രാജ്യത്തെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുറപ്പിക്കുകയാണ്. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് ആദ്യ ഇലക്ട്രിക് മോഡല്‍ അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കി കഴിഞ്ഞു. എന്നാല്‍ ഏത് മോഡലാണ് ഇലക്ട്രിക്കായി എത്തുകയെന്ന് ടിവിഎസ് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ക്രിയോണ്‍ ഇ-സ്‌കൂട്ടറിന്റെ അടിസ്ഥാനത്തിലുള്ള മോഡലായിരിക്കും കമ്പനിയുടെ ആദ്യ ഇലക്ട്രിക് മോഡലെന്നാണ് സൂചന. 

CREON ELECTRIC SCOOTERഒരു പെര്‍ഫോമെന്‍സ് സ്‌കൂട്ടറായിരുന്നു ക്രിയോണ്‍ കണ്‍സെപ്റ്റ്. പ്രൊഡക്ഷന്‍ വകഭേദത്തിലേക്ക് മാറുമ്പോഴും ഈ മുഖച്ഛായ നിലനിര്‍ത്തിയേക്കും. സാങ്കേതിക രംഗത്തെ അതികായരായ ഇന്റലാണ് ക്രിയോണിന് വേണ്ടിയുള്ള സ്മാര്‍ട്ട് കണക്ടിവിറ്റി സൗകര്യങ്ങള്‍ വികസിപ്പിച്ചത്. സാധാരണ വൈദ്യുത സ്‌കൂട്ടറുകള്‍ക്ക് കാണുന്ന രൂപമല്ല ക്രിയോണിന്. കരുത്തും സൗന്ദര്യവും ഒരുപോലെ സമം ചേര്‍ത്താണ് നിര്‍മാണം. വെള്ളയും ചുവപ്പുമെല്ലാം കലര്‍ന്ന് ആരുടേയും കണ്ണിലുടക്കുന്ന ഡിസൈന്‍. ചുവപ്പിലുള്ള നാല് ഫ്ളോട്ടിംഗ് പാനലുകളാണ്‌ മുന്‍ഭാഗം. താഴ്ന്ന പാനലുകളില്‍ സ്‌കൂട്ടറിന്റെ പേരുണ്ട്. 

പിന്‍ഭാഗം സ്പോര്‍ട്സ് ബൈക്കുകളെയാണ് ഓര്‍മിപ്പിക്കുക. ചെറിയ സീറ്റും നീളം കുറഞ്ഞ വാല്‍ഭാഗവും ക്രിയോണിന് ചന്തം പകരും. ആപ്പ് മുഖേന സ്മാര്‍ട്ട് ഫോണുമായി വാഹനത്തെ ബന്ധിപ്പിക്കാം.  ക്ലൗഡ് കണക്ടിവിറ്റി, മൂന്ന് റൈഡിംഗ് മോഡുകള്‍, റീജനറേറ്റീവ് ബ്രേക്കിംഗ്, പാര്‍ക്ക് അസിസ്റ്റ് സേഫ്റ്റി, ആന്റിതെഫ്റ്റ്, ജിപിഎസ് നാവിഗേഷന്‍, ജിയോഫെന്‍സിംഗ് എന്നിങ്ങനെ സാങ്കേതികത നീളുന്നു. 

ബ്രേക്ക് രണ്ടും ഡിസ്‌ക്കാണ്. സിംഗിള്‍ ചാനല്‍ എബിഎസ് സുരക്ഷയും വാഹനത്തിലുണ്ടാകും. നൂറു കിലോമീറ്റര്‍ വേഗതയെത്താന്‍ വെറും 5.1 സെക്കന്‍ഡുകള്‍ മതി. 12 കിലോവാട്ട് ഉത്പാദിപ്പിക്കുന്ന മൂന്ന് ലിഥിയം അയോണ്‍ ബാറ്ററികളിലാണ് ഇതിന്റെ ഹൃദയം. ഒറ്റചാര്‍ജ്ജില്‍ 80 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാനും കഴിയും. ഒരു മണിക്കൂര്‍ കൊണ്ടു ക്രിയോണിലെ ബാറ്ററി 80 ശതമാനത്തോളം ചാര്‍ജ്ജ് ചെയ്യാനാകുമെന്നും കമ്പനി അവകാശപ്പെടുന്നു. 

Content Highlights; TVS Creon, Creon Electric Scooter, Creon