ന്ത്യന്‍ നിരത്തുകളിലേക്ക് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഒന്നിനുപുറകെ ഒന്നായി എത്തിക്കൊണ്ടിരിക്കുകയാണ്. ഹീറോ, ബജാജ്, ആര്‍തര്‍ തുടങ്ങിയ വാഹനനിര്‍മാതാക്കള്‍ക്ക് പിന്നാലെ ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹനനിര്‍മാതാക്കളായ ടിവിഎസിന്റെയും ഒരു ഇലക്ട്രിക് കരുത്തന്‍ നിരത്തിലെത്തിയിരിക്കുകയാണ്.

ടിവിഎസ് ഐ ക്യൂബ് എന്ന പേരിലാണ് ടിവിഎസിന്റെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 75 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 78 കിലോമീറ്ററാണ്. 4.2 സെക്കന്‍ഡില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കും.

4.4 കിലോവാട്ട് ബാറ്ററിയാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. എക്കണോമി, പവര്‍ എന്നീ രണ്ട് ഡ്രൈവിങ്ങ് മോഡുകളാണ് ഈ സ്‌കൂട്ടര്‍ നല്‍കുന്നത്. റീജറേറ്റീവ് ബ്രേക്കിങ്ങ്, നോണ്‍ റിമൂവബിള്‍ ബാറ്ററി എന്നിവ ഈ സ്‌കൂട്ടറിന്റെ പ്രത്യേകതയാണ്. വെള്ള നിറത്തില്‍ മാത്രമാണ് ഐ ക്യൂബ് പുറത്തിറക്കിയിട്ടുള്ളത്. 

ടിവിഎസിന്റെ എക്‌സോണെറ്റ് ടിഎഫ്ടി ക്ലെസ്റ്ററാണ് ഐ ക്യൂബില്‍ നല്‍കിയിരിക്കുന്നത്. ഇതില്‍ പാര്‍ക്കിങ് അസിസ്റ്റന്‍സ്, ബാറ്ററി ചാര്‍ജ് സ്റ്റാറ്റസ്, സ്മാര്‍ട്ട് റൈഡ് സ്റ്റാറ്റിസ്റ്റിക്‌സ്, ജിയോ ഫെന്‍സിങ് തുടങ്ങിയ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 

സ്മാര്‍ട്ട് ലുക്കാണ് ഐ ക്യൂബിന്റെ മറ്റൊരു ഹൈലൈറ്റ്. എല്‍ഇഡി ഹെഡ്‌ലൈറ്റും ടെയ്ല്‍ലൈറ്റും, യു ആകൃതിയിലുള്ള ഡിആര്‍എല്‍, മോട്ടോറിന്റെ ഭാഗത്തായി നല്‍കിയിട്ടുള്ള തിളക്കമുള്ള ലോഗോ എന്നി കാഴ്ചയില്‍ മികവ് നല്‍കുന്നു. 12 ഇഞ്ചാണ് ടയര്‍. മുന്നില്‍ ഡിസ്‌കും ബ്രേക്കും നല്‍കുന്നുണ്ട്.

ആര്‍തര്‍ 450, 450 എക്‌സ് എന്നീ ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഐ ക്യൂബിന്റെ പ്രധാന എതിരാളികള്‍. 1.15 ലക്ഷം രൂപയാണ് ഈ സ്‌കൂട്ടറിന്റെ ബെംഗളൂരുവിലെ എക്‌സ്‌ഷോറൂം വില. 5,000 രൂപ നല്‍കി വെബ്‌സൈറ്റ് വഴിയും ഡീലര്‍ഷിപ്പ് വഴിയും വാഹനം ബുക്ക് ചെയ്യാം.

Content Highlight: TVS IQube Electric Scooter Launched In India