രാജ്യത്തെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് കരുത്തുറ്റ പവര്‍ ക്രൂയിസര്‍ മോഡല്‍ നിരത്തിലെത്തിക്കുകയാണ്. കഴിഞ്ഞ 2018 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ വാഹന പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ സെപ്‌ലിന്‍ കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ പതിപ്പ് വരുന്ന 2020 ഓട്ടോ എക്‌സ്‌പോയില്‍ പുറത്തിറങ്ങുമെന്ന് സൂചന. അധികം വൈകാതെ സെപ്‌ലിന്‍ പെര്‍ഫോമെന്‍സ് ക്രൂയിസറിന്റെ പരീക്ഷണയോട്ടവും ടിവിഎസ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

zeppelin
Concept Model

ഫ്യൂച്ചറിസ്റ്റിക് ക്രൂയിസര്‍ കണ്‍സെപ്റ്റായാണ് ടിവിഎസ് സെപ്‌ലിന്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. ഒറ്റനോട്ടത്തില്‍ മനംകവരുന്ന സ്‌പോര്‍ട്ടി രൂപം കണ്‍സെപ്റ്റിനുണ്ടായിരുന്നു. ഇതില്‍നിന്ന് രൂപത്തില്‍ വലിയ മാറ്റങ്ങള്‍ പ്രൊഡക്ഷന്‍ സ്‌പെക്കിനുണ്ടാവില്ല. 220 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. ഇതിനൊപ്പം ഇബൂസ്റ്റ് എന്ന് വിശേഷിപ്പിക്കുന്ന ടിവിഎസിന്റെ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ സംവിധാനവും ക്രൂയിസറിലുണ്ട്. പ്രകടനവും ഇന്ധനക്ഷമതയും മെച്ചപ്പെടുത്താന്‍ ഇബൂസ്റ്റ് സാങ്കേതികതയ്ക്ക് സാധിക്കും. 

48 V ലിഥിയം അയോണ്‍ ബാറ്ററിയോടെയുള്ള 1,200 വാട്ട് റീജനറേറ്റീവ് അസിസ്റ്റ് മോട്ടോറാണ് 220 സിസി എഞ്ചിന് വേണ്ട ശക്തി നല്‍കുന്നത്. ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ഇരുപതു ശതമാനത്തോളം അധിക ടോര്‍ക്ക് ഉത്പാദിപ്പിക്കാന്‍ മോട്ടോറിന് കഴിയും. അപ്സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കുകള്‍ ഒതുങ്ങിയ ഹെഡ്ലൈറ്റ് എന്നിവ ഡിസൈന്‍ സവിശേഷതകളാണ്. താഴ്ന്ന ബാറുകളും മുന്നിലേക്ക് ആഞ്ഞു നില്‍ക്കുന്ന ഫൂട്ട്റെസ്റ്റുകളും ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമാണ്. മാറ്റ് ബ്ലാക്, റസ്റ്റിക് ബ്രൗണ്‍ നിറങ്ങളിലാണ് സെപ്ലിനുള്ളത്.

zeppelin
Concept Model

ഭാരം കുറഞ്ഞ ട്യൂബ്ലെസ് സ്പോക്ക് വീലുകള്‍, 41 മില്ലിമീറ്റര്‍ അപ്സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കുകള്‍, മോണോഷോക്ക് റിയര്‍ സസ്പെന്‍ഷന്‍, ഡ്യൂവല്‍ ചാനല്‍ എബിഎസ് എന്നിവയും ഇതിലുണ്ട്. എല്‍.ഇ.ഡി ലൈറ്റുകളാണ് മുഴുവനായുമുള്ളത്. സ്മാര്‍ട്ട് ബയോകീ, ഇലക്ട്രോണിക് സ്പീഡോമീറ്റര്‍, ഓണ്‍ലൈന്‍ കണക്ടിവിറ്റി പോലുള്ള സ്മാര്‍ട്ട് വിശേഷങ്ങളുമുണ്ട്. സാഹസികയാത്രകള്‍ പകര്‍ത്താനായി വാഹനത്തിന്റെ മുന്നില്‍ ഹൈ ഡെഫനിഷന്‍ ക്യാമറയും കണ്‍സെപ്റ്റിലുണ്ട്‌. എന്നാല്‍ വില കുറയ്ക്കാനായി ഇവയില്‍ പല ഫീച്ചേഴ്‌സും പ്രൊഡക്ഷന്‍ സ്‌പെക്കില്‍ ഉള്‍പ്പെടുത്തിയേക്കില്ല. 

Content Highlights; TVS Zeppelin cruiser production model debut at 2020 auto expo, Zeppelin power cruiser coming soon, TVS Zeppelin launch date, Zeppelin

Source; Bikewale