ലോകത്തെ മുന്‍നിര വാഹന നിര്‍മാതാക്കളെല്ലാം ഇലക്ട്രിക്കിലേക്ക് ചുവടുവച്ചു കഴിഞ്ഞു. 2030-ഓടെ ഇന്ത്യന്‍ നിരത്തുകളും പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വഴിമാറി കൊടുക്കുകയാണ്. ഇതിന്റെ മുന്നോടിയായി ടിവിഎസ് മോട്ടോഴ്‌സ് ഇലക്ട്രിക് ഇരുചക്ര വാഹനം പുറത്തിറക്കുകയാണ്. അടുത്ത വര്‍ഷം ജൂണില്‍ എത്തുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ ജൂപിറ്റര്‍ ആകുമെന്നാണ് കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നിലവില്‍ കമ്പനിയുടെ ബെസ്റ്റ് സെല്ലിങ് സ്‌കൂട്ടറാണ് ജൂപിറ്റര്‍. വെറും നാല് വര്‍ഷത്തിനുള്ളില്‍ 20 ലക്ഷം യൂണിറ്റ് ജൂപിറ്റര്‍ ഇതിനോടകം ടിവിഎസ് വിറ്റഴിച്ചിട്ടുണ്ട്. ഈ ജനപ്രിതീ മുന്നില്‍ കണ്ടാണ് ജൂപിറ്ററിന്റെ ഇലക്ട്രിക് വകഭേദം വരുന്നത്. 

ലിതിയം അയേണ്‍ ബാറ്ററി കരുത്ത് പകരുന്ന സ്‌കൂട്ടറിന് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 50 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ സാധിക്കുമെന്നാണു കരുതുന്നത്. രൂപത്തില്‍ റഗുലര്‍ ജൂപിറ്ററിന്റെ പാത അതുപോലെ ഇലക്ട്രിക് ജൂപിറ്ററും തുടര്‍ന്നേക്കും. ഫീച്ചേഴ്‌സ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. നിലവില്‍ ഹീറോ ഇലക്ട്രിക്, ആംപര്‍ എന്നീ കമ്പനികള്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ ഇന്ത്യയില്‍ വിറ്റഴിക്കുന്നുണ്ട്. എന്നാല്‍ പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ക്ക് ബദലായ ഇലക്ട്രിക്കിന്‌ വലിയ തോതില്‍ സ്വീകാര്യത ലഭിച്ചിരുന്നില്ല. ടിവിഎസിന് പുറമേ ബജാജ് ഓട്ടോ, മഹീന്ദ്ര, യമഹ തുടങ്ങിയ മുന്‍നിര കമ്പനികളും വരും വര്‍ഷങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഇങ്ങോട്ടെത്തുമെന്ന് പ്രഖ്യാപിച്ചതിനാല്‍ ഇവയുടെ ജനപ്രീതി വര്‍ധിക്കും. 

Content Highlights: Jupitor Electric Scooter, TVS Jupiter, Jupiter, Jupitor Electric Scooter, TVS