കൊച്ചി: പ്രമുഖ അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ യു.എം. ഇന്റര്‍നാഷണലിന്റെ പുതിയ ക്രൂസര്‍ ബൈക്ക് മോഡലുകളായ റെനഗേഡ് കമാന്‍ഡോ ക്ലാസിക്, റെനഗേഡ് കമാന്‍ഡോ മൊഹാവേ എന്നിവ കേരളത്തിലെ വിപണിയിലെത്തി. ക്രൂസര്‍ നിരയില്‍ റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേഡാണ് ഇവിടെ റെനഗേഡിന്റെ പ്രധാന എതിരാളികളിലൊന്ന്‌.

യുവാക്കളെ ലക്ഷ്യമിട്ടാണ് യു.എം. റെനഗേഡ് കമാന്‍ഡോ ക്ലാസിക്, റെനഗേഡ് കമാന്‍ഡോ മൊഹാവേ എന്നീ പുതിയ മോഡലുകള്‍ അവതരിപ്പിച്ചത്. മൊത്തം 60 ഡീലര്‍ഷിപ്പുകളാണ് കമ്പനിക്ക് രാജ്യത്തുള്ളതെന്നും ദീപാവലിയോടനുബന്ധിച്ച് ഇത് 72 ആക്കി മാറ്റുമെന്നും യു.എം. ഇന്ത്യ ടൂ വീലേഴ്സ് ഡയറക്ടര്‍ ഹോസെ വിലെഗാസ് പറഞ്ഞു.

279.5 സിസി സിംഗ്ള്‍ സിലിന്‍ഡര്‍ ലിക്വിഡ് കൂള്‍ഡ് ഇഎഫ്ഐ എന്‍ജിനുള്ള റെനഗേഡ് കമാന്‍ഡോ ക്ലാസിക് 2016-ലെ ഓട്ടോ എക്സ്പോയില്‍ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. 4 സ്ട്രോക്, 4 വാല്‍വ്, 8500 ആര്‍പിഎമ്മില്‍ 25.15 പി.എസും 7000 ആര്‍.പി.എമ്മില്‍ 23 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന സ്പാര്‍ക്ക് ഇഗ്‌നീഷന്‍ തുടങ്ങിയവയാണ് പ്രധാന സവിശേഷത. 1.95 ലക്ഷം രൂപയാണ് കൊച്ചി എക്സ്ഷോറൂം വില.

റെനഗേഡ് കമാന്‍ഡോ ക്ലാസിക്കിന്റെ എന്‍ജിന്‍ തന്നെയാണ് റെനഗേഡ് കമാന്‍ഡോ മൊഹാവേയുടേതും. മാറ്റ് പെയിന്റാണ് ഒരു ആകര്‍ഷണം. ടെലിസ്‌കോപിക് സസ്പെന്‍ഷനുള്ളതാണ് ഇതിന്റെ മുന്‍ഭാഗത്തെ വീല്‍. ഇരു ബൈക്കുകളുടെയും ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി 18 ലിറ്ററാണ്. മൊഹാവേയുടെ കൊച്ചി എക്സ് ഷോറൂം വില 1.86 ലക്ഷം രൂപയാണ്.