ന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളില്‍ കരുത്തന്‍ സാന്നിധ്യമാകാന്‍ ടി.വി.എസ്. നിര്‍മിച്ച ഇലക്ട്രിക് മോഡലായ ഐ-ക്യൂബ് ഇനി പൂണെ നഗരത്തിലും ഓടി തുടങ്ങും. ബെംഗളൂരു, ഡല്‍ഹി എന്നീ നഗരങ്ങള്‍ക്ക് പിന്നാലെ ടി.വി.എസ്. ഐക്യൂബ് എത്തുന്ന മൂന്നാമത്തെ നഗരമാണ് പൂണെ. 1.11 ലക്ഷം രൂപയാണ് പൂണെയിലെ ഈ വാഹനത്തിന്റെ എക്‌സ്‌ഷോറും വില. 5000 രൂപ അഡ്വാന്‍സ് തുക ഈടാക്കി ഈ വാഹനത്തിന്റെ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്.

2020-ല്‍ ബെംഗളൂരുവിലാണ് ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ ആദ്യം അവതരിപ്പിക്കുന്നത്. തുടര്‍ന്ന് 2021-ന്റെ തുടക്കത്തില്‍ ഡല്‍ഹി സര്‍ക്കാരിന്റെ ഇലക്ട്രിക് വാഹനനയം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ വാഹനം ഡല്‍ഹിയില്‍ അവതരിപ്പിച്ചത്. വരും മാസങ്ങളില്‍ ഇന്ത്യയിലെ 20 നഗരങ്ങളില്‍ കൂടി ഈ വാഹനം വില്‍പ്പനയ്ക്ക് എത്തിക്കാനാണ് ടി.വി.എസ്. പദ്ധതി ഒരുക്കുന്നത്. ബജാജിന്റെ ഇലക്ട്രിക് ചേതക്, ആഥര്‍ 450X എന്നിവയാണ് ഐക്യൂബിന്റെ എതിരാളികള്‍.

ന്യൂജനറേഷന്‍ സ്‌കൂട്ടര്‍ എന്ന വിശേഷിപ്പിക്കാവുന്ന ഫീച്ചറുകളുടെ അകമ്പടിയിലാണ് ടി.വി.എസ്. ഐക്യൂബ് നിരത്തുകളില്‍ എത്തിച്ചിരിക്കുന്നത്. സ്മാര്‍ട്ട് എക്സോനെക്ട് പ്ലാറ്റ്ഫോം വിത്ത് ബ്ലൂടൂത്ത് കണക്ടിവിറ്റി, അഡ്വാന്‍സ്ഡ് ടി.എഫ്.ടി. ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ജിയോ ഫെന്‍സിങ്ങ്, ബാറ്ററി ചാര്‍ജിങ്ങ് സ്റ്റാറ്റസ്, നാവിഗേഷന്‍ ലാസ്റ്റ് പാര്‍ക്ക് ലൊക്കേഷന്‍ തുടങ്ങിയവ നല്‍കുന്ന ഐക്യൂബ് ആപ്പ് തുടങ്ങിയവാണ് ഇതില്‍ നല്‍കിയിരിക്കുന്നത്.

റെഗുലര്‍ സ്‌കൂട്ടറുകള്‍ക്ക് സമാനമായ ഡിസൈനിങ്ങ് ശൈലിയിലാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. ഡ്യുവല്‍ ടോണ്‍ ഫിനീഷിങ്ങിലാണ് ബോഡി, വലിപ്പം കുറഞ്ഞ എല്‍.ഇ.ഡി.ഹെഡ്ലാമ്പ്, അലോയി വീലുകള്‍, ഡിസ്‌ക് ബ്രേക്ക്, ഒറ്റ പാനലില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന എല്‍.ഇ.ഡി.ടെയ്ല്‍ ലാമ്പും ടേണ്‍ ഇന്റിക്കേറ്ററും, ഇതിനു മുകളിലായി നല്‍കിയിട്ടുള്ള ചാര്‍ജിങ്ങ് സ്ലോട്ട് എന്നിവ ചേര്‍ന്നതാണ് ഈ വാഹനത്തിന്റെ ഡിസൈനിങ്ങ്. 

കരുത്തിലും പ്രകടനത്തിലും ഒരു 125 സി.സി. സ്‌കൂട്ടറിനോട് കിടപിടിക്കുന്ന മോഡലാണ് ഐക്യൂബ്. 4.4 കിലോവാട്ട് ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് ഈ വാഹനത്തിന്റെ ഹൃദയം. 140 എന്‍.എം.ടോര്‍ക്കാണ് ഇത് ഉത്പാദിപ്പിക്കുന്നത്. മണിക്കൂറില്‍ 78 കിലോമീറ്ററാണ് ഈ സ്‌കൂട്ടറിന്റെ പരമാവധി വേഗത. ഇക്കോ മോഡില്‍ 75 കിലോമീറ്ററും, സ്പോര്‍ട്ട് മോഡല്‍ 55 കിലോമീറ്ററുമാണ് റേഞ്ച് നല്‍കുന്നത്. അഞ്ച് മണിക്കൂറില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാം.

Content Highlights: TVS Electric Scooter IQube Launched In Pune, Planning To Expand In 20 Cities