110 സിസി എന്‍ജിനില്‍ മാര്‍ക്കറ്റ് ലീഡറായ ഹോണ്ട ആക്ടീവ ഒന്നാം സ്ഥാനത്ത് തുടരുമ്പോഴും മികച്ച എതിരാളിയായി ഉയര്‍ന്ന വില്‍പന സ്വന്തമാക്കാറുള്ള ടിവിഎസ് ജൂപിറ്റര്‍ എന്‍ജിന്‍ കരുത്ത് കൂട്ടി പുതിയ രൂപത്തില്‍ എത്തുന്നു. ഹോണ്ടയുടെ തന്നെ ആക്ടീവ 125, സുസുക്കി ആക്‌സസ് 125 എന്നിവ അടക്കിഭരിക്കുന്ന 125 സിസി നിരയിലേക്കാണ് പുതിയ ജൂപിറ്റര്‍ എത്തുകയെന്നാണ് സൂചന. ചില ഓട്ടോവെബ്‌സൈറ്റുകാരുടെ കണ്ണുകളില്‍ ജൂപിറ്റര്‍ 125 ടെസ്റ്റ് റൈഡിങ് ചിത്രങ്ങളും പതിഞ്ഞുകഴിഞ്ഞു. 

വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല. ലഭ്യമായ സൂചനകള്‍ പ്രകാരം രൂപത്തില്‍ ന്യൂജെന്‍ ജൂപിറ്ററിന് റഗുലര്‍ മോഡലില്‍ നിന്ന് വലിയ മാറ്റമില്ല. 125 സിസി സിംഗിള്‍ സിലിണ്ടര്‍ ഫ്യുവല്‍ ഇഞ്ചക്ഷന്‍ എന്‍ജിനിലാകും പുതിയ ജൂപിറ്റര്‍ നിരത്തിലെത്തുക. വിപണിയിലേക്കുള്ള എന്‍ട്രി അടുത്ത വര്‍ഷത്തോടെ നടക്കും. നിലവില്‍ 8 ബിഎച്ച്പി പവറും 8 എന്‍എം ടോര്‍ക്കുമേകുന്ന 109.7 സിസി സിംഗിള്‍ സിലിണ്ടര്‍ കര്‍ബറേറ്റഡ് എന്‍ജിനാണ് ജൂപിറ്ററിന് കരുത്തേകുന്നത്. 

പെട്രോള്‍-ഡീസല്‍ എന്‍ജിനുകളോട് ഗുഡ് ബൈ പറഞ്ഞ്‌ 2030-ഓടെ രാജ്യം പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുമാറ്റാനൊരുങ്ങുന്ന സാഹചര്യം കണക്കിലെടുത്ത് ജൂപിറ്ററിന്റെ അടിസ്ഥാനത്തില്‍ ടിവിഎസ് ഇലക്ട്രിക് സ്‌കൂട്ടറിനുള്ള പണിപ്പുരയിലാണെന്നും അഭ്യൂഹമുണ്ട്. രാജ്യത്തെ മുന്‍നിര ഇരുചക്ര വാഹനനിര്‍മാതാക്കളായ ബജാജ്, മഹീന്ദ്ര കമ്പനികളും ഇലക്ട്രിക് സ്‌കൂട്ടര്‍/ബൈക്ക്‌ എത്രയും വേഗം യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിലാണ്.