രുചക്ര വാഹനലോകത്ത് അടുത്തിടെ നടന്ന ഏറ്റവും ഹോട്ട് ഡീലായിരുന്നു ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ ടി.വി.എസ്. ബ്രിട്ടണ്‍ സൂപ്പര്‍ ബൈക്ക് നിര്‍മാതാക്കളായ നോര്‍ട്ടണിനെ ഏറ്റെടുത്തത്. ഈ ഇടപാടിലൂടെ ടി.വി.എസിന്റെ മേല്‍വിലാസത്തില്‍ കൂടുതല്‍ മികച്ച ബൈക്കുകള്‍ ഇന്ത്യയില്‍ എത്തുമെന്നായിരുന്നു ഇരുചക്ര വാഹന പ്രേമികള്‍ പ്രതീക്ഷിച്ചിരുന്നത്.

എന്നാല്‍, ബൈക്ക് പ്രേമികളെ ഏറ്റവുമധികം സന്തോഷിപ്പിക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നോര്‍ട്ടണ്‍ ബ്രാന്റില്‍ തന്നെ ബൈക്കുകള്‍ ഇന്ത്യയില്‍ എത്തിക്കാനുള്ള നീക്കങ്ങളിലാണ് ടി.വി.എസ്. എന്നാണ് റിപ്പോര്‍ട്ട്. എന്നാൽ ഈ ബൈക്കുകള്‍ എപ്പോള്‍  എത്തുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

ഇന്ത്യന്‍ നിരത്തുകള്‍ക്കായി നോര്‍ട്ടണ്‍ നാല് വാഹനങ്ങള്‍ക്ക് ട്രേഡ് മാര്‍ക്ക് സ്വന്തമാക്കിയതായും സൂചനയുണ്ട്. നോര്‍ട്ടണ്‍ കമാന്‍ഡോ, അറ്റ്ലസ്, മാന്‍എക്‌സ്, ഫാസ്റ്റ്ബാക്ക് എന്നീ പേരുകള്‍ക്കാണ് നോര്‍ട്ടണ്‍ ട്രേഡ്മാര്‍ക്ക് നേടിയിരിക്കുന്നത്. എന്നാല്‍, നോര്‍ട്ടണ്‍ മോട്ടോര്‍ സൈക്കിളുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ പദ്ധതിയില്ലെന്ന് ടി.വി.എസ്. മേധാവി മുമ്പ് അറിയിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷമാണ് ഏകദേശം 153 കോടി രൂപയ്ക്ക് (16 മില്ല്യണ്‍ പൗണ്ട്) ടിവിഎസ് നോര്‍ട്ടണ്‍ മോട്ടോസൈക്കിള്‍ കമ്പനിയുടെ ഉടമസ്ഥാവകാശവും ഏതാനും സ്വത്തുവകകളും ഏറ്റെടുത്തത്.  ലോകത്താകമാനം സാന്നിധ്യമറിയിച്ചിട്ടുള്ള നോര്‍ട്ടണ്‍ കമ്പനി ഏറ്റെടുക്കുന്നതിലൂടെ ടിവിഎസിന്റെ വാഹനങ്ങളും ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

ട്രൈംഫ്, ബിഎസ്എ, റോയല്‍ എന്‍ഫീല്‍ഡ് എന്നിവയ്ക്ക് പുറമെ, ഇന്ത്യന്‍ കമ്പനിയുടെ ഉടമസ്ഥതയിലേക്ക് വരുന്ന ഇരുചക്ര വാഹനനിര്‍മാതാക്കളാണ് നോര്‍ട്ടണ്‍. 1898-ല്‍ ബെര്‍മിങ്ങ്ഹാം ആസ്ഥാനമായി ആരംഭിച്ച നോര്‍ട്ടണ്‍ ലോകത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ബൈക്കുകളുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ബി.എം.ഡബ്ല്യു മോട്ടോറാഡുമായി ടി.വി.എസ്. സഹകരിക്കുന്നുണ്ട്.

Source: ET Auto

Content Highlights: TVS Planning To bring Norton Super Bikes To India: Report