രാജ്യത്തെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് നിരയിലെ ജൂപിറ്റര്‍ സ്‌കൂട്ടറിന്റെ വില്‍പ്പന 20 ലക്ഷം യൂണിറ്റ് പിന്നിട്ടു. വിപണിയിലെത്തി വെറും നാല് വര്‍ഷംകൊണ്ടാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചതെന്ന് ടിവിഎസ് മര്‍ക്കറ്റിങ് വിഭാഗം വൈസ് പ്രസിഡന്റ് അനിരുദ്ധ ഹല്‍ദാര്‍ വ്യക്തമാക്കി. നിലവില്‍ ആക്ടീവയ്ക്ക് തൊട്ടുപിന്നില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള രണ്ടാമത്തെ സ്‌കൂട്ടറാണ് ജൂപിറ്റര്‍. ഏറ്റവും വേഗത്തില്‍ 10 ലക്ഷം യൂണിറ്റ് പിന്നിടുന്ന ആദ്യ സ്‌കൂട്ടര്‍ എന്ന നേട്ടം നേരത്ത 2016-ല്‍ ജൂപിറ്റര്‍ സ്വന്തമാക്കിയിരുന്നു. വിപണിയിലെത്തി 30 മാസം തികയുമ്പോഴായിരുന്നു ഈ നേട്ടം. 

ജൂപിറ്റര്‍, ജൂപിറ്റര്‍ ZX, ജൂപിറ്റര്‍ ZX ഡിസ്‌ക്, ജൂപിറ്റര്‍ ക്ലാസിക് എഡിഷന്‍ എന്നീ നാല് വകഭേദങ്ങളില്‍ ജൂപിറ്റര്‍ വിപണിയിലുണ്ട്. ഇതില്‍ സ്‌പെഷ്യല്‍ പതിപ്പായ ക്ലാസിക് എഡിഷന്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് കമ്പനി പുറത്തിറക്കിയത്. സണ്‍ലിറ്റ് ഐവറി നിറത്തില്‍ വിന്‍ഡ്ഷീല്‍ഡ്, ക്രോം മിറര്‍, ഡ്യുവല്‍ ടോണ്‍ സീറ്റ്, യുഎസ്ബി ചാര്‍ജര്‍, പില്ല്യന്‍ കുഷ്യന്‍ ബാക്ക്‌റെസ്റ്റ് എന്നീ പ്രത്യേകതകളോടെയാണ് ക്ലാസിക് എഡിഷന്‍ എത്തിയത്. 110 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് ജൂപിറ്ററിന് കരുത്തേകുന്നത്. 7500 ആര്‍പിഎമ്മില്‍ 7.8 ബിഎച്ച്പി പവറും 5500 ആര്‍പിഎമ്മില്‍ 8 എന്‍എം ടോര്‍ക്കുന്നതാണ് ഈ എന്‍ജിന്‍.