ഭൂരിഭാഗം ഇരുചക്ര വാഹനങ്ങളും ഫ്യുവല്‍ ഇഞ്ചക്റ്റഡ് സംവിധാനത്തിലേക്ക് മാറുമ്പോള്‍ കാര്‍ബുറേറ്റര്‍ വേര്‍ഷന്‍ ബൈക്കിനെ തിരിച്ചെത്തിക്കുകയാണ് യുഎം മോട്ടോര്‍ സൈക്കിള്‍. യുഎം ക്രൂയിസര്‍ ശ്രേണിയില്‍ അവതരിപ്പിച്ച കമാന്‍ഡോ ക്ലാസികിന്റെ കാര്‍ബുറേറ്റര്‍ വേര്‍ഷനാണ് ഇന്ത്യയില്‍ തിരിച്ചെത്തുന്നത്. 

മലിനീകരണം കുറയ്ക്കുന്നതിനായി അവതരിപ്പിച്ച ബിഎസ്-4 എന്‍ജിനൊപ്പമാണ് യുഎം ബൈക്കുകളില്‍ ഫ്യുവല്‍ ഇഞ്ചക്റ്റഡ് സംവിധാനവും ഒരുക്കിയത്. എന്നാല്‍, ഈ ഫ്യുവല്‍ ഇഞ്ചക്റ്റഡ് മോഡല്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ ഇപ്പോള്‍ കാര്‍ബുറേറ്റര്‍ മോഡലിലും കമാന്‍ഡോ ക്ലാസിക് എത്തിച്ചിരിക്കുകയാണ്.

രൂപത്തിലും കരുത്തിലും യാതൊരു മാറ്റത്തിനും വിധേയമാകാത്ത കമാന്‍ഡോ ക്ലാസിക്കിന് ഇപ്പോള്‍ നിരത്തിലുള്ള ഫ്യുവല്‍ ഇഞ്ചക്റ്റഡ് മോഡലിനെക്കാളും 6000 രൂപ വില കുറച്ചാണ് കാര്‍ബുറേറ്റര്‍ മോഡല്‍ എത്തുന്നത്. 1.95 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില. 

അമേരിക്കന്‍ ക്രൂയിസര്‍ ഡിസൈനില്‍ രൂപകല്‍പ്പന നിര്‍വഹിച്ചിട്ടുള്ള വാഹനമാണ് കമാന്‍ഡോ ക്ലാസിക്. വലിയ ടാങ്ക്, ബാക്ക് റെസ്റ്റ് നല്‍കിയിട്ടുള്ള സ്പ്ലിറ്റ് സീറ്റ്, റൗണ്ട് ഷേപ്പിലുള്ള ഹെഡ്‌ലൈറ്റും വലിയ വില്‍ഡ് ഷീല്‍ഡും ഉള്‍പ്പെടുന്നതാണ് കമാന്‍ഡോയുടെ രൂപം. 

26 ബിഎച്ച്പി കരുത്തും 23 എന്‍എം ടോര്‍ക്കുമേകുന്ന 279.5 സിസി ലിക്വിഡ് കൂള്‍ സിംഗില്‍ സിലിണ്ടര്‍ എഞ്ചിനും അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സുമാണ് കമാന്‍ഡോ ക്ലാസിക്കില്‍ നല്‍കിയിട്ടുള്ളത്. 

നിലവില്‍ റെനഗേഡ് കമാന്‍ഡോ ക്ലാസിക്, റെനഗേഡ് കമാന്‍ഡോ മെഹാവേ, റെനഗേഡ് കമാന്‍ഡോ, റെനഗേഡ് സ്പോര്‍ട്ട് എസ് എന്നീ നാല് മോഡലുകളാണ് യുഎം ഇന്ത്യയില്‍ വിറ്റഴിക്കുന്നത്. 

Content Highlights: UM Renegade Commando Classic carburettor variant launched