ന്ത്യയിലെ കമ്മ്യൂട്ടര്‍ ബൈക്ക് ശ്രേണിയില്‍ ശക്തമായ മത്സരത്തിന് കളമൊരുക്കിയെത്തിയ ബൈക്കായിരുന്നു ടിവിഎസ് റേഡിയോണ്‍. 110 സിസി എന്‍ജിനിലെത്തിയ ഈ യാത്രാബൈക്കിന്റെ ബിഎസ്-6 പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. ബിഎസ്-4 മോഡലുകളെക്കാള്‍ 8600 രൂപ വരെ വില വര്‍ധിപ്പിച്ചാണ് ബിഎസ്-6 എന്‍ജിന്‍ റേഡിയോണ്‍ എത്തിയിരിക്കുന്നത്. 

58,992 രൂപ മുതല്‍ 64,992 രൂപ വരെയാണ് റേഡിയോണിന്റെ പുതിയ എക്‌സ്‌ഷോറൂം വില. ബിഎസ്-6 നിലവാരത്തിലേക്ക് മാറിയതിനൊപ്പം ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനവും എന്‍ജിന്‍ നല്‍കിയിട്ടുണ്ട്. ഇത് കാര്‍ബറേറ്റര്‍ മോഡലിനെക്കാള്‍ 15 ശതമാനം അധിക ഇന്ധനക്ഷമത നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 

109.7 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിന്‍ തന്നെയാണ് റേഡിയോണിന് കരുത്തേകുന്നത്. ഇത് 8.08 ബിഎച്ച്പി പവറും 8.7 എന്‍എം ടോര്‍ക്കുമേകും. ബിഎച്ച്പി ലെവലില്‍ 0.22-ന്റെ കുറവുണ്ടായിട്ടുണ്ടെങ്കിലും ടോര്‍ക്കില്‍ മാറ്റം വരുത്തിയിട്ടില്ല. നാല് സ്പീഡ് ഗിയര്‍ബോക്‌സാണ് പുതിയ മോഡലിലും ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 

ഡിസൈന്‍ ശൈലിയില്‍ മാറ്റം വരുത്തിയിട്ടില്ല. സിംഗിള്‍ ക്രാഡില്‍ ട്യൂബുലാര്‍ ഫ്രെയ്മിലാണ് റേഡിയോണിന്റെ പിറവി. വലിയ സീറ്റ്, ഹെഡ്‌ലാമ്പിലെ ക്രോം ബെസല്‍, ടാങ്കിലെ പ്ലാസ്റ്റിക് പാഡിങ്, ചാമ്പ്യന്‍ ഗോള്‍ഡ് എന്‍ജിന്‍ കവര്‍, അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓപ്ഷണലായി യുഎസ്ബി ചാര്‍ജിങ് സ്ലോട്ട് എന്നിവയാണ് വാഹനത്തിന്റെ സവിശേഷത.

ഡിസ്‌ക്, ഡ്രം ബ്രേക്കുകള്‍ റേഡിയോണിന് സുരക്ഷയൊരുക്കും. 180 എംഎം ആണ് വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി 10 ലിറ്റര്‍. 18 ഇഞ്ചാണ് അലോയി വീല്‍.

Content Highlights: TVS Radeon BS6 Ebgine Model Launched