ന്ത്യന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ കടല്‍ കടക്കാനൊരുങ്ങുന്നു. വാഹന ഫിനാന്‍സ് രംഗത്തെ അതികായരായ ടൊറിനോ മോട്ടോഴ്‌സുമായി ചേര്‍ന്ന് മെക്‌സിക്കോയിലേക്കാണ് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്. 

മെക്‌സികോയിലെ ഓട്ടോ ഫിനാന്‍സ് രംഗത്ത് 40 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ടൊറിനോ മോട്ടോഴ്‌സ്. ഇവരുമായി ചേര്‍ന്ന് മെക്‌സിക്കോയില്‍ 40 ടിവിഎസ് ഷോറൂമുകല്‍ തുറക്കാനാണ് കമ്പനി ആലോചിക്കുന്നത്. നിലവില്‍ 60 രാജ്യങ്ങളിലേക്ക് ടിവിഎസ് സ്‌കൂട്ടറുകള്‍ കയറ്റി അയയ്ക്കുന്നുണ്ട്. 

ടൊറിനോ മോട്ടോഴ്‌സിന്റെ പ്രവര്‍ത്തന പാരമ്പര്യം മെക്‌സിക്കന്‍ വിപണിയില്‍ ടിവിഎസിന് മുതല്‍കൂട്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ കൂട്ടുകെട്ടിലൂടെ മെക്‌സിക്കന്‍ വാഹന മേഖലയില്‍ ടിവിഎസിന്റെ സാന്നിധ്യം ശക്തമാക്കുമെന്നും ടിവിഎസ് സീനിയര്‍ വൈസ് പ്രസിഡന്റ് ആര്‍.ദിലീപ് അഭിപ്രായപ്പെട്ടു.

ടിവിഎസ് അപ്പാച്ചെ മേല്‍വിലാസത്തില്‍ പുറത്തിറങ്ങിയ എല്ലാ ബൈക്കുകളും മെക്‌സിക്കന്‍ വിപണിയില്‍ എത്തിക്കുമെന്നാണ് സൂചന. ഇതിന് പുറമെ, എക്‌സ്എല്‍ 100 എച്ച്ഡി, എച്ച്എല്‍എക്‌സ് 150 എന്നീ മോഡലുകളും ഇവിടെ ഇറക്കും.

സ്‌കൂട്ടര്‍ ശ്രേണിയില്‍ ടിവിഎസ് അടുത്തിടെ അവതരിപ്പിച്ച എന്‍ടോര്‍ക്ക് 125ഉം, വീഗോ, റോക്‌സ്, നിയോ എന്നീ സ്‌കൂട്ടറുകളും മെക്‌സിക്കന്‍ വിപണിയില്‍ എത്തിക്കാന്‍ കമ്പനി ആലോചിക്കുന്നുണ്ട്.

Content Highlights: TVS Motor Company Announces Mexico Operations