ന്ത്യന്‍ നിരത്തുകളില്‍ ഏറ്റവുമധികം ഫാന്‍സുള്ള സ്‌കൂട്ടറായി മാറിയിരിക്കുകയാണ് ടി.വി.എസ്. എന്‍ടോര്‍ക്ക്. മാര്‍വല്‍ എഡിഷന്‍ കൂടി എത്തിയതോടെ കൂടുതല്‍ യുവാക്കള്‍ ഈ സ്‌കൂട്ടര്‍ സ്വന്തമാക്കിയിട്ടുണ്ട്. സ്വന്തം നാട്ടില്‍ മാത്രമല്ല, വിദേശ നിരത്തുകളിലും ഈ സ്‌കൂട്ടറിന് സൂപ്പര്‍ സ്റ്റാര്‍ പരിവേഷമാണ് ലഭിച്ചിരിക്കുന്നത്. ഇതിനോടകം വിദേശ നിരത്തുകളില്‍ ഒരു ലക്ഷം എന്‍ടോര്‍ക്ക് വിറ്റഴിച്ചെന്നാണ് റിപ്പോര്‍ട്ട്.

2018-ലാണ് ഇന്ത്യന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ ടി.വി.എസ്. രാജ്യത്തെ തന്നെ ആദ്യത്തെ ബ്ലു ടൂത്ത് കണക്ടിവിറ്റിയുള്ള സ്‌കൂട്ടറായ എന്‍ടോര്‍ക്ക് അവരിപ്പിക്കുന്നത്. ആ വര്‍ഷം തന്നെ എന്‍ടോര്‍ക്ക് വിദേശ രാജ്യങ്ങളിലേക്കും കയറ്റുമതി ആരംഭിച്ചിരുന്നു. നിലവില്‍ സൗത്ത് ഏഷ്യ, ലാറ്റിന്‍ അമേരിക്ക, മിഡില്‍-ഈസ്റ്റ് എന്നിവിടങ്ങളിലായി 19 രാജ്യങ്ങളിലേക്ക് ഈ വാഹനം കയറ്റുമതി ചെയ്യുന്നുണ്ട്.

ഇന്ത്യന്‍ നിരത്തുകളിലേതിന് സമാനമായി ഇന്റര്‍നാഷണല്‍ വിപണികളിലും തിളങ്ങാന്‍ എന്‍ടോര്‍ക്കിന് സാധിച്ചിട്ടുണ്ട്. ഈ സ്‌കൂട്ടറിന്റെ രൂപഭംഗിയും കണക്ടിവിറ്റി സംവിധാനവും മികച്ച പ്രകടനവും യുവാക്കളെ ഏറെ ആകര്‍ഷിക്കുന്നതാണ്. എല്ലാ മാര്‍ക്കറ്റുകളിലും യുവാക്കളാണ് എന്‍ടോര്‍ക്കിന്റെ പ്രധാന ഉപഭോക്താക്കളെന്നും ടി.വി.എസ്. മോട്ടോര്‍ കമ്പനി മേധാവി അഭിപ്രായപ്പെട്ടു.

സ്മാര്‍ട്ട് സ്‌കൂട്ടര്‍ എന്ന ആശയവുമായാണ് എന്‍ടോര്‍ക്ക് വിപണിയില്‍ എത്തിയത്. ടി.വി.എസ്. സമാര്‍ട്ട് എക്‌സോണെറ്റ് സിസ്റ്റം, ടി.വി.എസ്. കണക്ട് മൊബൈല്‍ ആപ്പുമായി സ്‌കൂട്ടറിനെ ബന്ധിപ്പിക്കാന്‍ സഹായിക്കുന്ന ബ്ലുടൂത്ത് കണക്ടവിറ്റി, നാവിഗേഷന്‍ അസിസ്റ്റ്, സ്പീഡ് റെക്കോഡര്‍, ഫോണ്‍ ബാറ്ററി ഡിസ്‌പ്ലേ, ലാസ്റ്റ് പാര്‍ക്ക് ലൊക്കേഷന്‍ അസിസ്റ്റ് തുടങ്ങിയ സംവിധാനങ്ങളും ഇതിലുണ്ട്.

ഡ്രം, ഡിസ്‌ക്, റേസ് എഡിഷന്‍ എന്നീ മൂന്ന് വേരിയന്റുകളിലാണ് എന്‍ടോര്‍ക്ക് എത്തുന്നത്. മൂന്ന് മോഡലിലും 124.8 സി.സി. സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഇത് 9.1 ബി.എച്ച്.പി. പവറും 10.5 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. സി.വി.ടി. ഗിയര്‍ബോക്‌സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. ആറ് നിറങ്ങളില്‍ എന്‍ടോര്‍ക്ക് വിപണിയില്‍ എത്തിയിട്ടുണ്ട്.

Content Highlights: TVS Sells More Than One Lakh Unit Of NTorq Scooter In International Market