കാത്തിരിപ്പിനൊടുവില്‍ യമഹ ഫേസര്‍ 25 ഇന്ത്യയില്‍ പുറത്തിറക്കി. 1.28 ലക്ഷം രൂപയാണ് പുതിയ ഫേസര്‍ 25-ന്റെ മുംബൈ എക്‌സ്‌ഷോറൂം വില. അടുത്തിടെ യമഹ കുടുംബത്തില്‍ പിറന്ന FZ 25 സ്ട്രീറ്റ് ബൈക്കിന്റെ അടിസ്ഥാനത്തിലാണ് പൂര്‍ണമായും വാഹനത്തിന്റെ നിര്‍മാണം. കരുത്തേറിയ എന്‍ജിനില്‍ മാറ്റമില്ലെങ്കിലും ഫേസറിന്റെ രൂപത്തില്‍ കാര്യമായ മാറ്റങ്ങളുണ്ട്.
പ്രധാനമായും മുന്‍ഭാഗത്തെ ഡിസൈനിലാണ് പ്രകടമായ മാറ്റങ്ങള്‍. മികച്ച എയറോഡൈനാമിക്സിന് വേണ്ടി ഫുള്‍ ബോഡി ഫ്രണ്ട് ഫെയറിങ്ങാണ് നല്‍കിയത്. എല്‍.ഇ.ഡി ഡേ ടൈം ലൈറ്റിങ് പുതുതായി ഉള്‍പ്പെടുത്തി. പഴയ ഹെഡ്‌ലൈറ്റ് ക്ലസ്റ്ററില്‍ മാറ്റമില്ല. FZ 25-ലെ 250 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് എന്‍ജിന്‍ അതേപടി തുടരും.
8000 ആര്‍പിഎമ്മില്‍ 20.9 പിഎസ് പവറും 6000 ആര്‍പിഎമ്മില്‍ 20 എന്‍എം ടോര്‍ക്കുമേകും എന്‍ജിന്‍, 5 സ്പീഡാണ് ഗിയര്‍ബോക്‌സ്. റൈഡിങ് കൂടുതല്‍ സുഖകരമാക്കന്‍ മോട്ടോറില്‍ ഓയില്‍ കൂളര്‍ നല്‍കിയിട്ടുണ്ട്. മുന്നിലും പിന്നിലും സുരക്ഷാ ചുമതല ഡിസ്‌ക് ബ്രേക്കിനാണ്. കരുത്തേറിയ വാഹനമാണെങ്കിലും ആന്റി-ലോക്കിങ് ബ്രേക്കിങ് സിസ്റ്റം ഉള്‍പ്പെടുത്തിയിട്ടില്ല.
മുന്നില്‍ 41 എംഎം ടെലസ്‌കോപ്പിക് ഫോര്‍ക്ക് അപ്പും പിന്നില്‍ മോണോഷോക്ക് അബ്‌സോര്‍ബേര്‍സുമാണ് സസ്‌പെന്‍ഷന്‍. FZ 25-നെക്കാള്‍ 6 കിലോഗ്രാം ഭാരം കൂടുതലാണ് പുതിയ ഫേസറിന്, 154 കിലോഗ്രാമാണ് ആകെ ഭാരം. ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി 14 ലിറ്ററാണ്. 43 കിലോമീറ്റര്‍ ഇന്ധനക്ഷമതയും യമഹ വാഗ്ദാനം ചെയ്തിട്ടുണ്ട്.
മള്‍ട്ടി ഫങ്ഷണല്‍ എല്‍സിഡി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ പുതുമ നല്‍കും. ഹോണ്ട CBR 250R, ബജാജ് പള്‍സര്‍ RS200, KTM ഡ്യൂക്ക് 200 എന്നിവരോടാണ് ഫേസര്‍ 25 പ്രധാനമായും മത്സരത്തിനെത്തുക. എതിരാളികളെക്കാള്‍ വില കുറവാണെന്നത് വിപണിയില്‍ ഫേസറിന് ചെറിയ മുന്‍തൂക്കം നല്‍കും.