ന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹനനിര്‍മാതാക്കളായ ടി.വി.എസിന്റെ ജനപ്രിയ സ്‌കൂട്ടര്‍ മോഡലായ എന്‍ടോര്‍ക്ക് 125-ന്റെ സൂപ്പര്‍ സ്‌ക്വാഡ് എഡിഷന്‍ അവതരിപ്പിച്ചു. മാര്‍വലിന്റെ അവഞ്ചേഴ്‌സ് ഗെയിമില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഡിസൈന്‍ ശൈലിയിലാണ് എന്‍ടോര്‍ക്കിന്റെ സൂപ്പര്‍ സ്‌ക്വാഡ് എഡിഷന്‍ ഒരുങ്ങിയിരിക്കുന്നത്. 

മാര്‍വല്‍ സൂപ്പര്‍ ഹീറോകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട കളര്‍ സ്‌കീമും, റേസ് ട്യൂണ്‍ഡ് ഫ്യുവല്‍ ഇന്‍ജക്ഷന്‍ സംവിധാനവും, ബ്ലു ടൂത്ത് കണക്ടിവിറ്റിയുമുള്ള ഈ എന്‍ടോര്‍ക്ക് സൂപ്പര്‍ സ്‌ക്വാഡ് എഡിഷന്‍ ഡിസ്‌നി ഇന്ത്യയുടെ കണ്‍സ്യൂമര്‍ പ്രൊഡക്ട് വിഭാഗവുമായി സഹകരിച്ചാണ് വിപണിയില്‍ എത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 

മാര്‍വല്‍ ഹീറോകളായ അയണ്‍മാന്‍, ബ്ലാക്ക് പാന്തര്‍, ക്യാപ്റ്റന്‍ അമേരിക്ക എന്നീ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി ഇന്‍വിസിബിള്‍ റെഡ്, സ്റ്റെല്‍ത്ത് ബ്ലാക്ക്, കോംബാറ്റ് ബ്ലു എന്നീ നിറങ്ങളിലാണ് സൂപ്പര്‍ സ്‌ക്വാഡ് എഡിഷന്‍ ഒരുങ്ങുന്നത്. ഇതിനൊപ്പം ഈ കഥാപാത്രങ്ങളുടെ പ്രത്യേകതയും ഈ വാഹനത്തില്‍ ആലേഖനം ചെയ്യുന്നുണ്ട്.

ഇന്ത്യയിലെ ആദ്യ ബ്ലുടൂത്ത് കണക്ടിവിറ്റി സ്‌കൂട്ടറായി അവതരിപ്പിച്ച വാഹനമാണ് ടി.വി.എസ് എന്‍ടോര്‍ക്ക്. മികച്ച രൂപഭംഗിയും കാര്യക്ഷമമായ പ്രകടനം കൊണ്ടും ഈ സ്‌കൂട്ടര്‍ ശ്രദ്ധനേടുകയായിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ വര്‍ഷം എന്‍ ടോര്‍ക്കില്‍ റേസ് ട്യൂണ്‍ഡ് ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനവും നല്‍കുകയായിരുന്നു. 

124.79 സിസി സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്ട്രാക്ക് എയര്‍ കൂള്‍ഡ് എന്‍ജിനാണ് എന്‍ടോര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 9.4 പി.എസ് പവറും 10.5 എന്‍.എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. സി.വി.ടിയാണ് ഇതിലെ ഗിയര്‍ബോക്‌സ്. ടിവിഎസ് എന്‍ടോര്‍ക്ക് 125 സൂപ്പര്‍സ്‌ക്വാഡ് പതിപ്പിന് 85,526 രൂപയാണ് കേരളത്തിലെ എക്സ്ഷോറൂം വില.

Content Highlights: TVS Launches NTORQ 125 SuperSquad Edition inspired by Marvel’s Avengers