ന്ത്യന്‍ ഇരുചക്ര വാഹനനിര്‍മാതാക്കളായ ടിവിഎസിന്റെ സ്‌കൂട്ടര്‍ ശ്രേണിയിലെ സ്ത്രീ സൗഹാര്‍ദ മോഡലായ സ്‌കൂട്ടി സെസ്റ്റ് 110 ബിഎസ്-6 എന്‍ജിനിലേക്ക് മാറുന്നു. പുതിയ എന്‍ജിന്‍ നല്‍കിയുള്ള ഈ വാഹനത്തിന്റെ വരവറിയിച്ചുള്ള പുതിയ ടീസര്‍ ടിവിഎസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

സെസ്റ്റ് 110 ബിഎസ്-6 ഉടനെത്തുമെന്നാല്ലാതെ വാഹനത്തെ സംബന്ധിച്ചുള്ള വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. കൂടുതല്‍ ഇന്ധനക്ഷമതയുടെ കാര്യത്തില്‍ ശ്രദ്ധനേടിയിട്ടുള്ള ഈ സ്‌കൂട്ടര്‍ ഇത്തവണ പ്രകൃതി സൗഹാര്‍ദമായിരിക്കുമെന്നാണ് സൂചന. ഡിസൈനില്‍ മാറ്റമില്ലാതെയാണ് സെസ്റ്റ് 110 എത്തുന്നത്.

ഡിസൈന്‍ ശൈലിയില്‍ മാറ്റം വരുത്തുന്നില്ലെങ്കിലും പുതിയ സെസ്റ്റില്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, ഇതിനൊപ്പം തന്നെയുള്ള ഡിആര്‍എല്‍, എല്‍ഇഡി ടെയ്ല്‍ലാമ്പ്, ഡ്യുവല്‍ ടോണ്‍ സീറ്റ് കവര്‍, യുഎസ്ബി ചര്‍ജിങ്ങ് പോര്‍ട്ട്, 19 ലിറ്റര്‍ സ്‌റ്റോറേജ്, പാര്‍ക്കിങ്ങ് ബ്രേക്ക്, ട്യൂബ് ലെസ് ടയര്‍ എന്നിവ ഈ സ്‌കൂട്ടറില്‍ നല്‍കിയേക്കും. 

സുഖയാത്രയ്ക്കായി മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ഹൈഡ്രോളിക് മോണോഷോക്കുമായിരിക്കും ഈ വാഹനത്തില്‍ സസ്‌പെന്‍ഷന്‍ ഒരുക്കുന്നത്. സുരക്ഷയൊരുക്കുന്നതിനായി മുന്നില്‍ 110 എംഎം ഡ്രം ബ്രേക്കും പിന്നില്‍ 130 എംഎം ഡ്രം ബ്രേക്കുമായിരിക്കും സെസ്റ്റ് 110-ല്‍ നല്‍കുക. 

ബിഎസ്-6 നിലവാരത്തിലേക്ക് ഉയര്‍ന്ന 109.7 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനായിരിക്കും ഈ സ്‌കൂട്ടറിന് കരുത്തേകുന്നത്. ബിഎസ്- 4 എന്‍ജിന്‍ മോഡലില്‍ 7.8 ബിഎച്ച്പി കരുത്തും 8.4 എന്‍എം ടോര്‍ക്കുമായിരുന്നു ഈ എന്‍ജിന്റെ പവര്‍. ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനമുള്ളതിനാല്‍ കൂടുതല്‍ ഇന്ധനക്ഷമത പ്രതീക്ഷിക്കാം.

Content Highlights: TVS Scooty Zest 110 BS6 Model Teaser Released