കോവിഡ്-19 മഹാമാരിയില്‍ നിന്ന് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനൊരുങ്ങി ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ടി.വി.എസ്. ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സൗജന്യമായി കോവിഡ് വാക്‌സിന്‍ നല്‍കുമെന്നാണ് ടി.വി.എസ്. പ്രഖ്യാപിച്ചിരിക്കുന്നത്. 

നേരിട്ടും അല്ലാതെയും ടി.വി.എസിന്റെ ജീവനക്കാരായുള്ള 35,000 ആളുകള്‍ക്കായാണ് കോവിഡ് വാക്‌സിന്‍ നല്‍കുന്നത്. വാക്‌സിന്‍ വിതരണത്തിന്റെ ആദ്യഘട്ടമായി 45-നും 60-നും ഇടയില്‍ പ്രായമുള്ള കമ്പനിയുടെ ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമാണ് വാക്‌സിന്‍ ന്ല്‍കുകയെന്നാണ് ടി.വി.എസ്. അറിയിച്ചിരിക്കുന്നത്. 

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ജീവനക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ആരോഗ്യവും സംരക്ഷണവും ഉറപ്പാക്കുന്നതിനായി നിരവധി നടപടികളാണ് ടി.വി.എസ്. സ്വീകരിച്ചിരുന്നത്. അടിയന്തര സഹായം ലഭ്യമാക്കുന്നതിന് ആപ്പ് ലഭ്യമാക്കുകയും ഡോക്ടര്‍ ഓണ്‍-കോള്‍ സര്‍വീസ് ഒരുക്കുകയും ചെയ്തിരുന്നു. 

കൊറോണ വൈറസ് വ്യാപനത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനായി 30 കോടി രൂപയുടെ സഹായമാണ് ടി.വി.എസ്. പ്രഖ്യാപിച്ചിരുന്നത്. ടിവിഎസ് മോട്ടോര്‍ കമ്പനിയുടെയും സുന്ദരം ക്ലേടോണ്‍ ലിമിറ്റഡിന്റെ സാമൂഹിക സേവന വിഭാഗമായ ശ്രീനിവാസന്‍ സര്‍വീസ് ട്രസ്റ്റാണ് പണം നല്‍കിയത്. 

ധനസഹായത്തിന് പുറമെ, തമിഴ്നാട്ടിലെ ഹൊസൂര്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍, കൃഷ്ണഗിരി, മൈസൂരു എന്നിവടങ്ങളില്‍ അണിനാശിനി തളിക്കുന്നതിനായി 10 ട്രാക്ടറുകള്‍ ടിവിഎസ് വിട്ടുനല്‍കിയിരുന്നു. ഇതിനൊപ്പം ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ടിവിഎസിന്റെ മേല്‍നോട്ടത്തില്‍ 10 ലക്ഷം മാസ്‌കുകളും നല്‍കിയിരുന്നു.

Content Highlights: TVS Give Covid Vaccine For All Employees And Their Families