ന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ടി.വി.എസിന്റെ സ്‌കൂട്ടര്‍ നിരയില്‍ സൂപ്പര്‍ ഹിറ്റായി തുടരുന്ന മോഡലാണ് എന്‍ടോര്‍ക്ക് 125. മാര്‍വല്‍ അവഞ്ചേഴ്‌സ് സൂപ്പര്‍ ഹീറോകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് എത്തിയ സ്‌ക്വാഡ് എഡിഷന്‍ മോഡലുകളിലേക്ക് സ്‌പൈഡര്‍ മാന്‍, തോര്‍ ഡിസൈനിലുള്ള സ്‌കൂട്ടറുകളും എത്തിയിരിക്കുകയാണ്. അയേണ്‍ മാന്‍, ബ്ലാക്ക് പാന്തര്‍, ക്യാപ്റ്റന്‍ അമേരിക്ക എന്നിവയാണ് മുമ്പ് സൂപ്പര്‍സ്‌ക്വാഡ് എഡിഷനില്‍ ഉണ്ടായിരുന്നത്. 

ഡിസ്‌നി ഇന്ത്യയുടെ കണ്‍സ്യൂമര്‍ പ്രൊഡക്ടസ് ബിസിനസുമായി സഹകരിച്ചാണ് ടി.വി.എസ്. എന്‍ടോര്‍ക്ക് 125-ന്റെ സൂപ്പര്‍സ്‌ക്വാഡ് എഡിഷന്‍ സ്‌കൂട്ടറുകള്‍ എത്തിച്ചിരിക്കുന്നത്. സ്‌പൈഡര്‍മാന്‍, തോര്‍ എന്നീ കഥാപാത്രങ്ങളുടെ സവിശേഷതകള്‍ സ്‌കൂട്ടറിലെ ഡിസൈനില്‍ നല്‍കിയാണ് പുതിയ സൂപ്പര്‍സ്‌ക്വാഡ് എഡിഷന്‍ എത്തിച്ചിരിക്കുന്നത്. 84,850 രൂപയാണ് സൂപ്പര്‍സ്‌ക്വാഡ് എഡിഷന്‍ എന്‍ടോര്‍ക്ക് സ്‌കൂട്ടറിന്റെ ഡല്‍ഹിയിലെ എക്‌സ്‌ഷോറും വില.

എന്‍ടോര്‍ക്കിന്റെ ഫെന്‍ഡറിലും മുന്നിലേയും വശങ്ങളിലേയും പാനലുകളിലുമാണ് സ്‌പൈഡര്‍മാന്‍, തോര്‍ തീമുകള്‍ നല്‍കിയിട്ടുള്ളത്. മറ്റ് ഡിസൈനുകളും ഫീച്ചറുകളുമെല്ലാം റെഗുലര്‍ എന്‍ടോര്‍ക്ക് സമാനമായാണ് നല്‍കിയിട്ടുള്ളത്. ഇന്ത്യയിലെ ആദ്യ ബ്ലുടൂത്ത് കണക്ടിവിറ്റി സ്‌കൂട്ടറായി അവതരിപ്പിച്ച വാഹനമാണ് ടി.വി.എസ് എന്‍ടോര്‍ക്ക്. ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിയ ഈ വാഹനം ഇപ്പോള്‍ വിദേശ രാജ്യങ്ങളിലും ടി.വി.എസ്. എത്തിക്കുന്നുണ്ട്.

TVS NTorq

എന്‍ടോര്‍ക്കിന്റെ രൂപഭംഗിയും കണക്ടിവിറ്റി സംവിധാനവും മികച്ച പ്രകടനവുമാണ് ഈ സ്‌കൂട്ടറിനെ ആകര്‍ഷകമാക്കുന്നതെന്നാണ് വിലയിരുത്തലുകള്‍. ടി.വി.എസ്. സമാര്‍ട്ട് എക്‌സോണെറ്റ് സിസ്റ്റം, ടി.വി.എസ്. കണക്ട് മൊബൈല്‍ ആപ്പുമായി സ്‌കൂട്ടറിനെ ബന്ധിപ്പിക്കാന്‍ സഹായിക്കുന്ന ബ്ലുടൂത്ത് കണക്ടിവിറ്റി, നാവിഗേഷന്‍ അസിസ്റ്റ്, ഫോണ്‍ ബാറ്ററി ഡിസ്‌പ്ലേ, ലാസ്റ്റ് പാര്‍ക്ക് ലൊക്കേഷന്‍ അസിസ്റ്റ് തുടങ്ങിയ സംവിധാനങ്ങളും ഇതിലുണ്ട്.

റെഗുലര്‍ എന്‍ടോര്‍ക്കിലെ മെക്കാനിക്കല്‍ ഫീച്ചറുകള്‍ തന്നെയാണ് സൂപ്പര്‍സ്‌ക്വാഡ് എഡിഷന്‍ മോഡലുകളിലും നല്‍കിയിട്ടുള്ളത്. 124.79 സിസി സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്ട്രാക്ക് എയര്‍ കൂള്‍ഡ് എന്‍ജിനാണ് എന്‍ടോര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 9.4 പി.എസ് പവറും 10.5 എന്‍.എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. സി.വി.ടിയാണ് ഇതിലെ ഗിയര്‍ബോക്സ്. ടിവിഎസ് എന്‍ടോര്‍ക്ക് 125 സൂപ്പര്‍സ്‌ക്വാഡ് പതിപ്പിന് 85,526 രൂപയാണ് കേരളത്തിലെ എക്‌സ്‌ഷോറൂം വില.

Content Highlights: TVS Motor Company launches Marvel Spider-Man, and Thor inspired TVS NTORQ 125 scooters under the SuperSquad edition