ആര്‍.എക്‌സ് സീരീസ് ബൈക്കുകളുടെ കാലശേഷം ഇന്ത്യന്‍ നിരത്തുകളില്‍ യമഹയ്ക്ക് പ്രതാപകാലം സമ്മാനിച്ച ബൈക്കാണ് എഫ്.ഇസഡ് ശ്രേണിയിലുള്ള ബൈക്കുകള്‍. പല കരുത്തില്‍ പല നാമങ്ങളിലെത്തിയ FZ-Sന്റെ ഒരു പ്രത്യേക പതിപ്പ് വിപണിയില്‍ എത്തിയിരിക്കുകയാണ്. വിന്റേജ് എഡിഷന്‍ എന്ന പേരില്‍ എത്തിയ ഈ ബൈക്കുകളില്‍ ന്യൂജനറേഷന്‍ ഫീച്ചറുകളാണുള്ളത്.
യമഹ FZ-FI മോഡലാണ് വിന്റേജ് എഡിഷനായി എത്തിയിട്ടുള്ളത്. പുതിയ ഗ്രാഫിക്‌സ് ഡിസൈനുകള്‍, ടാന്‍ ലെതര്‍ സീറ്റുകള്‍ എന്നിവയാണ് റെഗുലര്‍ ബൈക്കുകളില്‍ നിന്ന് വിന്റേജ് എഡിഷനെ വ്യത്യസ്തമാക്കുന്നത്. സ്‌പെഷ്യല്‍ എഡിഷന്‍ മോഡലായി വിപണിയില്‍ എത്തിയിട്ടുള്ള ഈ ബൈക്കിന് 1.09 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറും വില.
കണക്ടഡ് ബൈക്ക് സ്വഭാവം നല്‍കുന്നതിനായി ബ്ലൂടൂത്ത് കണക്ടവിറ്റി നല്‍കിയിട്ടുള്ളതാണ് വിന്റേജ് എഡിഷന്റെ പ്രധാന പ്രത്യേകത. യമഹ മോട്ടോര്‍സൈക്കിള്‍ കണക്ട് എക്‌സ് ആപ്ലിക്കേഷന്‍ ബ്ലൂടൂത്ത് മുഖേന ബൈക്കുകമായി ബന്ധിപ്പിക്കാന്‍ സാധിക്കും. ഇതുവഴി റൈഡിങ്ങ് ഹിസ്റ്ററി, ബൈക്ക് ലോക്കേഷന്‍, ഇ-ലോക്ക്, പാര്‍ക്ക് റെക്കോഡ് തുടങ്ങിയവ ആക്‌സസ് ചെയ്യാന്‍ സാധിക്കും.
ലുക്കില്‍ നല്‍കിയിട്ടുള്ള പുതുമയും ബ്ലൂ ടൂത്ത് കണക്ടിവിറ്റിയും ഒഴിച്ചുനിര്‍ത്തിയാല്‍ റെഗുലര്‍ FZ-FI-ക്ക് സമാനമാണ് വിന്റേജ് എഡിഷനും. 149 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 12.2 ബി.എച്ച്.പി പവറും 13.6 എന്‍.എം ടോര്‍ക്കുമേകും. അഞ്ച് സ്പീഡ് മാനുവലാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.
Content Highlights: Yamaha FZ-S FI Vintage Edition Launched In India