ന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ടി.വി.എസ്. മോട്ടോര്‍ കമ്പനിയുടെ ഏറ്റവും മികച്ച മോഡലായ അപ്പാച്ചെ ആര്‍.ടി.ആര്‍.160 4വിയുടെ 2021 പതിപ്പ് അവതരിപ്പിച്ചു. ഡ്രം ബ്രേക്ക്, ഡിസ്‌ക് ബ്രേക്ക് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് 1.07 ലക്ഷം രൂപ മുതല്‍ 1.10 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില. റേസിങ്ങ് റെഡ്, നൈറ്റ് ബ്ലാക്ക്, മെറ്റാലിക് ബ്ലൂ എന്നീ മൂന്ന് നിറങ്ങളിലാണ് പുതിയ അപ്പാച്ചെ വിപണിയില്‍ എത്തിയിട്ടുള്ളത്. 

റേസിങ്ങ് വാഹനങ്ങളുടെ തലയെടുപ്പോടെയാണ് പുതിയ അപ്പാച്ചെ ആര്‍.ടി.ആര്‍.160 എത്തിയിട്ടുള്ളത്. പെര്‍ഫോമെന്‍സ് ഇഷ്ടപ്പെടുന്ന ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ഉയര്‍ന്ന ടോര്‍ക്കും പവറും ഈ വാഹനത്തില്‍ വരുത്തിയിട്ടുണ്ട്. ഈ ബൈക്ക് ഉള്‍പ്പെടുന്ന ശ്രേണിയിലെ ഏറ്റവും കരുത്തനാണ് അപ്പാച്ചെ ആര്‍.ടി.ആര്‍.160 എന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 17.63 പി.എസ്. പവറിന്റെ അകമ്പടിയിലാണ് നിര്‍മാതാക്കള്‍ ഈ വാദം ഉയര്‍ത്തുന്നത്. 

38 വര്‍ഷത്തെ റേസിങ്ങ് പാരമ്പര്യത്തില്‍ പിന്‍ബലത്തിലാണ് 2021 ടി.വി.എസ്. അപ്പാച്ചെ ആര്‍.ടി.ആര്‍.160 4വി എത്തിയിട്ടുള്ളതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതുകൊണ്ട് തന്നെ സെഗ്മെന്റിലെ ഏറ്റവും കരുത്ത് ഈ ബൈക്ക് ഉത്പാദിപ്പിക്കുന്നു. ഇതിനുപുറമെ, പുതുതലമുറ സാങ്കേതികവിദ്യയും ചേരുന്നതോടെ റൈഡര്‍മാര്‍ക്ക് നവീന അനുഭവമാണ് ഈ വാഹനം നല്‍കുന്നതെന്ന് ടി.വി.എസ്. പ്രീമിയം മോട്ടോര്‍സൈക്കിള്‍ വിഭാഗം മേധാവി പറഞ്ഞു. 

കൂടുതല്‍ മികച്ച 159.7 സി.സി. സിംഗിള്‍ സിലിണ്ടര്‍ ഓയില്‍ കൂള്‍ഡ് എന്‍ജിനാണ് പുതിയ അപ്പാച്ചെയ്ക്ക് കരുത്തേകുന്നത്. ഇത് 17.63 പി.എസ്. പവറും 14.73 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. അപ്പാച്ചെയുടെ ഡിസ്‌ക് ബ്രേക്ക് വേരിയന്റിന് 147 കിലോഗ്രാം ഭാരവും ഡ്രം ബ്രേക്കിന് 145 കിലോഗ്രാം ഭാരവുമാണുള്ളത്. മുന്‍ മോഡലിനെക്കാള്‍ രണ്ട് കിലോഗ്രാം ഭാരം കുറവാണ് പുതിയതിന്.

കാര്‍ബണ്‍ ഫൈബര്‍ പാറ്റേണോട് കൂടിയ ഡ്യുവല്‍ ടോണ്‍ സീറ്റ്, പുതിയ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ എന്നിവ ഈ ബൈക്കിനെ ഫീച്ചര്‍ സമ്പന്നമാക്കുന്നു. വിദേശ നിരത്തുകളില്‍ എത്തിയിട്ടുള്ള അപ്പാച്ചെയില്‍ ടി.വി.എസിന്റെ സ്മാര്‍ട്ട് ക്‌സോണറ്റ് ബ്ലുടൂത്ത് കണക്ടിവിറ്റി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇത്തവണയും ഈ വാഹനത്തില്‍ ബ്ലുടൂത്ത് കണക്ടിവിറ്റി നല്‍കാതെയാണ് എത്തിയിട്ടുള്ളത്.

Content Highlights: TVS Motor Company launches the 2021 TVS Apache RTR 160 4V