കരുത്തിന്റെ പര്യായമായ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സിന്റെ 2016 ത്രക്‌സ്റ്റണ്‍ ആര്‍ കഫെ റേസര്‍ ഇന്ത്യയിലെത്തി. പോര്‍ച്ചുഗലില്‍ വിജയകരമായി പരീക്ഷിച്ചശേഷമാണ് ബൈക്ക് ഇന്ത്യന്‍ വിപണിയില്‍ ഇറക്കിയത്. ഇതോടെ ബോണിവില്ലി റേഞ്ച് ബൈക്കുകള്‍ പൂര്‍ണമായി ട്രയംഫ് ഇന്ത്യയില്‍ അവതരിപ്പിച്ചുകഴിഞ്ഞു. സ്ട്രീറ്റ് ട്വിന്നും ബോണിവില്ലെ ടി 120യും ഇപ്പോള്‍ തന്നെ ഇന്ത്യന്‍ നിരത്തുകളില്‍ ഓടുന്നുണ്ട്.

1200 സി.സി. എഞ്ചിന്‍ കരുത്തുളള ത്രക്‌സ്റ്റണ്‍ ആറിന്റെ ന്യൂഡല്‍ഹിയിലെ എക്‌സ് ഷോറൂം വില പന്ത്രണ്ടര ലക്ഷം രൂപയാണ്. 96 ബി.എച്ച്.പി.യാണ് ആറ് സ്പീഡ് എഞ്ചിന്റെ ശേഷി. 4950 ആര്‍.പി.എമ്മില്‍ 112 എന്‍.എം. ആണ് ടോര്‍ക്ക്.
21 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്. രൂപകല്‍പ്പനയില്‍ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. സ്വര്‍ണനിറത്തിലാണ് സസ്‌പെന്‍ഷന്‍. ഹെഡ്‌ലൈറ്റിന് പുതിയ രൂപമാണ്. എല്‍.ഇ.ഡി. ടെയ്ല്‍ലൈറ്റിനും ഇന്‍സ്ട്രുമെന്റല്‍ പാനലില്‍ ത്രി ഡി ഡ്യുയല്‍ ലൈറ്റുമുണ്ട്.

റെയിന്‍, റോഡ്, സ്‌പോര്‍ട് എന്നിങ്ങിനെ മൂന്ന് തരത്തില്‍ ഓടിക്കാവുന്ന സംവിധാനമുണ്ട് ബൈക്കില്‍. മാറ്റാവുന്ന എ.ബി.എസും ട്രാക്ഷന്‍ കണ്‍ട്രോളും ടോര്‍ക്ക് അസിസ്റ്റ് ക്ലച്ച്, ലിക്യുഡ് കൂളിങ് എന്നിവയാണ് മറ്റ് സവിശേഷതകള്‍.