനെ അടിസ്ഥാനമാക്കി നിയോ റെട്രോ ഡിസൈനിലായിരിക്കും ഈ ബൈക്ക് ഒരുങ്ങുകയെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിട്ടുള്ളത്. 2020 എം.എം. നീളം, 785 എം.എം. വീതി, 1115 എം.എം. ഉയരം 1330 എം.എം. വീല്‍ബേസ്, 289 കിലോഗ്രാം ഭാരം എന്നിങ്ങനെയാണ് ഈ ബൈക്കിന്റെ അളവുകള്‍.

വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ടെലി സ്‌കോപിക് ഫോര്‍ക്ക് സസ്‌പെന്‍ഷന്‍, മുകളിലേക്ക് ഉയര്‍ന്ന് നില്‍ക്കുന്ന എക്‌സ്‌ഹോസ്റ്റ് എന്നിവയായിരിക്കും ഈ വാഹനത്തിന്റെ ഡിസൈന്‍ ഹൈലൈറ്റ്. ബ്രൈറ്റ് ബ്ലൂ, ഓറഞ്ച് എന്നീ നിറങ്ങളിലായിരിക്കും ഈ ബൈക്ക് എത്തുകയെന്നാണ് സൂചനകള്‍. വാഹനത്തിലെ മറ്റ് ഫീച്ചറുകള്‍ FZ-FI ബൈക്കിന് സമാനമായിരിക്കുമെന്നാണ് വിലയിരുത്തലുകള്‍.

FZ ബൈക്കുകള്‍ക്ക് കരുത്തേകുന്ന 149 സി.സി. സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനായിരിക്കും FZ-X ന്റെയും ഹൃദയമെന്നാണ് റിപ്പോര്‍ട്ട്. ഈ എന്‍ജിന്‍ 12.2 ബി.എച്ച്.പി. പവറും 13.3 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡായിരിക്കും ഇതിലെ ഗിയര്‍ബോക്‌സ്. സേഫ്റ്റി ഫീച്ചറുകളും മറ്റും യമഹയുടെ മറ്റ് മോഡലുകളില്‍ നല്‍കിയിട്ടുള്ളത് ഈ ബൈക്കിലും ഒരുങ്ങിയേക്കുമെന്നാണ് സൂചന.

Content Highlights: Yamaha FZ-X To Launch On June 18 With Retro Design