പുത്തന്‍ ചായംതേച്ച് സുന്ദരനായിനില്ക്കുന്ന 1961 മോഡല്‍ ലാംബ്രട്ട. പ്രതാപത്തിന്റെ കഥകള്‍ പറഞ്ഞ് വിജയ് സൂപ്പറും ബജാജും. കരുത്ത് ഇത്തിരിയും ചോര്‍ന്നിട്ടില്ലെന്ന് പ്രഖ്യാപിച്ച് ലാംബിയും വെസ്പയും ചേതക്കും. വര്‍ഷങ്ങള്‍ക്കുമുമ്പ് റോഡിലെ രാജാക്കന്‍മാരായി വാണ സ്‌കൂട്ടറുകളാണ് ഞായറാഴ്ച പയ്യാമ്പലത്ത് നടന്ന സംഗമത്തില്‍ പങ്കെടുത്തത്. 

കേരളത്തിലെ പ്രമുഖ വിന്റേജ് സ്‌കൂട്ടര്‍ ഗ്രൂപ്പായ വിന്റേജ് ആന്‍ഡ് ക്ലാസിക് സ്‌കൂട്ടേഴ്‌സ് ക്ലബ്ബാ(വി.സി.എസ്.സി.)ണ് മൂന്നാം വാര്‍ഷികക്കൂട്ടായ്മയുടെ ഭാഗമായി പഴയകാല സ്‌കൂട്ടറുകളുടെ പ്രദര്‍ശനം ഒരുക്കിയത്. പയ്യാമ്പലം ബേ ക്‌ളബ്ബ് ടര്‍ഫ് ഗ്രൗണ്ടിന് സമീപത്തായിരുന്നു 'സ്‌കൂട്ടറീസ്റ്റാ-2019' എന്ന പേരിലുള്ള പരിപാടി.

വി.സി.എസ്.സി. കേരള യൂണിറ്റ് അംഗങ്ങള്‍ക്കുപുറമെ മംഗളൂരു സ്‌കൂട്ടര്‍ ക്‌ളബ്ബ്, ബെംഗളൂരു സ്‌കൂട്ടര്‍ ക്‌ളബ്ബ്, ഉഡുപ്പി റൈഡേഴ്സ് തുടങ്ങിയ വിന്റേജ് ഗ്രൂപ്പുകളും പങ്കെടുത്തു. ഏക വനിതാ പ്രതിനിധിയായി മംഗളൂരു സ്‌കൂട്ടര്‍ ക്ലബ്ബ് അംഗം രേഷ്മ സംബന്ധിച്ചു. മംഗളുരുവില്‍നിന്ന് മകനോടൊപ്പം സ്‌കൂട്ടറോടിച്ചാണ് ഇവര്‍ പരിപാടിക്കെത്തിയത്. 

ഓടിക്കാന്‍ ഡ്രൈവിങ് ലൈസന്‍സ് ആവശ്യമില്ലാത്ത ടി.വി.എസ്. എക്‌സ്പ്രസ്, 1961 മോഡല്‍ ലാംബ്രട്ട എന്നിവ പ്രദര്‍ശനത്തിലെ താരങ്ങളായി. കാല്‍ നിലത്തുതൊടാതെയുള്ള സ്ലോ റേസ്, കാലുകൊണ്ട് നിലത്തുതള്ളിയുള്ള പുഷ് റേസ്, സ്പൂണില്‍ സ്ഥാപിച്ച ചെറുനാരങ്ങയുമായി വണ്ടിയോടിക്കുന്ന ലെമണ്‍ ഓണ്‍ ദ സ്പൂണ്‍ തുടങ്ങിയ മത്സരങ്ങളും അരങ്ങേറി.

അഡ്മിന്‍മാരായ രാജേഷ് ലാഷ്, പി.കെ.അഭിനവ്, ലിജില്‍ ലക്ഷ്മണന്‍ എന്നിവര്‍ നേതൃത്വംനല്കി. വി.സി.എസ്.സി. കൂട്ടായ്മക്ക് സംസ്ഥാനത്തൊട്ടാകെ രണ്ടായിരത്തോളം അംഗങ്ങളുണ്ട്.

Content Highlights: Vintage Scooter Meet Up In Kannur