ന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ടി.വി.എസ്. പുറത്തിറക്കിയിട്ടുള്ള ഇലക്ട്രിക് സ്‌കൂട്ടറായ ഐക്യൂബ് കേരളത്തിലുമെത്തി. ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ഘട്ടംഘട്ടമായി അവതരിപ്പിച്ച വരുന്ന ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ അഞ്ചാമതായാണ് കൊച്ചിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 2020 ബെംഗളൂരുവില്‍ ആദ്യം അവതരിപ്പിച്ച ഐക്യൂബ് അടുത്തിടെ പൂനെയിലും എത്തിയിരുന്നു. 

കേരള റോഡ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, ടി.വി.എസ്. മോട്ടോര്‍ കമ്പനി ജോയിന്റ് മാനേജിങ്ങ് ഡയറക്ടര്‍ സുദര്‍ശന്‍ വേണു എന്നിവര്‍ ചേര്‍ന്നാണ് ഈ വാഹനം കേരളത്തില്‍ അവതരിപ്പിച്ചത്. 5000 രൂപ അഡ്വാന്‍സ് തുക നല്‍കി ഈ വാഹനം ഓണ്‍ലൈനായി ബുക്കുചെയ്യാം. 1.23 ലക്ഷം രൂപയാണ് ഐക്യൂബിന്റെ കൊച്ചിയിലെ എക്‌സ്‌ഷോറും വിലയെന്നാണ് റിപ്പോര്‍ട്ട്.  

ഗ്രീന്‍, കണക്ടഡ് വാഹനങ്ങള്‍ നിരത്തുകളില്‍ എത്തിക്കുന്ന പുതുതലമുറ കമ്പനിയായി ടി.വി.എസ്. മാറുകയാണ്. ഇന്ത്യയിലെ യുവാക്കളെ ലക്ഷ്യമാക്കി നിരവധി പുതുതലമുറ ഫീച്ചറുകളുടെ അകമ്പടിയിലാണ് ഈ വാഹനം എത്തിച്ചിട്ടുള്ളത്. ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന്റെ സഹായത്തോടെ വാഹനം ലഭ്യമാക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നും ടി.വി.എസ്. മേധാവി അറിയിച്ചു. 

tvs iQUBE

ന്യൂജനറേഷന്‍ സ്‌കൂട്ടര്‍ എന്ന വിശേഷിപ്പിക്കാവുന്ന ഫീച്ചറുകളുടെ അകമ്പടിയിലാണ് ടി.വി.എസ്. ഐക്യൂബ് നിരത്തുകളില്‍ എത്തിച്ചിരിക്കുന്നത്. സ്മാര്‍ട്ട് എക്‌സോനെക്ട് പ്ലാറ്റ്‌ഫോം വിത്ത് ബ്ലൂടൂത്ത് കണക്ടിവിറ്റി, അഡ്വാന്‍സ്ഡ് ടി.എഫ്.ടി. ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ജിയോ ഫെന്‍സിങ്ങ്, ബാറ്ററി ചാര്‍ജിങ്ങ് സ്റ്റാറ്റസ്, നാവിഗേഷന്‍ ലാസ്റ്റ് പാര്‍ക്ക് ലൊക്കേഷന്‍ തുടങ്ങിയവ നല്‍കുന്ന ഐക്യൂബ് ആപ്പ് തുടങ്ങിയവാണ് ഇതില്‍ നല്‍കിയിരിക്കുന്നത്.

റെഗുലര്‍ സ്‌കൂട്ടറുകള്‍ക്ക് സമാനമായ ഡിസൈനിങ്ങ് ശൈലിയിലാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. ഡ്യുവല്‍ ടോണ്‍ ഫിനീഷിങ്ങിലാണ് ബോഡി, വലിപ്പം കുറഞ്ഞ എല്‍.ഇ.ഡി.ഹെഡ്‌ലാമ്പ്, അലോയി വീലുകള്‍, ഡിസ്‌ക് ബ്രേക്ക്, ഒറ്റ പാനലില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന എല്‍.ഇ.ഡി.ടെയ്ല്‍ ലാമ്പും ടേണ്‍ ഇന്റിക്കേറ്ററും, ഇതിനു മുകളിലായി നല്‍കിയിട്ടുള്ള ചാര്‍ജിങ്ങ് സ്ലോട്ട് എന്നിവ ചേര്‍ന്നതാണ് ഈ വാഹനത്തിന്റെ ഡിസൈനിങ്ങ്. 

കരുത്തിലും പ്രകടനത്തിലും ഒരു 125 സി.സി. സ്‌കൂട്ടറിനോട് കിടപിടിക്കുന്ന മോഡലാണ് ഐക്യൂബ്. 4.4 കിലോവാട്ട് ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് ഈ വാഹനത്തിന്റെ ഹൃദയം. 140 എന്‍.എം.ടോര്‍ക്കാണ് ഇത് ഉത്പാദിപ്പിക്കുന്നത്. മണിക്കൂറില്‍ 78 കിലോമീറ്ററാണ് ഈ സ്‌കൂട്ടറിന്റെ പരമാവധി വേഗത. ഇക്കോ മോഡില്‍ 75 കിലോമീറ്ററും, സ്‌പോര്‍ട്ട് മോഡല്‍ 55 കിലോമീറ്ററുമാണ് റേഞ്ച് നല്‍കുന്നത്. അഞ്ച് മണിക്കൂറില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാം.

Content Highlights: TVS Motor Company launches the “TVS iQube Electric” Scooter with connected technology in Kochi