ന്ത്യയിലെ 125 സി.സി. കമ്മ്യൂട്ടര്‍ ബൈക്ക് ശ്രേണിയില്‍ കരുത്തന്‍ സാന്നിധ്യമാകാനൊരുങ്ങി ടി.വി.എസ്. ഇതിന്റെ ഭാഗമായി ടി.വി.എസ്. റൈഡര്‍ 125 എന്ന മോഡല്‍ അവതരിപ്പിച്ചു. 77,500 രൂപയാണ് ഈ ബൈക്കിന്റെ എക്‌സ്‌ഷോറൂം വില. കമ്മ്യൂട്ടര്‍ ബൈക്ക് ശ്രേണിയിലെ കരുത്തരായ ഹീറോ ഗ്ലാമര്‍, ബജാജ് പള്‍സര്‍ 125, ഹോണ്ട സി.ബി. ഷൈന്‍ എസ്.പി. എന്നീ ബൈക്കുകളുമായി മത്സരിക്കാനാണ് ഈ ബൈക്ക് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. 

നേക്കഡ് ബൈക്കുകള്‍ക്ക് സമാനമായ ഡിസൈന്‍ ശൈലിയിലാണ് റൈഡര്‍ 125 എത്തിയിട്ടുള്ളത്. എല്‍.ഇ.ഡി. ലൈന്‍ ഡി.ആര്‍.എല്‍. നല്‍കിയിട്ടുള്ള ഹെഡ്‌ലാമ്പ് ക്ലസ്റ്റര്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, സ്പ്ലീറ്റ് സീറ്റ്, ബ്ലാക്ക് അലോയി വീല്‍, ഉയര്‍ന്ന് നില്‍ക്കുന്ന എക്‌സ്‌ഹോസ്റ്റ്, പ്രൊജക്ട് ചെയ്ത് നില്‍ക്കുന്ന റൈഡര്‍ ബാഡ്ജിങ്ങ്, ഉയര്‍ന്ന ടാങ്ക് തുടങ്ങിയവയാണ് കാഴ്ചയില്‍ ഈ ബൈക്കിനെ ആകര്‍ഷകമാക്കുന്നത്. 

നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുമായി എത്തിയിട്ടുള്ളതും ഈ ബൈക്കിനെ വേറിട്ടതാക്കുന്നുണ്ട്. സീറ്റിനടിയില്‍ നല്‍കിയിട്ടുള്ള സ്റ്റോറേജ് സ്‌പേസ്, ഉയര്‍ന്ന ഇന്ധനക്ഷമത ഉറപ്പാക്കുന്നതിനായി എക്കോ മോഡും മികച്ച പെര്‍ഫോമെന്‍സ് ഉറപ്പാക്കുന്നതിനായി പവര്‍ മോഡും ഈ ബൈക്കില്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ നിരത്തുകള്‍ക്ക് പുറമെ, വിദേശ രാജ്യങ്ങളില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ ബൈക്ക് ഒരുക്കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യന്‍ നിരത്തുകള്‍ക്ക് യോജിച്ച രീതിയില്‍ 180 എം.എം. എന്ന ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സാണ് റൈഡറില്‍ നല്‍കിയിട്ടുള്ളത്. 780 എം.എം. ആണ് സീറ്റ് ഹൈറ്റും 1326 എം.എം. വീല്‍ബേസുമുള്ള ഈ ബൈക്കിന് 123 കിലോഗ്രാം ഭാരവുമുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതിനായി മുന്നില്‍ 240 എം.എം. ഡിസ്‌ക് ബ്രേക്കും പിന്നില്‍ 130 എം.എം. ഡ്രം ബ്രേക്കും നല്‍കിയിട്ടുണ്ട്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ ഒരുക്കുന്നത്. 

124.8 സി.സി. സിംഗിള്‍ സിലിണ്ടര്‍ ഫ്യുവല്‍ ഇഞ്ചക്ടഡ് മൂന്ന് വാല്‍വ് എന്‍ജിനാണ് ടി.വി.എസ്. റൈഡറിന്റെ ഹൃദയം. ഇത് 11.22 ബി.എച്ച്.പി. പവറുംമ 11.2 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുന്നത്. ഗിയര്‍ ഷിഫ്റ്റ് ഇന്റിക്കേറ്റര്‍, സൈഡ് സ്റ്റാന്റ് കട്ട്-ഓഫ് സ്വിച്ച്, ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ ഇന്റിക്കേറ്റര്‍, ഡിസ്റ്റന്‍സ് ടു എംറ്റി ഇന്റിക്കേറ്റര്‍ തുടങ്ങിയ സംവിധാനങ്ങളും ഈ ബൈക്കില്‍ ഒരുക്കിയിട്ടുണ്ട്.

Content Highlights: TVS Raider 125 Launched In India, 125 CC Commuter Bike