ബ്രിട്ടീഷ് സൂപ്പര്‍ബൈക്ക് നിര്‍മാതാക്കളായ നോര്‍ട്ടണ്‍ മോട്ടോര്‍സൈക്കിള്‍ ഇനി ഇന്ത്യന്‍ വാഹനനിര്‍മാതാക്കളായ ടിവിഎസിന് സ്വന്തം. ഏകദേശം 153 കോടി രൂപയ്ക്കാണ് (16 മില്ല്യണ്‍ പൗണ്ട്) ടിവിഎസ് നോര്‍ട്ടണ്‍ മോട്ടോസൈക്കിള്‍ കമ്പനിയുടെ ഉടമസ്ഥാവകാശവും ഏതാനും സ്വത്തുവകകളും ഏറ്റെടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഈ ഏറ്റെടുക്കല്‍ ടിവിഎസിന് വലിയ നേട്ടങ്ങള്‍ സമ്മാനിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ലോകത്താകമാനം സാന്നിധ്യമറിയിച്ചിട്ടുള്ള മോട്ടോര്‍സൈക്കിള്‍ കമ്പനിയാണ് നോര്‍ട്ടണ്‍. ഈ കമ്പനിയുടെ ഭാഗമാകുന്നതോടെ ടിവിഎസിന്റെ വാഹനങ്ങളും ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുമെന്നാണ് കമ്പനി അഭിപ്രായപ്പെടുന്നത്.

നോര്‍ട്ടണില്‍ നിന്ന് പുറത്തിറങ്ങാനൊരുങ്ങുന്ന കമാന്‍ഡോ, ഡോമിനേറ്റര്‍, വി4 ആര്‍ആര്‍ എന്നീ മോഡലുകള്‍ക്കായി അവേശത്തോടെ കാത്തിരിക്കുകയാണ്. ഈ ബൈക്കുകളുടെ വിപണിക്കൊപ്പം ടിവിഎസിനും കൂടുതല്‍ രാജ്യങ്ങളില്‍ വിപണി തുറന്നുലഭിക്കും. ഈ കൂട്ടുകെട്ട് കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ടിവിഎസ് അറിയിച്ചു. 

ട്രൈംഫ്, ബിഎസ്എ, റോയല്‍ എന്‍ഫീല്‍ഡ് എന്നിവയ്ക്ക് പുറമെ, ഇന്ത്യന്‍ കമ്പനിയുടെ ഉടമസ്ഥതയിലേക്ക് വരുന്ന ഇരുചക്ര വാഹനനിര്‍മാതാക്കളാണ് നോര്‍ട്ടണ്‍. 1898-ല്‍ ബെര്‍മിങ്ങ്ഹാം ആസ്ഥാനമായി ആരംഭിച്ച നോര്‍ട്ടണ്‍ ലോകത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ബൈക്കുകളുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

ജര്‍മന്‍ ആഡംബര വാഹനനിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ ഇരുചക്ര വാഹനവിഭാഗമായ മോട്ടോറാഡുമായി ടിവിഎസ് സഹകരിക്കുന്നുണ്ട്. ഈ കൂട്ടുകെട്ടിന്റെ ഭാഗമായി ബിഎംഡബ്ല്യുവിന്റെ ഏറ്റവും ഏറ്റവും ചെറിയ ബൈക്കുകളായ ജി310ആര്‍, ജി310 ജിഎസ് എന്നീ മോഡലുകള്‍ ചെന്നൈയിലെ ടിവിഎസ് പ്ലാന്റിലാണ് നിര്‍മിച്ചത്.

Content Highlights: TVS Motors Acquire British Motorcycle Norton